ഉദ്യോഗസ്ഥർക്കും അന്തേവാസികൾക്കും ‘പ്രിയ’പ്പെട്ടവൾ

കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട് ജില്ലാ ജയിലിൽ നിറയെ കായ്ക്കുന്ന മുന്തിരിത്തോട്ടമുണ്ട്. ഈ മുന്തിരിത്തോപ്പിന്റെ മധുരത്തിന് പിറകിൽ പ്രിയ എന്ന ഉദ്യോഗസ്ഥയുടെ വലിയ ശ്രമദാനമുണ്ട്. മുന്തിരിത്തോപ്പിൽ മാത്രമല്ല. ജയിൽവളപ്പിൽ നിറയെ പച്ചക്കറിക്കൃഷി പടർന്നുപന്തലിച്ചത് പ്രിയയടക്കമുള്ളവരുടെ ശ്രമഫലം തന്നെ. പ്രിയ ഡ്യൂട്ടിയിലുണ്ടെങ്കിൽ കൃഷി പരിപാലനത്തെക്കുറിച്ച് ആശങ്ക വേണ്ടെന്ന് അന്ന് കാഞ്ഞങ്ങാട് ജില്ലാ ജയിൽ സൂപ്രണ്ടും ഇന്ന് കണ്ണൂർ സെൻട്രൽ ജയിൽ സൂപ്രണ്ടുമായ കെ. വേണു പറയുന്നു.
കണ്ണൂർ വനിതാ ജയിൽ അസിസ്റ്റന്റ് സൂപ്രണ്ട് ഇ.കെ. പ്രിയയുടെ വേർപാട് താങ്ങാനാകുന്നില്ല സഹപ്രവർത്തകർക്ക്. വനിതാ ജയിലിലെ ജീവനക്കാർക്ക് മാത്രമല്ല, ഇവർ ജോലിചെയ്ത ഇടങ്ങളിലുള്ള മുഴുവൻ സഹപ്രവർത്തകരും സാമൂഹികമാധ്യമങ്ങളിലും മറ്റും ആ സ്‌നേഹം പങ്കുവയ്ക്കുന്നു. കൃഷിപരിപാലനം, പേപ്പർപേന നിർമാണം, നെറ്റിപ്പട്ട നിർമാണം തുടങ്ങി ജില്ലാ ജയിലിലെ അന്തേവാസികൾ സജീവമായ പ്രവർത്തനങ്ങൾക്കെല്ലാം ചുക്കാൻ പിടിച്ചു പ്രിയ. അന്തേവാസികളുടെ സങ്കടം കാണാനും അവരുടെ വേദനയെ അറിയാനും പ്രിയ ശ്രമിച്ചു.
തളിപ്പറമ്പ് രാജരാജേശ്വര ക്ഷേത്രത്തിനടുത്തെ ഇ.കെ. പരമേശ്വരൻ നമ്പൂതിരിയുടെ മൂത്തമകളാണ് പ്രിയ. 14 വർഷമായി ജയിൽ ഉദ്യോഗസ്ഥയായി സേവനമനുഷ്ഠിക്കുന്നു. 2010 -ൽ കോഴിക്കോട് ജയിലിലാണ് ആദ്യ നിയമനം. പിന്നീട് ഹൊസ്ദുർഗ് ജയിലിലേക്ക് സ്ഥലം മാറ്റമായി. അസിസ്റ്റന്റ് പ്രിസൺ ഓഫീസർ തസ്തികയിൽ നിന്നു സ്ഥാനക്കയറ്റം ലഭിച്ച് തിരുവനന്തപുരം അട്ടകുളങ്ങര വനിതാ ജയിലിലേക്ക് സ്ഥലം മാറി. അവിടെനിന്ന് കാഞ്ഞങ്ങാട് ജില്ലാ ജയിലിലുമെത്തി. ഒരുവർഷം മുൻപ് അസിസ്റ്റന്റ് സൂപ്രണ്ടായി സ്ഥാനക്കയറ്റം ലഭിച്ച് കണ്ണൂർ വനിതാ ജയിലേക്കു മാറി. രണ്ടു തവണ ജയിൽ ഡി.ജി.പി.യുടെ ഗുഡ് സർവീസ് ബഹുമതി ലഭിച്ചു.
ഒരാഴ്ച മുൻപ് പനി പിടിപെട്ടതാണ്. പനിക്കൊപ്പം മഞ്ഞപ്പിത്തം ഉണ്ടായതറിഞ്ഞില്ല. പനി കുറഞ്ഞതോടെ ബുധനാഴ്ച വീണ്ടും ഡ്യൂട്ടിക്കെത്തി. ജോലി ചെയ്യവേ കുഴഞ്ഞുവീണു. ഉടൻ കണ്ണൂരിലെ സ്വകാര്യ ആസ്പത്രിയിലെത്തിച്ചു. വൈകുന്നേരത്തോടെ ക്ഷീണം കുറഞ്ഞു. എന്നാൽ സ്വദേശമായ നീലേശ്വരത്തെ ആസ്പത്രിയിലേക്കു മാറ്റാമെന്ന തീരുമാനത്തിൽ ആംബുലൻസിൽ യാത്രയായി. പയ്യന്നൂരെത്തിയപ്പോൾ രോഗം മൂർച്ഛിച്ചു. അവിടെ സ്വകാര്യ ആസ്പത്രിയിൽ കാണിച്ചെങ്കിലും ഉടൻ കണ്ണൂർ ഗവ. മെഡിക്കൽ കോളേജ് ആസ്‌പത്രിയിലേക്കു മാറ്റാനാണ് ഡോക്ടർമാർ നിർദേശിച്ചത്. മഞ്ഞപ്പിത്തം മൂർച്ഛിച്ചതാണ് പ്രശ്‌നമായതെന്ന് ഡോക്ടർമാർ പറയുന്നു.