കൊച്ചി: പൊതുസ്ഥലത്തിരുന്ന് ആഞ്ഞുവലിക്കുന്നതിന് ഇപ്പോൾ പണ്ടത്തെ ആവേശമില്ല. ഓരോ വർഷവും പോലീസ് രജിസ്റ്റർ ചെയ്ത കേസുകളുടെ എണ്ണത്തിൽ നിന്നുതന്നെ ഇത് വ്യക്തം. കോവിഡ് വ്യാപകമായ 2020 മാറ്റി നിർത്തിയാൽ 2016 മുതലുള്ള കണക്ക് പ്രകാരം പൊതുസ്ഥലത്ത് പുകവലിച്ചതിന് പോലീസ് രജിസ്റ്റർ ചെയ്ത കേസുകളുടെ എണ്ണം ഓരോ വർഷവും കുറയുകയാണ്. പൊതുസ്ഥലത്ത് പുകവലിച്ചാൽ സിഗരറ്റ് ആൻഡ് അതർ ടുബാക്കോ പ്രോഡക്ട് ആക്ട് (സി.ഒ.ടി.പി.എ.) വകുപ്പ് നാല് പ്രകാരമാണ് കേസെടുക്കുന്നത്. ഈ നിയമപ്രകാരം 2,000 രൂപ വരെ ഇപ്പോൾ പിഴ ഈടാക്കാം. എന്നാൽ, സംസ്ഥാനത്തിപ്പോഴും 200 രൂപയേ പിഴ ഈടാക്കുന്നുള്ളൂ.
നേരത്തേ ഇന്ത്യൻ ശിക്ഷാ നിയമം വകുപ്പ് 290 പ്രകാരമായിരുന്നു പുകവലിക്കുന്നതിനും കേസെടുത്തിരുന്നത്. പൊതുശല്യമാകുന്നതിനെതിരേ ചുമത്തുന്ന വകുപ്പാണിത്. 200 രൂപയായിരുന്നു പിഴ. ഭാരതീയ ന്യായ സംഹിതയിൽ വകുപ്പ് 292-ലാണ് ഇതിനെ കുറിച്ച് പറയുന്നത്. പുതിയ നിയമത്തിൽ 1,000 രൂപ വരെ പിഴ ഈടാക്കാം. പൊതുസ്ഥലത്ത് സിഗരറ്റ് വലിക്കുന്നത് നിരോധിക്കുന്ന കേന്ദ്ര നിയമം 2013-ലാണ് വരുന്നത്. അതോടെയാണ് ഈ നിയമപ്രകാരം കേസെടുത്തു തുടങ്ങിയത്.
പൊതുസ്ഥലങ്ങളിൽ വാശിയോടെ വലിച്ചുതള്ളിയ വിഷപ്പുകയ്ക്ക് അറുതി വരുത്തിയത് 1999-ലെ കേരള ഹൈക്കോടതിയുടെ സുപ്രധാന ഉത്തരവാണ്. ജൂലായ് 12-ന് ആ ഉത്തരവിന് കാൽനൂറ്റാണ്ടാകും.‘‘പുകവലിക്കുന്നവർ സ്വന്തം ശവക്കുഴി കുഴിക്കുക മാത്രമല്ല, പുകവലിക്കാത്തവരുടെ ജീവനും കൂടിയാണ് അപകടത്തിലാക്കുന്നത്. ഭരണഘടന ഉറപ്പുനൽകുന്ന ജീവിക്കാനുള്ള അവകാശത്തെയാണ് അത് ലംഘിക്കുന്നത്’’ – പൊതുസ്ഥലത്ത് പുകവലി നിരോധിച്ച ഉത്തരവിലെ വാക്കുകളാണിത്. ആക്ടിങ് ചീഫ് ജസ്റ്റിസായിരുന്ന എ.ആർ. ലക്ഷ്മണനും ജസ്റ്റിസ് കെ. നാരായണക്കുറുപ്പും അടങ്ങിയ ഡിവിഷൻ ബെഞ്ചിന്റേതായിരുന്നു ഉത്തരവ്. കോട്ടയം ബി.സി.എം. കോളേജിൽ പ്രൊഫസർ ആയിരുന്ന മോനമ്മ കോക്കാടും കോഴിക്കോട് രാമനാട്ടുകര സ്വദേശി കെ. രാമകൃഷ്ണനും ആയിരുന്നു പുകവലി നിരോധിക്കണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ചത്.
വിലക്കറിയാതെ അതിഥിത്തൊഴിലാളികൾ
അതിഥിത്തൊഴിലാളികൾ പൊതുസ്ഥലത്ത് പുകവലിക്കുന്ന രീതി തുടരുന്നുണ്ടെന്നാണ് അവരുടെയിടയിൽ പ്രവർത്തിക്കുന്ന എൻ.ജി.ഒ.യുടെ പ്രവർത്തകർ പറയുന്നത്. വിലക്കിനെക്കുറിച്ചുള്ള അറിവില്ലായ്മയടക്കം കാരണമാണ്. എറണാകുളം ജില്ലയിലെ അയൽസംസ്ഥാന തൊഴിലാളികൾക്കിടയിൽ നടത്തിയ പഠനത്തിൽ 39 ശതമാനം പേർ പുകവലിക്കുന്നുണ്ടെന്നാണ് കണ്ടെത്തിയത് – പഠനം നടത്തിയ സെന്റർ ഫോർ മൈഗ്രേഷൻ ആൻഡ് ഇൻക്ലൂസീവ് ഡിവലപ്മെന്റ് (സി.എം.ഐ.ഡി.) എന്ന എൻ.ജി.ഒ.യുടെ എക്സിക്യുട്ടീവ് ഡയറക്ടർ ഡോ. ബിനോയ് പീറ്റർ പറഞ്ഞു.
മെഡിക്കൽ ജേർണലുകൾ വായിക്കുന്നത് കരുത്തായി
അഭിഭാഷകനും ജഡ്ജിയുമൊക്കെ ആയിരുന്നപ്പോഴും ബ്രിട്ടീഷ് മെഡിക്കൽ ജേർണലുകളടക്കം പതിവായി വായിക്കുമായിരുന്നു. അത് സമ്മാനിച്ച അറിവാണ് പുകവലി നിരോധിക്കുന്ന ഉത്തരവ് എഴുതാൻ കരുത്തായത്.
ജസ്റ്റിസ് കെ. നാരായണക്കുറുപ്പ്
ശുദ്ധവായു ജനങ്ങളുടെ അവകാശം
28 വർഷം പതിവായി എറണാകുളത്തുനിന്ന് കോട്ടയത്തേക്ക് ട്രെയിൻ യാത്ര നടത്തി. എല്ലാ കംപാർട്ട്മെന്റിലും പുകവലിക്കാരുണ്ടായിരുന്നു. ബുദ്ധിമുട്ട് ചൂണ്ടിക്കാട്ടിയപ്പോൾ പുകവലി അവകാശമാണെന്നായിരുന്നു മറുപടി. ശുദ്ധവായു ഞങ്ങളുടെ അവകാശമാണെന്ന് പറഞ്ഞെങ്കിലും കേട്ടില്ല. അതിൽനിന്നു തുടങ്ങിയ ചിന്തയാണ് 1998-ൽ പുകവലി നിരോധിക്കണമെന്നാവശ്യപ്പെട്ട് ഹർജി ഫയൽ ചെയ്യാൻ കാരണമായത്.
മോനമ്മ കോക്കാട്, റിട്ട. ഇംഗ്ലീഷ് പ്രൊഫസർ
ബി.സി.എം. കോളേജ്, കോട്ടയം