നടാൽ നാണാറത്ത് പുതിയപാലം അതിവേഗത്തിൽ

എടക്കാട്: നടാലിലെ നാണാറത്ത് പുതിയ പാലത്തിന്റെ നിർമാണം അതിവേഗതയിൽ പുരോഗമിക്കുന്നു. വ്യാഴാഴ്ച വൈകീട്ടോടെ സ്ലാബിന്റെ കോൺക്രീറ്റ് പണികൾ പൂർത്തിയാക്കി. വർഷങ്ങളായി അപകടനിലയിലായിരുന്ന പഴയ നാണാറത്ത് പാലം മൂന്ന് മാസങ്ങൾക്ക് മുമ്പാണ് പൊളിച്ചു നീക്കി പുതിയ പാലത്തിന്റെ നിർമാണം ആരംഭിച്ചത്. 35 മീറ്റർ നീളത്തിലും 11.5 മീറ്റർ വീതിയിലുമാണ് പുതിയ പാലം പണിയുന്നത്. മൂന്നരക്കോടി രൂപ ചിലവിൽ പണിയുന്ന പാലത്തിന്റെ നിർമാണച്ചുമതല രാംദേവ് കൺട്രക്ഷൻ കമ്പനിക്കാണ്. 2024 ഡിസംബർ അവസാനത്തോടെ പൂർത്തിയാകുന്ന വിതത്തിലാണ് കരാർ ഏറ്റെടുത്തിരിക്കുന്നത്.
പാലം പണി പൂർത്തിയാവുന്നതോടെ വൻ ഗതാഗത സംവിധാനമാണ് നിലവിൽ ഉണ്ടാവുക. കണ്ണൂർ തോട്ടട ഏഴര മുനമ്പ് വഴി പോകുന്നതും തലശ്ശേരി എടക്കാട് മുനമ്പ് ഏഴര വഴി കടന്നു പോകുന്ന വാഹനങ്ങൾക്കും ഇത് വഴി ദേശീയ പാതയിലേക്ക് വരാനും പോകാനും എളുപ്പമാകും. മുമ്പുണ്ടായിരുന്ന പാലത്തിലൂടെ ചെറുവാഹനങ്ങൾക്ക് മാത്രമേ കടന്നു പോകാൻ സാധിച്ചിരുന്നുള്ളൂ. പാലം നിർമാണം നടക്കുന്നതിനാൽ തൊട്ടടുത്ത് തന്നെ സമാന്തര റോഡ് നിർമിച്ച് കൊണ്ടാണ് താൽക്കാലിക യാത്ര സംവിധാനം ഒരുക്കിയത്. പുതിയ പാലം യാഥാർഥ്യമാകുന്നതോടെ വലിയ വാഹനങ്ങൾക്ക് യഥേഷ്ടം കടന്നു പോകുവാനും ആളുകൾക്ക് നടന്ന് പോകാൻ ഇരുവശത്തും ഫുട്പാത്തും സംവിധാനിക്കുന്ന രീതിയിലാണ് നിർമാണം പുരോഗമിക്കുന്നത്.