ആകാശ് തില്ലങ്കേരി ഓടിച്ച ജീപ്പ് അടിമുടി വ്യാജന്‍; വാഹനം പൊളിച്ചുകളയാന്‍ എം.വി.ഡി. നിര്‍ദേശം

Share our post

പനമരം:ശുഹൈബ് വധക്കേസ് പ്രതി ആകാശ് തില്ലങ്കേരി പനമരം ടൗണിലൂടെ നിയമലംഘനം നടത്തി ഓടിച്ച വാഹനം അടിമുടി വ്യാജനെന്ന് മോട്ടോര്‍വാഹനവകുപ്പ്. വാഹനത്തിന്റെ എന്‍ജിന്‍, ബ്രേക്കിങ് സിസ്റ്റം, ഗിയര്‍ ബോക്‌സ് തുടങ്ങി ടയര്‍വരെ മാറ്റിസ്ഥാപിച്ചതാണ്. പനമരം പോലീസ് കസ്റ്റഡിയിലുള്ള വാഹനത്തിന്റെ രജിസ്‌ട്രേഷന്‍ റദ്ദാക്കി, വാഹനം പൊളിച്ചുകളയാന്‍ എന്‍ഫോഴ്‌സ്‌മെന്റ് ആര്‍.ടി.ഒ. കെ.ആര്‍. സുരേഷ് മലപ്പുറം ആര്‍.ടി.ഒ.യ്ക്ക് ശുപാര്‍ശനല്‍കി. ആര്‍.സി. പ്രകാരം മഹീന്ദ്രയുടെ 2002 മോഡല്‍ ജീപ്പായിരുന്നു ഇത്. കരസേനയ്ക്കുവേണ്ടി ഓടിയിരുന്ന വാഹനം 2017-ല്‍ ലേലംചെയ്യുകയായിരുന്നു. 2017-ല്‍ വാഹനം പഞ്ചാബില്‍ രജിസ്റ്റര്‍ചെയ്തിട്ടുണ്ട്. 2018-ല്‍ മലപ്പുറത്ത് റീ രജിസ്റ്റര്‍ ചെയ്തു.

മലപ്പുറം മൊറയൂര്‍ സ്വദേശി സുലൈമാന്റെ പേരിലാണ് വാഹനം ഇപ്പോഴുള്ളത്. ആകാശ് തില്ലങ്കേരിയോടൊപ്പം മുന്‍സീറ്റിലിരുന്ന് സഞ്ചരിച്ച പനമരം മാത്തൂര്‍ സ്വദേശി പുളിക്കലകത്ത് ഷൈജല്‍ (28) വ്യാഴാഴ്ച പുലര്‍ച്ചെ പോലീസ് സ്റ്റേഷനില്‍ വാഹനം ഹാജരാക്കുകയായിരുന്നു. കസ്റ്റഡിയിലെടുത്ത വാഹനം പോലീസ് മോട്ടോര്‍വാഹനവകുപ്പിന് കൈമാറി. സംഭവസമയത്ത് ഉപയോഗിച്ച ടയര്‍ ഊരിമാറ്റിയശേഷമാണ് വാഹനം ഹാജരാക്കിയത്. വാഹനം രൂപമാറ്റം വരുത്താനായി ഉപയോഗിച്ച നാല് ടയറും കൂളിവയലിലെ ഷൈജലിന്റെ ബന്ധുവീട്ടില്‍നിന്ന് കണ്ടെടുത്തു. ഇവ ചാക്കിട്ട് മൂടിയനിലയിലായിരുന്നു. മോട്ടോര്‍വാഹനവകുപ്പിന്റെ നിര്‍ദേശപ്രകാരമാണ് പനമരം പോലീസ് സ്റ്റേഷന്‍ ഇന്‍സ്പെക്ടര്‍ വി. സിജിത്തിന്റെ നേതൃത്വത്തില്‍ വാഹനം കസ്റ്റഡിയിലെടുത്തത്. അതേസമയം, ജീപ്പിന്റെ പിന്‍സീറ്റിലിരുന്നു യാത്രചെയ്തയാളെക്കുറിച്ച് പോലീസിന് വിവരം ലഭിച്ചിട്ടില്ല.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!