വടകരയിൽ സീബ്രാ ലൈനില്‍ വിദ്യാര്‍ഥിനികളെ ബസിടിച്ച സംഭവം; ഡ്രൈവറുടെ ലൈസന്‍സ് ആജീവനാന്തം റദ്ദാക്കി

Share our post

വടകര: സീബ്രാ ലൈനിലൂടെ റോഡ് മുറിച്ചു കടക്കുകയായിരുന്ന വിദ്യാര്‍ഥിനികളെ ബസിടിച്ച് പരിക്കേറ്റ സംഭവത്തില്‍ ഡ്രൈവറുടെ ലൈസന്‍സ് മോട്ടോര്‍ വാഹന വകുപ്പ് റദ്ദാക്കി. വടകര ബീച്ചിലെ വണ്ണാറത്ത് വീട്ടില്‍ മുഹമ്മദ് ഫുറൈസ് ഖിലാബിന്റെ ലൈസന്‍സാണ് റദ്ദാക്കിയത്. മടപ്പള്ളി ഗവ. കോളേജ് സ്റ്റോപ്പില്‍ സീബ്ര വരയിലൂടെ റോഡ് മുറിച്ചുകടക്കുകയായിരുന്ന വിദ്യാര്‍ഥിനികള്‍ക്കായിരുന്നു ബസ്സിടിച്ച് പരിക്കേറ്റത്. സംഭവത്തില്‍ വടകര ആര്‍.ടി.ഒ സഹദേവന്‍ ഡ്രൈവറെ വിളിപ്പിച്ച് ഹിയറിങ് നടത്തിയിരുന്നു. ഇതിനുശേഷമാണ് ഡ്രൈവറുടെ എല്ലാ ഡ്രൈവിങ് ലൈസന്‍സുകളും റദ്ദാക്കിയത്. ആജീവനാന്ത കാലത്തേക്കാണ് നടപടി. കണ്ണൂരില്‍നിന്ന് കോഴിക്കോട് ഭാഗത്തേക്ക് പോകുകയായിരുന്ന അയ്യപ്പന്‍ എന്ന ബസ്സാണ് വിദ്യാര്‍ഥികളെ ഇടിച്ചത്.

പരിക്കേറ്റ ശ്രേയ (19), ദേവിക (19), ഹൃദ്യ (19) എന്നിവരെ വടകരയിലെ സ്വകാര്യാസ്പത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. വിദ്യാര്‍ഥികള്‍ കൂട്ടമായി റോഡ് മുറിച്ച് കടക്കുകയായിരുന്നു. ആദ്യപകുതി കഴിഞ്ഞപ്പോള്‍ കണ്ണൂര്‍ ഭാഗത്തുനിന്ന് ഒരു ലോറി വേഗതയില്‍ കടന്നുപോയി. തുടര്‍ന്ന് തൊട്ടുപിന്നിലെത്തിയ ബസ് ഇവരെ ഇടിച്ചിടുകയായിരുന്നു. ബസ് ചോമ്പാല പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!