പോലീസ് വാഹനമിടിച്ച് നട്ടെല്ലിന് പരിക്ക്; കൈയൊഴിഞ്ഞ് പോലീസ്, ദുരിതക്കിടക്കയിൽ യുവതി

ചെറുതുരുത്തി: പോലീസ് വാഹനമിടിച്ച് നട്ടെല്ലിന് പരിക്കേറ്റ യുവതി മാസങ്ങളായി ദുരിതക്കിടക്കയിൽ. പൈങ്കുളം തേറുങ്ങാട്ടിൽ വീട്ടിൽ രജനി(41)യാണ് ബുദ്ധിമുട്ടിലായത്. മേയ് പതിനൊന്നിനായിരുന്നു അപകടം. രജനിയും സുഹൃത്ത് സുജയും, സുജയുടെ സ്‌കൂട്ടറിൽ കുളപ്പുള്ളിയിലേക്ക് പോയതായിരുന്നു. റോഡിന്റെ വലതുവശത്തെ റോഡിലേക്ക് തിരിയുന്നതിനിടെ കുളപ്പുള്ളി ഭാഗത്തുനിന്നെത്തിയ പോലീസ് ജീപ്പ് സ്‌കൂട്ടറിന് പിന്നിലിടിച്ചു. സ്കൂട്ടറിനു പിന്നിലിരുന്ന രജനിക്ക് റോഡിലേക്ക് തെറിച്ചുവീണാണ് പരിക്കേറ്റത്. ഒൻപതു തുന്നലുകളിട്ടു. നട്ടെല്ലിനു പൊട്ടലുമുണ്ടായി. ജീപ്പിൽ പാലക്കാട് ഒറ്റപ്പാലത്തെ സി.ഐ.യും യൂണിഫോമില്ലാത്ത ആളുമാണ് ഉണ്ടായിരുന്നതെന്ന് പറയുന്നു. യൂണിഫോമില്ലാത്തയാളാണ് വണ്ടി ഓടിച്ചിരുന്നത്. ഇവർക്ക് വാണിയംകുളത്തെ സ്വകാര്യ ആസ്പത്രിയിൽ ചികിത്സ നൽകി. പോലീസ് ഉദ്യോഗസ്ഥർത്തന്നെ ചികിത്സച്ചെലവു മുഴുവൻ വഹിക്കാമെന്നും കേസൊന്നും വേണ്ടെന്നും പറഞ്ഞിരുന്നു. മൂന്നാംദിവസം ആസ്പത്രി വിട്ടു. 23,000 രൂപയായിരുന്നു ആശുപത്രി ബില്ല്. കൈയിൽ പണമില്ലെന്നും പോലീസ് ഉദ്യോഗസ്ഥർ തരുമെന്നും പറഞ്ഞ് ഇവർ പോന്നു.
കുറച്ചുദിവസം കഴിഞ്ഞ് ആസ്പത്രിയിൽ നിന്ന് ബില്ലടയ്ക്കാൻ പറഞ്ഞ് ഫോൺവിളി വന്നു. പോലീസുമായി ബന്ധപ്പെട്ടപ്പോൾ മുഴുവൻ പണം നൽകാമെന്നു പറഞ്ഞതിൽനിന്ന് അവർ പിന്മാറി. ചർച്ചകൾക്കുശേഷം പകുതി പണം മാത്രം പോലീസ് നൽകി. ബാക്കി തുക രജനി അടയ്ക്കേണ്ടിവന്നു. നട്ടെല്ലിന്റെ ക്ഷതംമൂലം കിടന്ന കിടപ്പിലാണ് രജനി ഇപ്പോൾ. ആറുമാസമെങ്കിലും വലിയ ജോലികളൊന്നും ചെയ്യരുതെന്നാണ് ഡോക്ടർമാർ പറയുന്നത്. ഇതിനിടെ സ്കൂട്ടർ ഓടിച്ചിരുന്ന സുജയുടെ പേരിൽ പോലീസ് കേസെടുത്തു. രജനി ഷൊർണൂർ പോലീസിലും മറ്റും പരാതി നൽകിയെങ്കിലും തുടർനടപടിയുണ്ടായില്ല. സാക്ഷികളെ ഭീഷണിപ്പെടുത്തിയെന്നും പറയുന്നു. രജനിയുടെ ഭർത്താവ് രാജഗോപാൽ കൂലിപ്പണിക്കാരനാണ്. രണ്ട് മക്കളുമുണ്ട്. ചികിത്സച്ചെലവുകൾക്കായും ഏറെ ബുദ്ധിമുട്ടിലാണ്. വാഹനാപകട ഇൻഷുറൻസ് തുകയെങ്കിലും കിട്ടിയിരുന്നെങ്കിൽ വലിയ സഹായമായേനെയെന്ന് ഇവർ പറയുന്നു. മുഖ്യമന്ത്രിക്കും മറ്റും പരാതി നൽകി കാത്തിരിക്കുകയാണിവർ. ഇടിച്ചത് ഒറ്റപ്പാലം സി.ഐ. സഞ്ചരിച്ച വാഹനം.