‘നേരറിയാൻ’ എ.ഐ ; കുറ്റവാളികളെ കണ്ടെത്താൻ എ.ഐ ടൂളുകൾ

കൊച്ചി: കുറ്റകൃത്യങ്ങൾ തെളിയിക്കാൻ അന്വേഷണ ഏജൻസികളെ സഹായിക്കുന്ന എ.ഐ.യെ പരിചയപ്പെടുത്തുകയാണ് ഐ.ബി.എം. ജെൻ എ.ഐ കോൺക്ലേവിലാണ് ഐ.ബി.എമ്മിന്റെ ക്ലൗഡ് അധിഷ്‌ഠിത സയന്റിഫിക് ഡാറ്റാ പ്ലാറ്റ്‌ഫോം വാട്‌സൺഎക്‌സ് ഇക്കാര്യം പരിചയപ്പെടുത്തിയത്. കുറ്റകൃത്യങ്ങളുടെ രീതിവച്ച് കുറ്റവാളികളെ കണ്ടെത്താൻ ഭാവിയിൽ എ.ഐ ടൂളുകൾക്ക് സാധിക്കുമെന്ന് വാട്‌സൺഎക്‌സ് ജീവനക്കാർ പറയുന്നു. ഈ ആശയം വൈകാതെ എ.ഐ ടൂളാക്കി മാറ്റാനുള്ള തയ്യാറെടുപ്പിലാണ് വാട്‌സൺഎക്‌സ്.
പൊലീസ്, സി.ബി.ഐ, എൻ.ഐ.എ, റോ അടക്കമുള്ള അന്വേഷണ ഏജൻസികൾക്കാണ് സംവിധാനം പ്രയോജനപ്പെടുക. കുറ്റവാളികളുടെ വിവരങ്ങൾ, എഫ്.ഐ.ആറുകൾ, രാജ്യത്തെ കുറ്റകൃത്യങ്ങൾ, അവയുടെ രീതി എന്നിവയെല്ലാം അടിസ്ഥാനപ്പെടുത്തിയാണ് കുറ്റവാളിയിലേക്ക് എ.ഐ എത്തുക. കുറ്റവാളികളുടെ ചിത്രം വ്യക്തതയുള്ളതാക്കാനും എ.ഐയ്‌ക്ക് കഴിയും. സിസിടിവിയിൽനിന്ന് ലഭിക്കുന്ന ചിത്രങ്ങളടക്കം വ്യക്തതയുള്ളതാക്കാം. സംശയം തോന്നുന്ന കാറിന്റെ നമ്പർ, ഉപയോഗിച്ച ആയുധങ്ങൾ, കുറ്റകൃത്യം നടന്ന സമയത്തുണ്ടായിരുന്ന മറ്റ് വസ്‌തുക്കൾ എന്നിവയുടേതടക്കമുള്ള വ്യക്തതയുള്ള ചിത്രങ്ങൾ എ.ഐവഴി ലഭിക്കുമെന്നും വാട്‌സൺഎക്‌സ് ഉറപ്പുതരുന്നു.