അവർ പ്രാപ്‌തരാണ്, നമ്മുടെ സ്വപ്‌നം കെട്ടിപ്പടുക്കാൻ

വീടെന്നത് ഓരുപാടാളുകളുടെ സ്വപ്‌നമാണ്. സ്വന്തം വീടിന് അടിത്തറയിടുന്നതും ഭിത്തികെട്ടിക്കേറുന്നതും മേൽക്കൂര കെട്ടുന്നതും വാർക്കുന്നതുമെല്ലാം ആത്മസംതൃപ്‌തിയോടെ നോക്കിക്കാണുന്നവരാണ് മിക്കവരും. ആ സ്വപ്നത്തിന്റെ ചുക്കാൻ പിടിക്കാൻ ഇനി വനിതകളും എത്തുകയാണ്.
നമ്മുടെ നാട്ടിൽ പൊതുവേ പുരുഷന്മാരുടെ തൊഴിൽമേഖലയായി അറിയപ്പെടുന്നിടമാണ് നിർമാണമേഖല. ഇതുവരെ നിർമാണമേഖലയിൽ സഹായികൾ മാത്രമായിരുന്ന സ്‌ത്രീകൾ ഇനി മേസ്‌തിരിമാരായികൂടി എത്തുന്നു. സംസ്ഥാന സർക്കാർ തൊഴിൽ വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന ചവറ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇൻഫ്രാസ്ട്രക്ചർ ആൻഡ് കൺസ്ട്രക്‌ഷനിൽ(ഐഐഐസി) നിന്ന് ആദ്യവനിതാസംഘം പരിശീലനം പൂർത്തിയാക്കിയിറങ്ങി. 15 വനിതകൾക്കാണ് ദേശീയ നൈപുണ്യവികസന കോർപറേഷന്റെ അംഗീകൃത മേസൺ സർട്ടിഫിക്കറ്റ് ലഭിച്ചിരിക്കുന്നത്.
‘ സാധാരണക്കാരായവരുടെ വീടുകളിൽ നിന്നാണ് തങ്ങൾ വരുന്നത്. സ്വന്തം കാലിൽ നിൽക്കാനുള്ള ഊർജവും ആത്മവിശ്വാസവും നേടി. സിമന്റ് കൂട്ടൽ, മണൽ, പാറ, കല്ലുകൾ, കമ്പികൾ എന്നുവേണ്ട നിർമാണ മേഖലയ്ക്ക് ആവശ്യമായ സാധനങ്ങൾ തലയിൽ ചുമന്നും ചാന്ത്കൂട്ടിയും ഭിത്തിതേച്ചും ഓരോ പണികളും പഠിച്ചു. വെല്ലുവിളികളോടെയാണ് പരിശീലന കാലയളവ് പൂർത്തിയാക്കിയത്. ഇവർ ഇത് പൂർത്തീകരിക്കില്ലെന്ന് കളിയാക്കിയവരുണ്ട്. എന്നാൽ, അംഗീകൃത മേസൺ സർട്ടിഫിക്കറ്റ് ലഭിച്ചപ്പോൾ അഭിമാനാവും ആത്മവിശ്വാസവും വാനോളം ഉയർന്നുവെന്ന് 15 അംഗസംഘത്തിലുള്ള ജുബൈരിയത്തും ഷൈലജയും കൃഷ്ണപ്രിയയും ഒരേ സ്വരത്തിൽ പറയുന്നു.
മുഖത്തല, ഇളമ്പള്ളൂർ പഞ്ചായത്തിൽ നിന്നുള്ള കുടുംശ്രീ അംഗങ്ങളാണ് പതിനഞ്ചുപേരും. റൂറൽ മേസൺ ലെവൽ നാല് പരിശീലനം ലഭിച്ച സംഘം 420ചതുരശ്ര അടിയിലുള്ള നാല് വീടുകൾ വെറും 45 ദിവസം കൊണ്ടാണ് പൂർത്തീയാക്കിയത്. മൂന്നെണ്ണം നെടുമ്പന പഞ്ചായത്തിലും ഒരെണ്ണം ഇളമ്പള്ളൂർ പഞ്ചായത്തിലുമാണ്. 20 പേരടങ്ങിയ കൽപ്പണിക്കാരുടെ സംഘത്തിലും 15 വനിതകളാണ് ഉണ്ടായിരുന്നത്. ഇതോടൊപ്പം ദേശീയ നൈപുണ്യ വികസന കോർപറേഷൻ പരീക്ഷയും സംഘം എഴുതി വിജയിച്ചു. സ്വന്തമായി കരാറെടുത്ത് നിർമാണപ്രവൃത്തി ഏറ്റെടുക്കാൻ പ്രാപ്‌തരാണെന്ന് തെളിയിച്ചുകൊണ്ടാണ് 15പേരും പരിശീലനം പൂർത്തിയാക്കിയിറങ്ങുന്നത്.