പ്രീമിയം കൂട്ടി: ടേം ഇന്‍ഷുറന്‍സിന് പത്ത് ശതമാനം വരെ ചെലവേറും

വന്‍കിട ലൈഫ് ഇന്‍ഷുറന്‍സ് കമ്പനികള്‍ ടേം ഇന്‍ഷുറന്‍സ് പോളിസികളുടെ പ്രീമിയം 10 ശതമാനം വരെ കൂട്ടി. സ്വകാര്യ മേഖലയിലെ രണ്ടാമത്തെ വലിയ ഇന്‍ഷുറന്‍സ് കമ്പനിയായ എച്ച്ഡിഎഫ്‌സി ലൈഫ് പത്ത്ശതമാനത്തോളം വര്‍ധനവാണ് വരുത്തിയത്. പ്രധാനമായും 60 വയസ്സിന് മുകളിലുള്ളവര്‍ക്കാണ് പ്രധാനമായും വര്‍ധന ബാധകമാകുക. വ്യത്യസ്ത പ്രായക്കാര്‍ക്ക് മാക്‌സ് ലൈഫ് ഇന്‍ഷുറന്‍സ് ഒരു ശതമാനം മുതല്‍ ആറ് ശതമാനംവരെയാണ് വര്‍ധന പ്രഖ്യാപിച്ചത്. മൊത്തം ടേം ഇന്‍ഷുറന്‍സ് പോളിസികളില്‍ മാക്‌സ് ലൈഫിന്റെ വിഹിതം ഒമ്പത് ശതമാനമാണ്. എച്ച്ഡിഎഫ്‌സിയുടെ വിഹിതമാകട്ടെ അഞ്ച് ശതമാനവും.
ബജാജ് അലയന്‍സ്, ടാറ്റ എ.ഐ.എ ലൈഫ് ഇന്‍ഷുറന്‍സ് എന്നിവയും നിരക്ക് കൂട്ടിയിട്ടുണ്ട്. ബജാജ് അലയന്‍സിന്റെ വര്‍ധന ഒന്നു മുതല്‍ അഞ്ച് ശതമാനംവരെയാണ്. ടാറ്റ എ.ഐ.എ മൂന്നു മുതല്‍ 10 ശതമാനംവരെയും നിരക്ക് കൂട്ടി. ഐ.സി.ഐ.സി.ഐ പ്രൂഡന്‍ഷ്യല്‍ ഉള്‍പ്പടെയുള്ള കമ്പനികളും പ്രീമിയം നിരക്കില്‍ വൈകാതെ വര്‍ധന വരുത്തിയേക്കും. ഐ.സി.ഐ.സി.ഐ മൂന്നു മുതല്‍ അഞ്ച് ശതമാനംവരെ കൂട്ടിയേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. അതേസമയം, എസ്ബിഐ ലൈഫും എല്‍.ഐ.സിയും പ്രീമിയം നിരക്കില്‍ വര്‍ധിപ്പിക്കാന്‍ തത്ക്കാലം ഉദ്ദേശിക്കുന്നില്ലെന്ന് വ്യക്തമാക്കിയിട്ടുണ്ട്. പണപ്പെരുപ്പം, റീഇന്‍ഷുറന്‍സ് ചെലവിലെ വര്‍ധന തുടങ്ങിയവ പരിഗണിച്ചാണ് പ്രീമിയം നിരക്ക് വര്‍ധിപ്പിക്കാന്‍ തീരുമാനിച്ചത്. ടിയര്‍ രണ്ട്, ടിയര്‍ മൂന്ന് നഗരങ്ങളില്‍ ടേം ഇന്‍ഷുറന്‍സ് എടുക്കുന്നവരുടെ എണ്ണത്തിലെ വര്‍ധനവും കാരണമായി പറയുന്നു.