ലൈഫ് കളറാകും; അഞ്ചുവർഷത്തിനിടെ എല്ലാവർക്കും വീട്

തിരുവനന്തപുരം : അഞ്ചുവർഷത്തിനിടെ എല്ലാവർക്കും വീടെന്ന സ്വപ്‌നം സാക്ഷാത്‌കരിക്കാനുള്ള നടപടികളുമായി സർക്കാർ മുന്നോട്ട്. 5,78,025 വീടുകളാണ് ലൈഫ് പദ്ധതിയിൽ അനുവദിച്ചത്. ഇതിൽ 4,04,529 എണ്ണം പൂർത്തിയായി. 2,87,893 വീടുകൾ നിർമിക്കാനുള്ള മുഴുവൻ തുകയും നൽകിയത് സംസ്ഥാന സർക്കാരാണ്. ലൈഫ് പദ്ധതിക്കായി 14,692.4 കോടി രൂപയാണ് ഇതിനകം സംസ്ഥാനം ചെലവഴിച്ചത്. ഈ ഇനത്തിൽ കേന്ദ്രവിഹിതം 1,489.2 കോടി മാത്രമാണ്. ഇപ്രകാരം നിർമിക്കുന്ന വീടുകൾക്ക് കേന്ദ്ര ബ്രാൻഡിങ് ഏർപ്പെടുത്താനാണ് ശ്രമം. ഇതംഗീകരിക്കാൻ കഴിയില്ലെന്ന് സർക്കാർ ഇതിനകം വ്യക്തമാക്കിയിട്ടുണ്ട്.
ലൈഫ് പദ്ധതിയിലൂടെ അഞ്ചുലക്ഷം വീടുകൾ പൂർത്തീകരിക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നത്. ഇതിനാവശ്യമായ തുക അനുവദിക്കുന്നതിനുള്ള നടപടികൾ സ്വീകരിച്ചുവരികയാണ്. പുനർഗേഹം പദ്ധതിയുടെ നടത്തിപ്പിൽ ഗണ്യമായ പുരോഗതി കൈവരിക്കാനും ലക്ഷ്യമിടുന്നുണ്ട്.