ഷാജിയുടെ ‘ഈറ്റില്ല’ത്തില്‍ വിരിഞ്ഞിറങ്ങി.. രാജവെമ്പാലയുടെ 16 കുഞ്ഞുങ്ങള്‍

കണ്ണൂര്‍: കുളിരുറങ്ങുന്ന ഉള്‍ക്കാടുകളില്‍ മാത്രം നടക്കുന്ന പിറവിക്ക് സാക്ഷ്യംവഹിച്ച സന്തോഷത്തിലാണ് തളിപ്പറമ്പ് ബക്കളം മീത്തല്‍ വീട്. പാമ്പുകളിലെ രാജാവായ രാജവെമ്പാലയുടെ 16 കുഞ്ഞുങ്ങളാണ് വീട്ടിലൊരുക്കിയ കൃത്രിമ ഈറ്റില്ലത്തില്‍ വിരിഞ്ഞിറങ്ങിയത്. വനംവകുപ്പ് വാച്ചറും വന്യജീവി സംരക്ഷണ സംഘടനയായ മാര്‍ക്കിന്റെ സജീവ അംഗവും അംഗീകൃത പാമ്പ് സംരക്ഷകനുമായ മീത്തല്‍ ഷാജിയാണ് വീട്ടില്‍ രാജവെമ്പാലയുടെ മുട്ടകള്‍ വിരിയിച്ചത്.
ഒരുപക്ഷേ, നശിച്ചുപോകുമായിരുന്ന മുട്ടകളിലെ ജീവന്റെ തുടിപ്പ് പ്രകൃതിക്ക് തിരിച്ചുനല്‍കിയതിന്റെ സന്തോഷത്തിലാണ് ഷാജി. കുടിയാന്‍മല കനകക്കുന്നിലെ ലോനപ്പന്റെ കൊക്കോ തോട്ടത്തില്‍നിന്ന് കിട്ടിയ മുപ്പത് മുട്ടകള്‍ വനം വകുപ്പ് അധികാരികളുടെ നിര്‍ദേശാനുസരണം ഷാജി വീട്ടിലെത്തിച്ച് സൂക്ഷിക്കുകയായിരുന്നു. കരുവന്‍ചാല്‍ സെക്ഷന്‍ ഫോറസ്റ്റര്‍ കെ. മധുവിന്റെ നിര്‍ദേശാനുസരണം ഏപ്രില്‍ 20-ന് തോട്ടത്തിലെത്തിയതായിരുന്നു ഷാജി.
ആളുകളെകണ്ട് രാജവെമ്പാല മറഞ്ഞു. പാമ്പ് കിടന്ന ഇലക്കൂന പരിശോധിച്ചപ്പോഴാണ് മുട്ടകള്‍ കിട്ടിയത്. മുട്ടകള്‍ അവിടെ സൂക്ഷിക്കാന്‍ ശ്രമിച്ചെങ്കിലും നാട്ടുകാരും സ്ഥലമുടമയും എതിര്‍പ്പുയര്‍ത്തി. അതോടെയാണ് അവ സുരക്ഷിതമായി വിരിയിച്ചെടുക്കാനുള്ള ഉത്തരവാദിത്വം ഷാജിയിലെത്തിയത്. 90 മുതല്‍ 110 ദിവസംവരെ എടുത്താണ് പാമ്പിന്‍മുട്ടകള്‍ വിരിയുക. ഷാജിയുടെ വീട്ടിലെത്തിച്ച് എണ്‍പതാം ദിവസമാണ് മുട്ടകള്‍ വിരിഞ്ഞത്.
വിരിഞ്ഞിറങ്ങിയ കുഞ്ഞുങ്ങളെ പഴയ അക്വേറിയത്തിന്റെ ചില്ലുകൂട്ടിലേക്ക് മാറ്റി. മുട്ടകള്‍ വിരിയുമെന്ന് പ്രതീക്ഷ ഇല്ലായിരുന്നുവെന്ന് ഷാജി പറഞ്ഞു. അവ കിടന്ന സ്ഥലത്തെ ഇലകളും കൂടിനു താഴെ ഐസ് വെച്ച് തണുപ്പിച്ചതുകൊണ്ടുമാകാം പകുതിയെങ്കിലും വിരിഞ്ഞതെന്നും അദ്ദേഹം പറഞ്ഞു. 24 മുതല്‍ 28 ഡിഗ്രി സെല്‍ഷ്യസ് വരെയുള്ള അന്തരീക്ഷ താപനിലയും 55 ശതമാനം മുതല്‍ 90 ശതമാനം വരെയുള്ള ഈര്‍പ്പവുമാണിത് വിരിയാന്‍ വേണ്ടത്.
പാമ്പുകളുമായുള്ള 13 വര്‍ഷത്തെ സഹവാസത്തിനിടയില്‍ അപൂര്‍വമായ പിറവിക്ക് തണലൊരുക്കാനായതിന്റെ സന്തോഷം അദ്ദേഹവും കുടുംബവും മറച്ചുവെക്കുന്നില്ല. നേരത്തേയും മുട്ടകള്‍ അതാതിടത്ത് സംരക്ഷിച്ച് വനം വകുപ്പ് വിരിയിച്ചിട്ടുണ്ടെങ്കിലും ആദ്യമായാണ് വീട്ടില്‍ വിരിയിക്കുന്നതെന്ന് തളിപ്പറമ്പ് റെയ്ഞ്ച് ഓഫീസര്‍ പി. രതീശന്‍ പറഞ്ഞു. കുഞ്ഞ് രാജവെമ്പാലകള്‍ക്കും വലിയവയുടെ അത്രതന്നെ വിഷമുള്ളവയാണെന്ന് വന്യജീവി ഗവേഷകന്‍ ഡോ. റോഷ്നാഥ് രമേഷ് പറഞ്ഞു. ഒരാഴ്ചയ്ക്കുശേഷം പാമ്പിന്‍കുഞ്ഞുങ്ങളെ ഉള്‍ക്കാട്ടില്‍ വിടാനാണ് അധികൃതരുടെ പദ്ധതി.