മലയാളമറിയണ്ട, അടിച്ച് കേറി പോ..; പുതിയ ‘നമ്പറു’മായി കെ.എസ്.ആര്‍.ടി.സി

Share our post

കേരളത്തിലെത്തുന്ന ഇതരസംസ്ഥാനക്കാര്‍ക്കായി ഓഗസ്റ്റ് ഒന്നുമുതല്‍ ബസുകളിലെ ബോര്‍ഡുകളില്‍ സ്ഥലസൂചികാ കോഡും (സ്ഥലനാമം തിരിച്ചറിയാനുള്ള ഇംഗ്ലീഷ് കോഡ്) നമ്പരും ചേര്‍ക്കാന്‍ കെ.എസ്.ആര്‍.ടി.സി.. ഓര്‍ഡിനറി അടക്കം എല്ലാ ബസുകളിലും ഇംഗ്ലീഷ് കോഡും നമ്പരുമുണ്ടാകും. തീരുമാനം നടപ്പാകുന്നതോടെ തമിഴ്‌നാട്, കര്‍ണാടക, ആന്ധ്രാപ്രദേശ്, ബംഗാള്‍ തുടങ്ങി മറ്റു സംസ്ഥാനങ്ങളില്‍നിന്ന് എത്തുന്ന യാത്രക്കാര്‍ക്ക് പ്രയോജനമാകും. ജൂലായ് 31-നകം തീരുമാനം നടപ്പാക്കാന്‍ കെ.എസ്.ആര്‍.ടി.സി. എക്‌സിക്യുട്ടീവ് ഡയറക്ടര്‍ (ഓപ്പറേഷന്‍സ്) യൂണിറ്റ്, മേഖലാ വര്‍ക്ക്‌ഷോപ്പ് തലവന്മാര്‍ക്കും ജനറല്‍ മാനേജര്‍മാര്‍ക്കും നിര്‍ദേശം നല്‍കി. ബസുകള്‍ക്കു മുകളില്‍ വയ്ക്കുന്ന പ്രധാന ബോര്‍ഡില്‍ത്തന്നെയാണ് കോഡും നമ്പരും ചേര്‍ക്കുക.

തിരുവനന്തപുരം (ടി.വി.), കൊല്ലം (കെ.എം.), പത്തനംതിട്ട (പി.ടി.), ആലപ്പുഴ (എ.എല്‍.), കോട്ടയം (കെ.ടി.), ഇടുക്കി (ഐ.ഡി.), എറണാകുളം (ഇ.കെ.), തൃശ്ശൂര്‍ (ടി.എസ്.), പാലക്കാട് (പി.എല്‍.), മലപ്പുറം (എം.എല്‍.), കോഴിക്കോട് (കെ.കെ.), വയനാട് (ഡബ്‌ള്യു.എന്‍.), കണ്ണൂര്‍ (കെ.എന്‍.), കാസര്‍കോട് (കെ.ജി.) എന്നിങ്ങനെയാണ് കോഡുകള്‍. ജില്ലകളുടെ നമ്പരും കോഡിനൊപ്പം വരും. തിരുവനന്തപുരം (ടി.വി.-1), കൊല്ലം (കെ.എം.-2) എന്നിങ്ങനെ തെക്കന്‍ ജില്ലകളില്‍നിന്ന് വടക്കോട്ട് എന്ന ക്രമത്തിലാണ് നമ്പരുകള്‍ മലയാളം ബോര്‍ഡിന്റെ ഒരുവശത്തായി നല്‍കുക. ആശയക്കുഴപ്പം ഇല്ലാതെ സ്ഥലംതിരിച്ചറിയാന്‍ പറ്റുംവിധമാണ് ക്രമീകരണം. ഉദാഹരണത്തിന് ഒരു ബസ് കോഴിക്കോട്ടുനിന്ന് തിരുവനന്തപുരത്തേക്ക് വരുമ്പോള്‍ (ടി.വി.-1) എന്ന കോഡും നമ്പരും മുകളിലായി നല്ല വലുപ്പത്തില്‍ നല്‍കും. തൃശ്ശൂര്‍, എറണാകുളം, ആലപ്പുഴ വഴിയാണെങ്കില്‍ തൊട്ടുതാഴെയായി ആ ജില്ലകളുടെ കോഡ് നമ്പരുകളായ 8, 7, 4 എന്നിവ ഉള്‍പ്പെടുത്തും. എത്തിച്ചേരുന്ന സ്ഥലം പരമാവധി വലുതായും കടന്നുപോകുന്ന പ്രധാന സ്ഥലങ്ങള്‍ ചെറുതായുമാണ് സൂചിപ്പിക്കുക.

തിരുവനന്തപുരം ജില്ലയില്‍മാത്രം ഓപ്പറേറ്റ് ചെയ്യുന്ന ബസുകളില്‍ തിരുവനന്തപുരം ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടിന് 103 എന്ന നമ്പരും മറ്റു ജില്ലകളില്‍നിന്നു വരുന്ന ബസുകളില്‍ തിരുവനന്തപുരം ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടിന് ‘ടി.വി.-103’ എന്ന നമ്പരും നല്‍കും. സ്വകാര്യ ആശുപത്രികളോ മെഡിക്കല്‍ കോളേജുകളോ പട്ടികയില്‍ ഇല്ല.സംസ്ഥാനത്തെ വിനോദസഞ്ചാര, തീര്‍ത്ഥാടന കേന്ദ്രങ്ങളായി തിരഞ്ഞെടുത്ത 62 ഇടങ്ങളും 299 പൊതുസ്ഥലങ്ങളും പട്ടികയിലുണ്ട്. ബസ് സ്റ്റേഷനുകളിലും ഡിപ്പോകളിലും സ്ഥലസൂചികാ കോഡും നമ്പരും പ്രസിദ്ധീകരിക്കും. സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുന്നതിനൊപ്പം കെ.എസ്.ആര്‍.ടി.സി.യുടെ വെബ്‌സൈറ്റിലും അറിയിപ്പുണ്ടാകും.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!