നോക്കിനിന്നില്ല, മുങ്ങിയെടുത്തു, ഹൃദുനന്ദുവും ശ്രീഹരിയും നാടിന്റെ ഓമനകളായി

പാനൂർ (കണ്ണൂർ): കുളിക്കുന്നതിനിടെ മുങ്ങിത്താണ വിദ്യാർഥികളെ കുളത്തിലേക്ക് എടുത്തു ചാടി രക്ഷപ്പെടുത്തിയ ഹൃദുനന്ദുവും ശ്രീഹരിയും നാടിന്റെ ഓമനകളായി. ഇരുവരുടെയും സന്ദർഭോചിത ഇപെടലിൽ പെരിങ്ങത്തൂർ എൻ.എ.എം ഹയർ സെക്കൻഡറി സ്കൂൾ എട്ടാംക്ലാസ് വിദ്യാർഥി അഹിനഫിനും, കിടഞ്ഞി യുപി സ്കൂളിലെ ഏഴാം ക്ലാസ് വിദ്യാർഥി മുഹമ്മദ് സയാനും ജീവിതത്തിലേക്ക് മടങ്ങി.
കരിയാട് കിടഞ്ഞിയിൽ കൊല്ലറത്ത് ക്ഷേത്രത്തിന് സമീപത്തെ കുളത്തിൽ കുളിക്കുന്നതിനിടെയാണ് ഇരുവരും അപകടത്തിൽപ്പെട്ടത്. കയത്തിൽ മുങ്ങിയ സിയാനെ രക്ഷപ്പെടുത്തുന്നതിനിടെ അഹിനാഫും താണുപോയി. കുളക്കരയിലുണ്ടായ കൂട്ടുകാരൻ നിലവിളിച്ചതോടെ സമീപത്തെ പറമ്പിൽ കളിക്കുകയായിരുന്ന ശ്രീഹരിയും ഹൃദുനന്ദുവും ഓടിയെത്തി കുളത്തിലേക്ക് ചാടി ഇരുവരെയും മുങ്ങിയെടുത്ത് കരക്കെത്തിച്ചു.
ഹൃദുനന്ദുവും ശ്രീഹരിയും കരിയാട് നമ്പ്യാർസ് ഹയർ സെക്കഡറി സ്കൂൾ വിദ്യാർഥികളാണ്. ഇരുവരെയും കിടഞ്ഞി ജുമഅ മസ്ജിദ് മഹല്ല് കമ്മിറ്റി ഉപഹാരം നൽകി ആദരിച്ചു. സഫാരി ഗ്രൂപ്പ് മാനേജിങ് ഡയറക്ടർ കെ സൈനുൽ ആബിദീൻ ഇരുവരെയും പ്രായപൂർത്തിയായ ശേഷം ഗൾഫിലേക്ക് വിനോദയാത്രക്ക് കൊണ്ടുപോകാമെന്ന് വാഗ്ദാനം ചെയ്‌ത് ക്യാഷ് അവാർഡും നൽകി.