വാഹനങ്ങൾക്ക് ‘വാരിക്കുഴി’യൊരുക്കി ഗാന്ധി സർക്കിൾ

കണ്ണൂർ : നഗരമധ്യത്തിലെ വാഹനത്തിരക്കേറിയ കവലയിൽ വൻകുഴി. കണ്ണൂർ ഗാന്ധി സർക്കിളിന് സമീപത്തെ എ.കെ.ജി. പ്രതിമയ്ക്ക് മുന്നിലാണ് ഗതാഗതക്കുരുക്കിന് കാരണമാകുംവിധം കുഴി രൂപപ്പെട്ടത്. കണ്ണൂരിൽനിന്ന് ഇതുവഴി തെക്കി ബസാർ, കക്കാട് ഭാഗത്തേക്ക് പോകുന്ന ഹ്രസ്വദൂര ബസുകളും ചെറുവാഹനങ്ങളും കുഴി കാരണം പതുക്കെയാണ് നീങ്ങുന്നത്. ഇതുകാരണം മറ്റു ദിശകളിലേക്ക് പോകേണ്ട ബസുകളും മറ്റ് വാഹനങ്ങളും കുരുക്കിലാകുന്നു. ട്രാഫിക് സിഗ്നലിൽ മറ്റ് ദിശകളിലേക്ക് പോകേണ്ടുന്ന വാഹനങ്ങൾ നിർത്തിയിടുമ്പോഴും കുരുക്ക് രൂക്ഷമാണ്. ജനത്തിരക്കേറെയുള്ള രാവിലെയും വൈകീട്ടുമാണ് ഏറെ ബുദ്ധിമുട്ട്. മഴവെള്ളം നിറയുമ്പോൾ കുഴി വലിയ ഭീഷണിയാണ്. വൻകുഴിയാണെന്നറിയാതെ ഇരുചക്ര-ചെറുവാഹനങ്ങൾ അപകടത്തിൽപ്പെടാൻ സാധ്യതയേറെയാണ്.