വീട്ടിൽ കൂത്താടിയുണ്ടോ? പണി കിട്ടും, ജാഗ്രതക്കുറവിന് പിഴ 2000

Share our post

കണ്ണൂർ : വീട്ടിൽ കെട്ടിക്കിടക്കുന്ന ജലത്തിൽ കൂത്താടി വളരുന്നുണ്ടോ? സൂക്ഷിക്കുക, ഇല്ലെങ്കിൽ പണി കിട്ടും. കൂത്താടിയുടെ വളർച്ചയ്ക്ക് കാരണാകുന്നുവെന്ന് കണ്ടെത്തിയാൽ കോടതിക്ക് കേസെടുക്കാം. പിഴയും ചുമത്താം. ഇത്തരമൊരു കേസിൽ കേരളത്തിൽ ആദ്യമായി നടപടി സ്വീകരിച്ചിരിക്കുകയാണ് ഇരിങ്ങാലക്കുട ഫസ്റ്റ് ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി.

മൂരിയാട് പുല്ലൂർ സ്വദേശിക്കെതിരെയാണ് നടപടി സ്വീകരിച്ചത്. ‌ബ്ലോക്ക് കുടുംബാരോഗ്യ കേന്ദ്രം ഹെൽത്ത് സൂപ്പർവൈസർ പി. ജോബി ഫയൽ ചെയ്ത കേസിലാണ് നടപടി. 2000 രൂപയാണ് കോടതി പിഴ വിധിച്ചത്. ഈ പ്രദേശങ്ങളിൽ ഡെങ്കിപ്പനി വ്യാപകമായി പട‍ർന്നു പിടിക്കുന്നതോടെ കൊതുകു വളരാനുള്ള സാഹചര്യങ്ങൾ ഒഴിവാക്കണമെന്ന് ആരോഗ്യവകുപ്പ് നിർദ്ദേശം നൽകിയിരുന്നു. ഇത് പാലിക്കാത്തതോടെയാണ് ഹെൽത്ത് സൂപ്പർവൈസർ കേസെടുത്തത്

കേരളമാകെ പനിക്കിടയിലാണ്. ഡെങ്കിപ്പനി, എലിപ്പനി, കോളറ, എച്ച് 1 എൻ 1, വെസ്റ്റ് നെയ്ൽ, അമീബിക് മസ്തിഷ്ക ജ്വരം എന്നിങ്ങനെ രോഗങ്ങളുടെ പട്ടിക നീളുകയാണ്. തിരുവനന്തപുരത്താണ് കോളറ സ്ഥിരീകരിച്ചത്. ഇതോടെ അതീവ ജാഗ്രതയിലാണ് കേരളം. മാത്രമല്ല, ഡെങ്കിപ്പനി വ്യാപനത്തിലും കേരളം ആശങ്കയിലാണ്. ഒരാഴ്ചയ്ക്കിടെ 8379 പേർക്കാണ് പനി ബാധിച്ചത്. 24 മണിക്കൂറിനിടെ 13,756 പേർ പനി ബാധിച്ച് വിവിധ ആശുപത്രികളിൽ ചികിത്സ തേടിയതായാണ് ഇന്നലെ ആരോഗ്യ വകുപ്പ് അറിയിച്ചത്.

ജൂലൈ ഒമ്പതിന് മാത്രം 225 പേർക്ക് ഡെങ്കിപ്പനി സ്ഥിരീകരിച്ചു. രോഗം സ്ഥിരീകരിച്ചവരിൽ ഒരാൾ മരിക്കുകയും ചെയ്തു. സംസ്ഥാനത്ത് 20 പേർക്ക് എലിപ്പനിയും സ്ഥിരീകരിച്ചിട്ടുണ്ട്. രണ്ട് പേർ എലിപ്പനി ബാധിച്ച് മരിച്ചു. ഇതിനിടെ തിരുവനന്തപുരത്ത് മൂന്ന് പേ‍ർക്ക് കോളറ സ്ഥിരീകരിച്ചു. ഈ മാസം കാസർകോട്ടെ ഒരു കേസടക്കം നാല് കോളറ കേസുകളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ആലപ്പുഴ, തൃക്കുന്നപ്പുഴയിൽ വെസ്റ്റ്നൈൽ പനി റിപ്പോർട്ട് ചെയ്തിരുന്നു. ഭീതി പടർത്തി കോഴിക്കോട് അമീബിക് മസ്തിഷ്‌ക ജ്വരം സ്ഥിരീകരിച്ചതിന് പിന്നാലെ തൃശൂരിലും രോഗം റിപ്പോർട്ട് ചെയ്തു. പാടൂർ സ്വദേശിയായ ഏഴാം ക്ലാസ് വിദ്യാർത്ഥിക്കാണ് അമീബിക് മസ്തിഷ്‌ക ജ്വരം സ്ഥിരീകരിച്ചിരിക്കുന്നത്. വിവിധ പനി ബാധിക്കുന്ന സാഹചര്യത്തിൽ ജാഗ്രത വേണമെന്ന് ആരോഗ്യവകുപ്പ് മുന്നറിയിപ്പ് നൽകി.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!