ആദിവാസി നഗറുകളിൽ ഇനി 4ജി ഇന്റർനെറ്റ്

തിരുവനന്തപുരം : ആദിവാസി നഗറുകളിൽ 4ജി ഇന്റർനെറ്റ് സൗകര്യം ലഭ്യമാക്കിയതായി ഒ.ആർ. കേളു നിയമസഭയെ അറിയിച്ചു. ഈ സർക്കാർ അധികാരത്തിൽ വന്ന ശേഷം 1284 പട്ടിക വർഗ കേന്ദ്രങ്ങളിൽ 1119 എണ്ണത്തിൽ ഇന്റർനെറ്റ് കണക്ടിവിറ്റി ലഭ്യമാക്കി. ശേഷിക്കുന്ന 165 പട്ടികവർഗ കേന്ദ്രങ്ങളിൽ 4 ജി ഇന്റർനെറ്റിനായി ബി.എസ്.എൻ.എൽ മുഖേന നടപടി സ്വീകരിച്ചിട്ടുണ്ട്. പട്ടികജാതി വിഭാഗത്തിൽപ്പെട്ട മിക്കവാറും കുടംബങ്ങളിൽ വൈദ്യുതിയുണ്ട്. അതിനാൽ പട്ടികജാതി നഗറുകളുടെ വൈദ്യുതീകരണത്തിന് പ്രത്യേക പദ്ധതി ആവശ്യമില്ല.
സാമ്പത്തികമായി പിന്നാക്കമായ എസ്.സി, എസ്.ടി വിദ്യാർഥികളെ പൈലറ്റാക്കാനുള്ള ‘വിങ്‌സ്’ പദ്ധതിവഴി മൂന്ന് പട്ടികജാതി വിദ്യാർഥികൾക്കും രണ്ട് പട്ടികവർഗ വിദ്യാർഥികൾക്കും മറ്റ് വിഭാഗത്തിൽ അർഹനായ ഒരു വിദ്യാർഥിക്കും വിദ്യാഭ്യാസ സഹായം നൽകി. 24 ലക്ഷം രൂപയാണ് ഒരാൾക്ക് കോഴ്സ് ഫീസ്. നഴ്സിങ്, പാരാമെഡിക്കൽ കോഴ്സുകൾ പാസായ പട്ടിക ജാതി–വർഗ വിഭാഗക്കാർക്ക് വിദേശ രാജ്യങ്ങളിൽ തൊഴിലിനാവശ്യമായ അനുബന്ധ കോഴ്സുകൾ ആരംഭിക്കുന്നത് പരിശോധിക്കുമെന്നും മന്ത്രി പറഞ്ഞു.