സ്കൂൾ വിദ്യാർഥിനിയെ പീഡിപ്പിച്ച കേസിൽ രണ്ടുപേർക്ക് തടവും പിഴയും

തളിപ്പറമ്പ് : ഇൻസ്റ്റഗ്രാമിൽകൂടി പരിചയപ്പെട്ട സ്കൂൾ വിദ്യാർഥിനിയെ പീഡിപ്പിച്ച കേസിലെ ഒന്നാം പ്രതി കാട്ടാക്കട കഞ്ചിയൂർക്കോണം അമരാവതി ഹൗസിൽ എസ്.എസ്. ജിതേഷിന് (24) 64 വർഷം തടവും 1.75 ലക്ഷം രൂപ പിഴയും. പ്രതിക്ക് ഒത്താശചെയ്ത രണ്ടാം പ്രതിയും ഹോട്ടൽ റിസപ്ഷനിസ്റ്റുമായ കണ്ണോത്തുംചാലിലെ ലയൻ പീറ്ററിന് (66) 10 വർഷം തടവും 25,000 രൂപ പിഴയും വിധിച്ചു. തളിപ്പറമ്പ് അതിവേഗ കോടതി ജഡ്ജി ആർ. രാജേഷാണ് പ്രതികളെ ശിക്ഷിച്ചത്. 2022 ജനുവരി ആറിനാണ് കേസിനാസ്പദമായ സംഭവം. കുട്ടിയെ സ്കൂൾ പരിസരത്തുനിന്ന് കാറിൽ തട്ടിക്കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു. പിന്നീട് ജൂൺ എട്ടിന് ആന്തൂർ തവളപ്പാറയിൽവെച്ചും 26-ന് ഹോട്ടലിൽവെച്ചും പീഡിപ്പിച്ചു. പീഡനത്തിന് ഒത്താശചെയ്തുവെന്നതിനാണ് റിസപ്ഷനിസ്റ്റ് ലയൻ പീറ്ററെ അറസ്റ്റ് ചെയ്തത്. ടൂറിസ്റ്റ് ബസിൽ കയറ്റി പെൺകുട്ടിയെ ബെംഗളൂരുവിലെത്തിച്ച് പീഡിപ്പിച്ചതായും പരാതിയിലുണ്ട്. സ്കൂൾ വിട്ട് ട്യൂഷന് പോകാറുള്ള പെൺകുട്ടി ട്യൂഷൻ ക്ലാസിലെത്താത്തതിനെ തുടർന്നാണ് വീട്ടുകാർ പോലീസിൽ പരാതിപ്പെട്ടത്. ഇൻസ്പക്ടർ എ.വി. ദിനേശനാണ് പ്രതിയെ അറസ്റ്റ് ചെയ്ത് കുറ്റപത്രം നൽകിയത്. പ്രൊസിക്യൂഷനുവേണ്ടി അഡ്വ. ഷെറിമോൾ ജോസ് ഹാജരായി.