കേരള അതിര്‍ത്തിയോട് ചേര്‍ന്നുകിടക്കുന്ന കര്‍ണാടകയിലെ ഗുണ്ടല്‍പേട്ടിലിപ്പോള്‍ സൂര്യകാന്തിപ്പൂക്കളുടെ വസന്തകാലമാണ്. കാഴ്ചയുടെ വിരുന്നൊരുക്കി ഏക്കറുകണക്കിന് കൃഷിസ്ഥലങ്ങളില്‍ സൂര്യകാന്തിപ്പൂക്കള്‍ പൂത്തുലഞ്ഞതോടെ വിവിധഭാഗങ്ങളില്‍ നിന്ന് ഒട്ടേറെ സഞ്ചാരികളും എത്തിത്തുടങ്ങി. ഉത്സവപ്രതീതിയാണിപ്പോള്‍ പൂപ്പാടങ്ങളുടെ പരിസരങ്ങളില്‍. സൂര്യകാന്തിച്ചെടികള്‍ വിളവെടുപ്പിനൊരുങ്ങിയതോടെ കര്‍ഷകരുടെ പ്രതീക്ഷകള്‍ക്കുകൂടിയാണ് ജീവന്‍വെച്ചിരിക്കുന്നത്. കാലങ്ങളായി പൂക്കൃഷി ഇവരുടെ ജീവിതത്തിന്റെ ഭാഗമാണ്.
യാത്ര സംബന്ധമായ വാര്‍ത്തകളും ആര്‍ട്ടിക്കിളുകളും വായിക്കാന്‍ വാട്‌സാപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യൂ
കാലാവസ്ഥ ചതിച്ചില്ലെങ്കില്‍ ന്യായമായ വില ലഭിക്കുമെന്ന പ്രതീക്ഷയിലാണ് കര്‍ഷകര്‍. അനുകൂലമായ കാലാവസ്ഥയാണെങ്കില്‍ ഇരുപതുദിവസത്തിനുള്ളില്‍ പൂക്കള്‍ ഉണങ്ങി വിത്തെടുക്കാന്‍ പാകത്തിലാകുമെന്നാണ് കര്‍ഷകര്‍ പറയുന്നത്. ഗുണ്ടല്‍പേട്ടില്‍ ഇപ്പോള്‍ ഇടയ്ക്കിടെ ചെയ്യുന്ന മഴ പൂക്കളുടെ ഉണക്കിനെ ബാധിച്ചിട്ടുണ്ട്. മഴ മാറിനിന്നാല്‍ ജൂലായ് അവസാനത്തോടെ വിളവെടുപ്പ് നടത്താമെന്ന പ്രതീക്ഷയിലാണ് കര്‍ഷകര്‍. അതുവരെ സഞ്ചാരികളുടെ ഒഴുക്കുമുണ്ടാകും. സൂര്യകാന്തിപ്പൂക്കളുടെ പശ്ചാത്തലത്തില്‍ ഫോട്ടോയെടുക്കാനും ദൃശ്യഭംഗി ആസ്വദിക്കാനും കുടുംബസമേതമെത്തുന്നവരുണ്ട്.
50രൂപ മുതല്‍ 70രൂപ വരെയാണ് സൂര്യകാന്തിവിത്തിന്റെ വിപണിവില. പൂവിന്റെ വില വലുപ്പത്തിനനുസരിച്ചാണ്. പൊതുവിപണിയില്‍ സൂര്യകാന്തിവിത്ത് എടുക്കുന്നില്ലെങ്കിലും ചുരുക്കം ചില മില്ലുകള്‍ പരിപ്പാക്കിയ സൂര്യകാന്തിവിത്തുകള്‍ എടുക്കുന്നുണ്ട്. വന്‍കിട എണ്ണക്കമ്പനികളാണ് കര്‍ഷകരില്‍നിന്ന് സൂര്യകാന്തി വാങ്ങുന്നത്. സൂര്യകാന്തിയുടെ വിത്ത്, ഇല, വേര് എന്നിവയ്ക്ക് ഔഷധഗുണമുണ്ടെങ്കിലും എണ്ണയുണ്ടാക്കാനാണ് പ്രധാനമായും ഉപയോഗിക്കുന്നത്. ഒരു സൂര്യകാന്തിപ്പൂവിന് ഏകദേശം മുപ്പതുസെന്റിമീറ്ററോളം വ്യാസമുണ്ടാകും. മേയ് മാസത്തിലാണ് സൂര്യകാന്തിക്കൃഷിയിറക്കുന്നത്. എണ്ണക്കമ്പനികള്‍ വിത്ത് കര്‍ഷകര്‍ക്ക് നല്‍കുകയാണ് ചെയ്യുന്നത്. അഞ്ചുകിലോയുടെ ഒരു പാക്കറ്റ് വിത്തിന് 2400 രൂപയാണ് വില. ഒരു ഏക്കറിന് അഞ്ചുകിലോയുടെ ഒരു പാക്കറ്റ് വിത്ത് ധാരാളം. ഇതില്‍നിന്ന് അഞ്ച് ക്വിന്റല്‍വരെ എണ്ണക്കുരു ഉത്പാദിപ്പിക്കാനാകും.
മേയ് മാസത്തില്‍ കൃഷിയിറക്കുന്ന സൂര്യകാന്തി മൂന്നുമാസംകൊണ്ടാണ് മൂപ്പെത്തുക. വിത്ത് വിതച്ചശേഷം പറിച്ചുനടുകയാണ് ചെയ്യുന്നത്. ചെടി പൂവിടുന്ന സമയംവരെ ആവശ്യത്തിന് വെള്ളംകിട്ടിയാല്‍ നല്ലവലുപ്പമുള്ള പൂക്കള്‍ കിട്ടും. മഴയെ ആശ്രയിച്ച് കൃഷിയിറക്കുന്നവര്‍ക്ക് പലപ്പോഴും മഴകിട്ടാത്തതിനാല്‍ ചെടി കരിഞ്ഞുപോയ അനുഭവവുമുണ്ട്. ചെടിയില്‍ പൂക്കള്‍ വിരിഞ്ഞതിനുശേഷം മഴ ലഭിച്ചാല്‍ കൃഷിയെ ബാധിക്കും. വിളവെടുപ്പിന് കാലതാമസംവരുകയും സൂര്യകാന്തി ഉണങ്ങിക്കിട്ടാന്‍ വൈകുകയുംചെയ്യും. മാത്രമല്ല, അടുത്തകൃഷിക്കായി പാടങ്ങളൊരുക്കാനും കഴിയാതെവരും. അനുകൂലകാലാവസ്ഥ കിട്ടുമെന്ന പ്രതീക്ഷയില്‍ വിളവെടുപ്പിനായി കാത്തിരിക്കുകയണ് കര്‍ഷകര്‍.