ഒരു ദിവസത്തെ ഡാറ്റാ നിരക്ക്‌; ബി.എസ്‌.എൻ.എല്ലിൽ 16 രൂപ, സ്വകാര്യ മൊബൈലിൽ ഇരട്ടി

Share our post

കോഴിക്കോട്‌ : ഒരു ദിവസം ബി.എസ്‌.എൻ.എൽ ഡാറ്റ ഉപയോഗിക്കാൻ വെറും 16 രൂപ. എയർടെല്ലിന്റെയും ജിയോയുടെയും നിരക്ക്‌ ഇതിന്റെ ഇരട്ടിയിലധികമാണ്‌. യഥാക്രമം 33ഉം 49 ഉം രൂപ. 2399 രൂപക്ക്‌ ബി.എസ്‌.എൻ.എൽ 395 ദിവസ(13 മാസം) സേവനം നൽകുമ്പോൾ സ്വകാര്യമൊബൈലുകാർ 12 മാസത്തേക്ക്‌ ഈടാക്കുന്നത്‌ 3599 രൂപയാണ്‌, 1200 രൂപ അധികം. നിരക്കിൽ വീണ്ടും വർധന വരുത്തിയതോടെ സ്വകാര്യ മൊബൈൽ ഫോൺ സേവനദാതാക്കളുടെ കൊള്ളയും പൊതുമേഖലാ സ്ഥാപനമായ ബി.എസ്‌.എൻ.എൽ നൽകുന്ന കുറഞ്ഞ നിരക്കും ചർച്ചയാവുകയാണ്‌.

ജൂലൈ ഒന്നിനാണ്‌ സ്വകാര്യ മൊബൈൽ ഫോൺ സേവനദാതാക്കൾ 15 മുതൽ 30 ശതമാനംവരെ നിരക്ക്‌ ഉയർത്തിയത്‌. ബി.എസ്‌.എൻ.എൽ നിരക്ക്‌ ഉയർത്തിയിട്ടില്ല. സംസ്ഥാനത്തെ പ്രധാന സ്വകാര്യ സേവനദാതാക്കളായ എയർടെൽ, ജിയോ, വൊഡാഫോൺ എന്നിവയേക്കാൾ കുറഞ്ഞ നിരക്കാണ്‌ ബി.എസ്‌എൻ.എല്ലിൽ. 28 ദിവസം 2 ജിബി ഡാറ്റ ഉപയോഗത്തിന്‌ എയർടെല്ലിനും ജിയോക്കും 349 രൂപ നൽകണം. വൊഡാഫോണിനാകട്ടെ 408 രൂപയും. ബി.എസ്‌.എൻ.എല്ലിൽ ഇതേ കാലയളവിൽ (3ജിബി) 299 രൂപ മതി. ഉപഭോക്താവിന്‌ 50 മുതൽ 109 രൂപവരെ ഈ താരിഫിൽ ലാഭം. 56 ദിവസത്തേക്ക്‌ സ്വകാര്യ കമ്പനികളും പൊതുമേഖലയും തമ്മിൽ നിരക്കിലുള്ള വ്യത്യാസം ഇരട്ടിയോളം വരും. ബി.എസ്‌.എൻ.എല്ലിൽ 347 രൂപയും സ്വകാര്യകമ്പനികൾക്ക്‌ 649ഉം 629ഉം. 84, 90 ദിവസങ്ങളിലെ താരീഫിലും കൊള്ളവിലയാണ്‌. ബി.എസ്‌.എൻ.എൽ 105 ദിവസം ഉപയോഗിക്കാൻ 666 രൂപ മതി. എയർടെല്ലിൽ 90 ദിവസത്തേക്ക്‌ 929 രൂപ. ജിയോവിൽ 899 ഉം. സ്വകാര്യ കമ്പനികൾ ദിവസം 2 ജിബി ഡാറ്റ വാഗ്‌ദാനം ചെയ്യുമ്പോൾ ബി.എസ്‌.എൻ.എൽ നൽകുന്നത്‌ 3 ജിബി യാണെന്ന ആകർഷണീയതയുമുണ്ട്‌. കോൾ സേവനത്തിലും ബിഎസ്‌എൻഎല്ലിലാണ്‌ മികച്ച ഓഫർ. കുറഞ്ഞ നിരക്ക്‌ തങ്ങൾക്ക്‌ ‘കോളാ’കുമെന്ന പ്രതീക്ഷയിലാണ്‌ ബിഎസ്‌എൻഎൽ.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!