വിവാഹമോചിതയായ മുസ്ലീം യുവതിക്ക് ജീവനാംശം തേടാം: സുപ്രധാന വിധിയുമായി സുപ്രീം കോടതി

Share our post

ന്യൂഡല്‍ഹി: വിവാഹ ബന്ധം വേര്‍പെടുത്തിയ മുസ്ലിം സ്ത്രീകള്‍ക്ക് നിയമപരമായി ജീവനാംശം തേടാമെന്ന സുപ്രധാന വിധിയുമായി സുപ്രീം കോടതി. ക്രിമിനൽ നടപടി ചട്ടത്തിലെ (സിആർപിസി) സെക്ഷൻ 125 പ്രകാരമാണിത്. ജസ്റ്റിസ് ബി വി നാഗരത്‌ന, ജസ്റ്റിസ് അഗസ്റ്റിന്‍ ജോര്‍ജ് മസീഹ് എന്നിവരടങ്ങിയ ബെഞ്ചിന്റേതാണ് വിധി. ജീവനാംശം നല്‍കുന്നതിനെതിരെ നേരത്തെ സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കവെയാണ് സുപ്രീം കോടതിയുടെ സുപ്രധാന ഉത്തരവ്.

വിവാഹിതരായ സ്ത്രീകൾക്ക് മാത്രമല്ല, എല്ലാ സ്ത്രീകൾക്കും സിആർപിസി സെക്ഷൻ 125 ബാധകമാകുമെന്ന പ്രധാന നിഗമനത്തോടെയാണ് ഞങ്ങൾ അപ്പീൽ തള്ളുന്നത്,” ജസ്റ്റിസ് നാഗരത്ന വിധി പ്രസ്താവിച്ചുകൊണ്ട് പറഞ്ഞു. സിആര്‍പിസി സെക്ഷന്‍ 125 പ്രകാരം ഏതൊരു മുസ്ലിം സ്ത്രീക്കും വിവാഹബന്ധം വേര്‍പ്പെടുത്തിയ ഭര്‍ത്താവില്‍ നിന്നും ജീവനാംശം ആവശ്യപ്പെടാം. മുസ്ലീം സ്ത്രീകളുടെ വിവാഹമോചനത്തിനുള്ള അവകാശങ്ങള്‍ സംരക്ഷിക്കല്‍ നിയമം മതേതര നിയമത്തെ മറികടക്കില്ലെന്ന് കോടതി വ്യക്തമാക്കി.

ജീവനാംശം എന്നത് ഔദാര്യമല്ലെന്നും അത് അടിസ്ഥാനപരമായ അവകാശമാണെന്നും സുപ്രീം കോടതി കൂട്ടിച്ചേര്‍ത്തു. എല്ലാ സ്ത്രീകള്‍ക്കും ലിംഗസമത്വവും സാമ്പത്തിക സുരക്ഷിതത്വവും എന്ന തത്വം ഊട്ടിയുറപ്പിക്കുന്ന ഈ അവകാശം മതപരമായ അതിര്‍വരമ്പുകള്‍ക്ക് അതീതമാണെന്നും കോടതി പറഞ്ഞു. സിആര്‍പിസി 125-ാം വകുപ്പ് മതേതര സ്വഭാവത്തില്‍ ഉള്ളതാണെന്നും അത് മുസ്ലിം സ്ത്രീക്കും ബാധകമാണെന്നുമാണ്, ചരിത്രപ്രസിദ്ധമായ ഷാബാനു കേസ് വിധിയില്‍ സുപ്രീം കോടതി വ്യക്തമാക്കിയത്. എന്നാല്‍ ഇതിനെ മറിടകടക്കാനായി 1986-ല്‍ സര്‍ക്കാര്‍ നിയമ നിര്‍മാണം നടത്തുകയായിരുന്നു. ഈ നിയമം ചൂണ്ടിക്കാട്ടിയാണ്, ഈ കേസിലെ ഹര്‍ജിക്കാരന്‍ വാദിച്ചത്. എന്നാല്‍ 2019-ലെ നിയമപ്രകാരം നടപടികളിലേക്ക് കടക്കാവുന്നതാണെന്നും സുപ്രീം കോടതി വ്യക്തമാക്കി.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!