കർഷകത്തൊഴിലാളി യൂണിയൻ മുൻ സംസ്ഥാന ജോയിന്റ് സെക്രട്ടറി എ.പത്മനാഭൻ അന്തരിച്ചു

വടക്കാഞ്ചേരി : സി.പി.എം. തൃശൂർ ജില്ലാ സെക്രട്ടറിയറ്റംഗവും കർഷകത്തൊഴിലാളി യൂണിയൻ മുൻ സംസ്ഥാന ജോയിന്റ് സെക്രട്ടറിയുമായിരുന്ന എ പത്മനാഭൻ(93) അന്തരിച്ചു. തലച്ചോറിലുണ്ടായ രക്തസ്രാവത്തെത്തുടർന്ന് ഹോസ്‌പിറ്റലിൽ പ്രവേശിപ്പിച്ചിരിക്കെയായിരുന്നു മരണം. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ്, ധനകാര്യസ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ, വടക്കാഞ്ചേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്, മുള്ളൂർക്കര ഉൾപ്പെട്ടിരുന്ന പഴയ വരവൂർ പഞ്ചായത്തംഗം, ഇരുനിലംകോട് ഗ്രാമീണ സഹകരണ ബാങ്ക് പ്രസിഡന്റ് എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. സി.പി.എം. ഏരിയ സെക്രട്ടറി, ജില്ലാ കമ്മിറ്റിയംഗം, ജില്ലാ സെക്രട്ടറിയറ്റംഗം എന്നിങ്ങനെ 50 വർഷത്തിലേറെയായി ജില്ലയിലെ സജീവസാന്നിധ്യമായിരുന്നു. 1980ൽ വടക്കാഞ്ചേരി നിയമസഭാ മണ്ഡലത്തിൽ എൽ.ഡി.എഫ് സ്ഥാനാർഥിയായി മത്സരിച്ചു. വനഭൂമി, മിച്ചഭൂമി സമരങ്ങൾ, മലയോരകർഷകരുടെ സമരങ്ങൾ എന്നിവയിൽ നേതൃത്വം വഹിച്ചു. അടിയന്തരാവസ്ഥക്കാലത്ത് മിസ പ്രകാരം അറസ്റ്റിലായി 16മാസം വിയ്യൂർ സെൻട്രൽ ജയിലിൽ തടവനുഭവിച്ചു. അമ്മ മരിച്ചിട്ടും പരോൾ അനുവദിക്കാതെ സർക്കാർ പീഡിപ്പിച്ചു. ഒളിവുകാലത്ത് എകെജി ഉൾപ്പെടെയുള്ളവർക്ക് രഹസ്യമായി കത്തുകൾ എത്തിച്ചുകൊടുക്കുമായിരുന്നു. 1931ൽ ജനനം. അച്ഛൻ: പുവാലി മൂത്തേടത്ത് നാരായണൻ നായർ. അമ്മ:അപ്പാട്ട് ഭാർഗവിയമ്മ. ഭാര്യ: പാർവതി. മൃതദേഹം ബുധനാഴ്‌ച സി.പി.എം ജില്ലാകമ്മിറ്റി ഓഫീസിലും വടക്കാഞ്ചേരി എരിയാകമ്മിറ്റി ഓഫീസിലും പൊതുദർശനത്തിന് വെച്ചശേഷം വ്യാഴാഴ്‌ച വീട്ടുവളപ്പിൽ സംസ്‌കരിക്കും.