ബിരുദപ്രവേശനം എളുപ്പമാക്കാൻ ‘മീക്ക’ ചാറ്റ്‌ബോട്ട്

കണ്ണൂർ: നാലുവർഷ ബിരുദ പ്രോഗ്രാമുകളുമായി ബന്ധപ്പെട്ട സംശയനിവാരണത്തിന് എം.വി.ആർ ഇൻസ്‌റ്റിറ്റ്യൂട്ട് ഓഫ് ലൈഫ് സയൻസ് ആൻഡ് റിസർച്ച് സ്‌റ്റഡീസിന്റെ ‘മീക്ക’ ആർടിഫിഷ്യൽ ഇന്റലിജൻസ് ചാറ്റ്‌ബോട്ട്. ഇൻസ്‌റ്റിറ്റ്യൂട്ടിലെ ബി.എസ്.സി ബയോടെക്‌നോളജി, ഫോറസ്‌ട്രി, മൈക്രോബയോളജി, പ്ലാന്റ് സയൻസ്, ബയോകെമിസ്‌ട്രി, എം.എസ്.സി ഫോറസ്‌ട്രി ഉൾപ്പെടെയുള്ള പ്രോഗ്രാം പ്രവേശനവുമായി ബന്ധപ്പെട്ട സംശയങ്ങൾ വെബ്‌സൈറ്റിലെ ചാറ്റ്‌ബോട്ട് പരിഹരിക്കുമെന്ന് കേരള സ്‌റ്റേറ്റ് കോ–-ഓപ്പറേറ്റീവ് ഇൻസ്‌റ്റിറ്റ്യൂട്ട് ഓഫ് ഇൻഫർമേഷൻ ടെക്‌നോളജി, ഇലക്ട്രോണിക്‌സ് ആൻഡ് കമ്യൂണിക്കേഷൻസ് (കോസ്‌ടെക്) ചെയർമാൻ പ്രൊഫ. ഇ കുഞ്ഞിരാമൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു.
കോസ്‌ടെക്കിന്റെ ‘സമഗ്ര’ സംരംഭത്തിനുകീഴിൽ ടെക്‌നോപാർക്ക് ആസ്ഥാനമായുള്ള സ്‌റ്റാർട്ടപ്, ഗൗഡേ ബിസിനസ് ആൻഡ് ഇൻഫ്രാസ്‌ട്രക്‌ചർ സൊലൂഷൻസാണ് മീക്ക വികസിപ്പിച്ചെടുത്തത്. പ്രവേശന മാനദണ്ഡം, ലേണിങ് മോഡുകൾ, കസ്‌റ്റമൈസ്‌ഡ് ലേണിങ് പ്ലാനുകൾ, പ്ലേസ്‌മെന്റ് അവസരങ്ങൾ എന്നിവ മീക്ക നൽകും. മലയാളവും ഹിന്ദിയുമടക്കം 22 ഇന്ത്യൻ ഭാഷകളും നൂറിലധികം വിദേശഭാഷകളും പിന്തുണയ്‌ക്കും. കോസ്‌ടെക് ഡയറക്ടർ ഡോ. സി.കെ കവിത, വൈസ് പ്രിൻസിപ്പൽ ഡോ. കെ.പി സംഗീത്, ഡോ. ആർ.ദിലീപ്‌കുമാർ, എ.ആദർശ് എന്നിവരും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.