കെട്ടിട വിവരം സ്മാർട്ടാക്കാൻ കുടുംബശ്രീയും ; തദ്ദേശസ്ഥാപനങ്ങളിൽ ഹെൽപ്പ്‌ ഡെസ്‌കുകൾ

Share our post

തിരുവനന്തപുരം: കോർപറേഷൻ, മുനിസിപ്പാലിറ്റി പരിധിയിലെ മുഴുവൻ കെട്ടിടങ്ങളുടെയും വിവരങ്ങൾ കെ സ്‌മാർട്ടിലേക്ക്‌ മാറ്റുന്നതിന്‌ കുടുംബശ്രീയെ പ്രയോജനപ്പെടുത്താൻ ആലോചന. ഇതിനായി തദ്ദേശസ്ഥാപനങ്ങളിൽ ഹെൽപ്പ്‌ ഡെസ്‌കുകൾ സ്ഥാപിക്കും. ഡാറ്റാ എൻട്രി, ഫീൽഡ്‌ സർവേ തുടങ്ങിയവയ്‌ക്കാകും കമ്പ്യൂട്ടർ പരിജ്ഞാനമുള്ള കുടുംബശ്രീ പ്രവർത്തകരുടെ സേവനം പ്രയോജനപ്പെടുത്തുക.

സെപ്‌തംബർ 30നകം കെട്ടിട വിവരങ്ങൾ കെ – സ്‌മാർട്ടിൽ അപ്‌ലോഡ്‌ ചെയ്യണമെന്ന്‌ തദ്ദേശസ്ഥാപനങ്ങൾക്ക്‌ നിർദ്ദേശം നൽകിയിരുന്നു. ഇതിനായി സ്ഥലങ്ങളിൽ നേരിട്ടുപോയി വിവരശേഖരണം നടത്താനുള്ള നടപടി സ്വീകരിക്കണം. ഒഴിവാക്കേണ്ട കെട്ടിടമാണെങ്കിൽ ഡാറ്റയിൽനിന്ന്‌ നീക്കണം. ഈ ജോലികളാകും കുടുംബശ്രീ പ്രവർത്തകർക്ക്‌ നൽകുക. ഇത്തരം ജോലികൾക്ക്‌ അധിക ജീവനക്കാരെ താൽക്കാലികമായി നിയമിക്കാൻ തദ്ദേശസ്ഥാപനങ്ങൾക്ക്‌ സർക്കാർ അനുമതി നൽകിയിരുന്നു. തദ്ദേശസ്ഥാപനങ്ങളുടെ തനത്‌ ഫണ്ടിൽ നിന്നാകും ഇവർക്കുള്ള വേതനം നൽകുക. നിലവിൽ സഞ്ചയ പോർട്ടലിലുള്ള വിവരങ്ങൾ കെ –- സ്‌മാർട്ടിലേക്ക്‌ മാറ്റാൻ ഡാറ്റ പൂർണമാകണം. തദ്ദേശസ്ഥാപനങ്ങളിൽ പൂർണമായ കെട്ടിടവിവരങ്ങൾ ഇല്ലാത്തതും നികുതി കുടിശികയും കെ –- സ്മാർട്ടിലേക്ക്‌ വിവരങ്ങൾ മാറ്റുന്നതിന്‌ തടസമാകുന്നുണ്ട്‌.

തടസ്സം നീക്കാൻ അടുത്ത ദിവസം മുതൽ ജില്ലകളിൽ സ്‌പെഷ്യൽ ഡ്രൈവ്‌ നടത്തും. തദ്ദേശ സ്ഥാപന പരിധിയിലുള്ള മുഴുവൻ കെട്ടിടങ്ങളുടെയും കണക്ക്‌ പരിശോധിച്ച്‌ വിലയിരുത്തും. ജനങ്ങൾക്കിടയിൽ ബോധവൽക്കരണം നടത്തും. പൊതുജനങ്ങൾക്ക്‌ സ്വന്തമായി കെട്ടിടങ്ങളുടെ വിവരങ്ങൾ കെ–- സ്മാർട്ടിൽ അപ്‌ലോഡ്‌ ചെയ്യാം. സിറ്റിസൺ ലോഗിനിൽ മൊബൈൽ നമ്പർ ഉപയോഗിച്ച്‌ സ്വന്തം പേരിലുള്ള മുഴുവൻ കെട്ടിടങ്ങളുടെയും വിവരങ്ങൾ നൽകാം. എല്ലാ കെട്ടിടങ്ങളുടെയും നികുതി ഒരുമിച്ച്‌ അടക്കാനും സൗകര്യമുണ്ട്‌.

കെ- സ്‌മാർട്ട്‌
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ വഴിയുള്ള മുഴുവൻ സേവനങ്ങളും ഓൺലൈനായി ലഭ്യമാക്കുന്നതിനാണ്‌ എൽഡിഎഫ്‌ സർക്കാർ കെ -സ്മാർട്ട് ആരംഭിച്ചത്‌. കെ- സ്മാർട്ട് ആപ്ലിക്കേഷനിലൂടെ സേവനങ്ങൾക്കായുള്ള അപേക്ഷകളും പരാതികളും ഓൺലൈനായി സമർപ്പിക്കാം. സ്റ്റാറ്റസ് ഓൺലൈനായി അറിയാം. ജനുവരി ഒന്നിനായിരുന്നു പദ്ധതിയുടെ തുടക്കം. ആദ്യഘട്ടത്തിൽ കോർപറേഷനുകളിലും മുനിസിപ്പാലിറ്റികളിലുമാണ് വിന്യസിച്ചത്‌. നവംബറിൽ പഞ്ചായത്തുകളിലേക്കും വ്യാപിപ്പിക്കും.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!