നിര്‍മ്മാണ മേഖലയില്‍ വന്‍ കുതിപ്പുമായി കേരളം; ആൾപാർപ്പില്ലാതെ 15 ലക്ഷം വീടുകൾ

തിരുവന്തപുരം: കേരളം ഒറ്റ നഗരമായി വളരുന്നു എന്ന അഭിപ്രായങ്ങള്‍ക്ക് ഒപ്പം നില്‍ക്കുന്നതാണ് സംസ്ഥാനത്തെ നിര്‍മ്മാണ മേഖലയിലെ കുതിപ്പ്. എക്കണോമിക് ആന്‍ഡ് സ്റ്റാറ്റിസ്റ്റിക് ഡിപാര്‍ട്ട്‌മെന്റ് പുറത്തുവിട്ട നിര്‍മാണ വിവരങ്ങള്‍ സംബന്ധിച്ച റിപ്പോര്‍ട്ട് ഗ്രാമങ്ങള്‍ മാറുകയാണ് എന്ന് വ്യക്തമാക്കുന്നു. 2021 -22 വര്‍ഷത്തില്‍ 3.95 ലക്ഷം പുതിയ കെട്ടിടങ്ങള്‍ രജിസ്റ്റര്‍ ചെയ്തു. ഒരു ചതുരശ്ര കിലോമീറ്ററിന് 14 എന്ന നിരക്കിലാണ് പുതിയ നിര്‍മ്മിതികള്‍. ഈ വര്‍ഷം നിർമ്മിതികളുടെ എണ്ണം മുന്‍ വര്‍ഷത്തേക്കാള്‍ 11.22 ശതമായി വര്‍ധിച്ചു.
2018 കണക്ക് പരിശോധിക്കുമ്പോൾ ഇത് കുറവാണ് എങ്കിലും കോവിഡാനന്തരമുള്ള കുതിപ്പാണ്. 2021-22 വർഷത്തെ റിപ്പോർട്ട് പരമാർശിക്കുന്ന 73.58 ശതമാനം വരുന്ന 2.90 ലക്ഷം കെട്ടിടങ്ങളും വീടുകളോ, താമസ സൗകര്യങ്ങള്‍ക്കായുള്ളതോ ആയ റസിഡന്‍ഷ്യല്‍ കെട്ടിടങ്ങളാണ്. നിര്‍മാണ പ്രവര്‍ത്തിനങ്ങളില്‍ 70.96 ശതമാനവും നടക്കുന്നത് ഗ്രാമീണ മേഖലയില്‍ ആണെന്നും കണക്കുകള്‍ വ്യക്തമാക്കുന്നു. 29.04 ശതമാനം മാത്രമാണ് നഗരങ്ങളിലുള്ളത്. വാണിജ്യ ആവശ്യങ്ങള്‍ക്കുള്ള കെട്ടിടങ്ങള്‍ക്ക് ഒപ്പം നഗര കേന്ദ്രീകൃത വ്യവസായ വളര്‍ച്ചയിലും മാറ്റം വരുന്നു എന്ന സൂചനയും ലഭിക്കുന്നു. എന്നാല്‍ ഇവയില്‍ വ്യവസായ മേഖലയെക്കാള്‍ വാണിജ്യ മേഖലയാണ് മുന്നിട്ട് നില്‍കുന്നത്.
താമസിക്കാന്‍ ആളില്ലാതെ 15 ലക്ഷം വീടുകള്‍
കേരളം ഒരു പാര്‍പ്പിട സംസ്ഥാനമാണ് എന്ന അഭിപ്രായത്തിന് ഒപ്പം നില്‍ക്കുന്നതാണ് റസിഡന്‍ഷ്യല്‍ കെട്ടിടങ്ങളുടെ നിര്‍മ്മാണത്തിലെ കുതിപ്പ്.അതേ സമയം നിലവില്‍ 15 ലക്ഷത്തോളം വീടുകളില്‍ താമസിക്കാന്‍ ആളുകളില്ലാതെ പൂട്ടിക്കിടക്കുന്നു എന്നാണ് റിപ്പോര്‍ട്ട് പറയുന്നത്. ഇത്തരത്തിലുള്ള വീടുകള്‍ ഭൂരിഭാഗവും ഇടത്തരം സാമ്പത്തിക ശേഷിക്ക് മുകളിലുള്ളവരുടേതും സമ്പന്നരുടേതുമാണെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. തൊഴില്‍ തേടി വിദേശങ്ങളിലും മറ്റും കഴിയുമ്പോഴും പാര്‍പ്പിടം കേരളത്തില്‍ തന്നെ നിലനിര്‍ത്തുന്നു.
നിര്‍മാണമേഖലയില്‍ സിംഹഭാഗവും സ്വകാര്യമേഖലയോട് ബന്ധപ്പെട്ടാണെന്നും കണക്കുകള്‍ പരിശോധിച്ചാല്‍ വ്യക്തമാകും. 2021-22 വര്‍ഷത്തെ കണക്കുകള്‍ പ്രകാരം 97.76 ശതമാനം നിര്‍മാണങ്ങളും സ്വകാര്യമേഖലയോട് ബന്ധപ്പെട്ടാണ് നടക്കുന്നത്.0.76 ശതമാനം മാത്രമാണ് സര്‍ക്കാര്‍ തലത്തില്‍.പുതിയതായി നിര്‍മിച്ച 53,774 കെട്ടിടങ്ങളുമായി മലപ്പുറം ജില്ലയാണ് നിര്‍മ്മാണത്തില്‍ മുന്നില്‍. ഇടുക്കിയിലാണ് നിര്‍മ്മാണത്തില്‍ ഏറ്റവും കുറവ് രേഖപ്പെടുത്തിയത്. 8,751 കെട്ടിടങ്ങളാണ് ഈ കാലയളവില്‍ ഇടുക്കിയില്‍ നിര്‍മ്മിച്ചത്. ജനസംഖ്യാ വര്‍ധനവ്, നഗരവല്‍ക്കരണം, വിദേശ പണത്തില്‍ നിന്നുള്ള സാമ്പത്തിക വികസനം എന്നിവയാണ് മലപ്പുറം ജില്ലയെ മുന്നില്‍ എത്തിക്കുന്നത്.
കോവിഡ് പ്രതിസന്ധിക്ക് ശേഷം വരുമാനത്തിലുണ്ടായ സ്ഥിരതയും പുരോഗതിയുമാണ് വര്‍ധനവിന്റെ പ്രധാന കാരണമായി വിവരിക്കുന്നത്. എന്നാല്‍ ഏറ്റവും അധികം നിയന്ത്രണമില്ലാത്ത വിലനിലവാരം നിലനില്‍ക്കുന്നത് നിര്‍മ്മാണ മേഖലയുമായി ബന്ധപ്പെട്ട വസ്തുക്കളിലാണ് എന്ന സാഹചര്യമാണ് ഉള്ളത്. 2018 -19 വർഷത്തിലെ റിപ്പോർട്ടിൽ 13.27 ശതമാനം വർധനവ് രേഖപ്പെടുത്തിയിരുന്നു. അന്നും ഗ്രാമീണ മേഖലയിലാണ് കൂടുതലും നിർമ്മാണങ്ങൾ ഉണ്ടായിരുന്നത്.