റെയിൽവേ സ്റ്റേഷനിലെ ഓട്ടോറിക്ഷകൾക്ക് സ്റ്റിക്കർ പതിച്ചു

കണ്ണൂർ : റെയിൽവേ സ്റ്റേഷനിൽ റെയിൽവേയുടെ നിയന്ത്രണത്തിൽ ഓടുന്ന ഓട്ടോകൾക്ക് തിരിച്ചറിയൽ സ്റ്റിക്കർ പതിച്ചു. റെയിൽവേയിൽ അപേക്ഷിച്ച 120 ഓട്ടോറിക്ഷകൾക്കാണ് ആദ്യഘട്ടമായി തിങ്കളാഴ്ച സ്റ്റിക്കർ നൽകിയത്. 50 ഓട്ടോകൾക്ക് കൂടി സ്റ്റിക്കർ നൽകുമെന്ന് അധികൃതർ വ്യക്തമാക്കി. റെയിൽവേ സ്റ്റേഷൻ മാസ്റ്റർ എസ്. സജിത്ത് കുമാർ ഓട്ടോറിക്ഷകൾക്ക് സ്റ്റിക്കർ പതിച്ച് പരിപാടി ഉദ്ഘാടനം ചെയ്തു. എന്നാൽ സ്റ്റേഷനിലെ പ്രീ പെയ്ഡ് ഓട്ടോ സർവീസ് ഇനിയും പുനഃസ്ഥാപിച്ചില്ല. കോവിഡ് കാലത്ത് നിർത്തിവെച്ച പദ്ധതി കഴിഞ്ഞ ഓഗസ്റ്റിൽ പുനഃസ്ഥാപിച്ചിരുന്നു. എന്നാൽ ദൂരപരിധിയടക്കമുള്ള കാര്യങ്ങൾ തീരുമാനമാവാത്തതോടെ തൊഴിലാളികളും ട്രേഡ് യൂണിയനും പദ്ധതിയിൽ നിന്നും പിൻമാറി. തുടർന്നാണ് പ്രീ പെയ്‌ഡ് സംവിധാനം നിലച്ചത്.
രാത്രിയിലും പകലുമെല്ലാം മുൻകൂട്ടി നിശ്ചയിച്ച തുകയിൽ യാത്രക്കാർക്ക് സഞ്ചരിക്കാനും രാത്രി വൈകിയെത്തുന്ന തീവണ്ടിയാത്രക്കാർക്ക് ആശ്വാസവുമായിരുന്നു പ്രീ പെയ്ഡ് ഓട്ടോ സർവീസ്. കണ്ണൂർ കോർപ്പറേഷന്റെ മേൽനോട്ടത്തിൽ ട്രോമാ കെയറിനായിരുന്നു നടത്തിപ്പ് ചുമതല. പ്രതിദിനം ആയിരക്കണക്കിന് യാത്രക്കാർ എത്തുന്ന കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ അധികൃതരുടെ അനാസ്ഥ കൊണ്ടു മാത്രമാണ് പ്രീ പെയ്ഡ് ഓട്ടോ സർവീസ് നിലച്ചതെന്നാണ് യാത്രക്കാരുടെ പരാതി. മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ വരുൺ ദിവാകരൻ, ഡെപ്യൂട്ടി സ്റ്റേഷൻ മാനേജർ അഹമ്മദ് നിസാർ, കണ്ണൂർ-മംഗളൂരൂ ചീഫ് കൊമേഴ്സ്യൽ ഇൻസ്പെക്ടർ പി.വി. രാജീവ് കുമാർ, പോലീസ് ഉദ്യോഗസ്ഥർ, ഓട്ടോറിക്ഷ ഡ്രൈവർമാർ തുടങ്ങിയവർ ചടങ്ങിൽ സംബന്ധിച്ചു.
റെയിൽവേ ഓട്ടോ
റെയിൽവേയുടെ നിയന്ത്രണത്തിൽ ഓടുന്ന ഓട്ടോറിക്ഷകൾക്കാണ് സ്റ്റിക്കർ പതിച്ചത്. ഇതുപ്രകാരം റെയിൽവേ സ്റ്റേഷന് മുൻവശത്ത് പാർക്ക് ചെയ്ത് മൂന്ന് മാസം സർവീസ് നടത്താനാകും. 825 രൂപയാണ് ചാർജായി റെയിൽവേ ഈടാക്കുന്നത്. പിന്നീട് പുതുക്കണം. ഇത്തരത്തിലുള്ള ഓട്ടോറിക്ഷകളുടെ നമ്പറും ഡ്രൈവറെ കുറിച്ചുള്ള വിവരങ്ങളും റെയിൽവേ ഉദ്യോഗസ്ഥരുടെ കൈയിലുണ്ടാകും. റെയിൽവേ സ്റ്റേഷനിൽ യാത്രക്കാർ വന്നിറങ്ങിയാൽ അവരെ വീടുകളിലേക്ക് കൊണ്ടുപോകുന്ന വാഹനം എളുപ്പത്തിൽ തിരിച്ചറിയാനാണ് സ്റ്റിക്കർ പതിക്കുന്നത്. യാത്രയ്ക്കിടെ മോഷണമോ അക്രമമോ സംഭവിച്ചാൽ യാത്രക്കാരൻ സഞ്ചരിച്ച ഓട്ടോറിക്ഷ തിരിച്ചറിയാൻ സ്റ്റിക്കർ ഉപയോഗപ്പെടും.