വിറയലോടെ പാലുകാച്ചി മലമുകളിലെ കുടുംബങ്ങൾ

പാലുകാച്ചി : ആനയും പുലിയും കടുവയും കാട്ടുപന്നിയും ഇറങ്ങുന്ന പാലുകാച്ചി മലമുകളിലെ കുടുംബങ്ങൾ ദുരിതത്തിൽ. വന്യമൃഗങ്ങൾ രാപകൽ വ്യത്യാസമില്ലാതെ ജനവാസമേഖലയിലെത്തിയതോടെ മുൻപ് നിരവധിപേർ താമസിച്ചിരുന്ന പ്രദേശത്ത് ഇപ്പോൾ വളരെ കുറച്ചുപേർ മാത്രമാണ് താമസിക്കുന്നത്. പല വീടുകളിലും ഒറ്റയ്ക്ക് താമസിക്കുന്ന സ്ത്രീകളാണുള്ളത്. അതിൽ പലരും 60 വയസ്സ് പിന്നിട്ടവരാണ്.
കാർഷികവിളകൾ നശിപ്പിക്കുന്നു
സ്ത്രീകളുൾപ്പെടെയുള്ളവർ അധ്വാനിച്ചുണ്ടാക്കുന്ന കാർഷികവിളകൾ കാട്ടാനയും കാട്ടുപന്നിയും മ്ലാവും കുരങ്ങും നശിപ്പിക്കുന്നത് പതിവാണ്. കോടമഞ്ഞ് വന്നാൽ കൃഷിയിടത്തിൽ നിൽക്കുമ്പോൾ കാട്ടാനകൾ വരുന്നതുപോലും കാണാൻ പറ്റില്ലെന്നാണ് പ്രദേശവാസികൾ പറയുന്നത്. കാട്ടാനശല്യം രൂക്ഷമായതോടെ പാലുകാച്ചി ടൂറിസം സെന്റർ ഇപ്പോൾ താത്കാലികമായി അടച്ചിരിക്കുകയാണ്.
വളർത്തുമൃഗങ്ങൾ സുരക്ഷിതരല്ല
കടുവയുടെയും പുലിയുടെയും സാന്നിധ്യം മൂലം വളർത്തുമൃഗങ്ങളെ ഒന്നും വളർത്താൻ പറ്റുന്നില്ല. പ്രദേശത്തെ വീടുകളിൽനിന്ന് പലതവണ പട്ടികളെ കടുവ പിടിച്ചുകൊണ്ടുപോയി.
കഴിഞ്ഞ വർഷം ഫെബ്രുവരിയിൽ പുലിക്കൂട്ടമാണ് പശുക്കിടാവിനെ കൊന്നുതിന്നത്.
കുടിവെള്ള പൈപ്പ് നശിപ്പിക്കുന്നു
മലമുകളിലെ വീടുകളിലേക്ക് കുടിവെള്ളം എത്തിക്കുന്നത് പൈപ്പുകളിലൂടെയാണ്. കാട്ടാന ഇറങ്ങി പൈപ്പ് ചവിട്ടി പൊട്ടിക്കുന്നത് പതിവായതോടെ വീട്ടമ്മമാരുടെ ദുരിതം ഇരിട്ടിയായി.
വഴിവിളക്കുകൾ വേണം
രാത്രി കാറ്റും മഴയും വരുമ്പോൾ എങ്ങോട്ടെങ്കിലും മാറേണ്ടി വന്നാലോ വന്യമൃഗങ്ങൾ വരുമ്പോൾ ഒരു സഹായത്തിന് ആരെയെങ്കിലും വിളിക്കാൻ പോകണമെങ്കിൽ പോലും പുറത്തേക്കിറങ്ങാൻ സാധിക്കാത്ത അവസ്ഥയാണ്. വഴിവിളക്കുകൾ സ്ഥാപിക്കുകയാണെങ്കിൽ ഉപകാരമായേനേ എന്നും അവർ പറയുന്നു.
റോഡ് നവീകരിക്കണം പാലുകാച്ചി ടൂറിസം സെന്ററിലേക്കുളള റോഡുകൾ നവീകരിച്ചാൽ അത് തങ്ങൾക്കും ഉപകാരപ്പെടുമെന്നും റോഡ് നന്നാക്കിയാൽ കൂടുതൽ സഞ്ചാരികളും വാഹനങ്ങളും എത്തുമെന്നും വന്യമൃഗങ്ങൾ ഇറങ്ങുന്നത് കുറയുമെന്നുമാണ് ലീല കണിയാംചാലിൽ പറയുന്നത്.