റേഷൻ വിതരണം രണ്ട് ദിവസം കൂടി മുടങ്ങും

കണ്ണൂർ : റേഷൻ കടകൾ അടച്ചിട്ടുള്ള രണ്ട് ദിവസത്തെ വ്യാപാരികളുടെ സമരം ഇന്ന് ആരംഭിക്കും. ഭരണ-പ്രതിപക്ഷ തൊഴിലാളി സംഘടനകളുടെ സംയുക്ത സമര സമിതി പ്രഖ്യാപിച്ച സമരത്തിൽ റേഷൻ വിതരണം പൂർണമായും മുടങ്ങും. സിവിൽ സപ്ലൈസ് മന്ത്രിയുമായി റേഷൻ ഡീലർമാരുടെ സംഘടന നേതാക്കൾ നടത്തിയ ചർച്ച പരാജയപ്പെട്ടതോടെയാണ് സമരത്തിലേക്ക് നീങ്ങിയത്.
രണ്ട് ദിവസത്തെ രാപകൽ സമരം സൂചന മാത്രമാണെന്ന് റേഷൻ വ്യാപാരി സംയുക്ത സമര സമിതി അറിയിച്ചു. റേഷൻ കടകൾ നടത്തുന്നവർക്ക് പ്രതിഫലം നൽകുന്നതിന് നിലവിലുള്ള നിബന്ധനകളിൽ മാറ്റം വരുത്തുക, ക്ഷേമനിധി ബോർഡ് പുന:സംഘടിപ്പിക്കുക, ജീവനക്കാർക്ക് സർക്കാർ ശമ്പളം നൽകുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് സമരം.