വെള്ളക്കെട്ട് മാറ്റാൻ റോഡരികിൽ കുളം കുഴിച്ച് പൊതുമരാമത്തിന്റെ പുത്തൻ പദ്ധതി

Share our post

ഇരിട്ടി: മഴപെയ്താൽ സ്ഥിരമായി വെള്ളക്കെട്ട് ഉണ്ടാകുന്ന റോഡിൽ ഇതിനു പരിഹാരം കാണാൻ റോഡരികിൽ കുളംകുത്തി പൊതുമരാമത്ത് വകുപ്പ്. ഇരിട്ടി – പേരാവൂർ റോഡിൽ ഊവ്വാപ്പള്ളിയിലാണ് പൊതുമരാമത്തു വകുപ്പിന്റെ ഈ പുത്തൻ പദ്ധതി നടപ്പിലാക്കിയത്. മഴപെയ്താൽ റോഡിൽ സ്ഥിരം ഉണ്ടാകുന്ന വെള്ളക്കെട്ടും ഇവിടെ നിന്നും വെള്ളം സ്വകാര്യ വ്യക്തികളുടെ പറമ്പിലൂടെ ഒഴുകി വീടുകളിൽ ഉൾപ്പെടെ എത്തുന്നതും ഏറെ ബുദ്ധിമുട്ട് സൃഷ്ടിച്ചിരുന്ന സാഹചര്യത്തിലാണ് പൊതുമരാമത്ത് വകുപ്പ് മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച് റോഡിനോട് ചേർന്ന് വലിയ കുഴിയെടുത്ത് അതിലേക്ക് വെള്ളം തിരിച്ചുവിട്ടത്.

ഓവുചാൽ നിർമ്മിച്ച് വെള്ളം കൾവെർട്ടിലൂടെ കടത്തി റോഡിന് അപ്പുറത്തേക്ക് വിടാമെന്നിരിക്കെയാണ് ഇത്തരമൊരു പ്രവർത്തിക്ക് അധികൃതർ മുതിർന്നത്. എന്നാൽ ഈ കുഴിയിൽ നിറയുന്ന വെള്ളം വീണ്ടും റോഡിലേക്ക് തന്നെയാണ് ഒഴുകി പോകുന്നത്. റോഡരിക് ചേർന്ന് തന്നെ കുഴിയെടുത്തതുമൂലം ഇത് വലിയ അപകടങ്ങൾക്കും ഇടയാക്കും. പായം മുക്കിൽ ഉൾപ്പെടെ ഇത്തരത്തിൽ ഓവുചാൽ നിർമ്മിച്ചെങ്കിലും വെള്ളം ഒഴുകി പോകുന്നത് റോഡിലൂടെ തന്നെയാണ്. മഴക്കാലം എത്തുന്നതിനു മുൻപേ തന്നെ ഓവുചാലുകൾ നവീകരിച്ച് മഴവെള്ളം സുഗമമായി ഒഴുകിപ്പോവാനുള്ള സംവിധാനങ്ങൾ ഒരുക്കിയാൽ തീരാവുന്ന പ്രശ്നമേ ഉണ്ടായിരുന്നുള്ളൂ എന്നിരിക്കെ പൊതുമരാമത്തിന്റെ ഈ പുത്തൻ പരീക്ഷണം കണ്ട് അന്തംവിട്ട് നിൽക്കുകയാണ് ജനങ്ങൾ.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!