Kerala
പ്ലാവിലുണ്ട് പലതരം മധുരം; സ്ഥല ലഭ്യത നോക്കി വ്യത്യസ്ത ഇനങ്ങൾ കൃഷി ചെയ്യാം

പുഴുങ്ങിയും വറത്തും പഴമായും മൂല്യവർധിത ഉത്പന്നങ്ങളായും കഴിക്കാവുന്ന ചക്കയുടെ വിശേഷങ്ങൾ വാക്കിലൊതുങ്ങില്ല. മധുരവും വലുപ്പവും ഔഷധഗുണങ്ങളുംകൊണ്ട് സമ്പന്നമാണ് കേരളത്തിന്റെ ഈ ഔദ്യോഗികഫലം. രുചിയിലും വലുപ്പത്തിലും വളർച്ചയിലും വേറിട്ടുനിൽക്കുന്ന നൂറുകണക്കിനു പ്ലാവിനങ്ങളുണ്ട്. കൂഴച്ചക്ക (പഴംചക്ക)യെന്നും വരിക്കച്ചക്കയെന്നും രണ്ടായിത്തിരിക്കാം. ചുളയുടെ കനവും ഉറപ്പും കാരണം വരിക്കയ്ക്കാണ് പ്രിയം കൂടുതൽ.
ചുവന്ന ചുളയുള്ള ചക്ക
ചുവന്ന ചുളയുള്ള ചക്കകളിൽ മികച്ചയിനമാണ് സിന്ദൂർ വരിക്ക. കേരള കാർഷിക സർവകലാശാലയുടെ കൊട്ടാരക്കര സദാനന്തപുരം കൃഷി സമ്പ്രദായക ഗവേഷണകേന്ദ്രമാണ് തേൻവരിക്ക ഇനത്തിൽപ്പെട്ട സിന്ദൂർ വരിക്ക വികസിപ്പിച്ചത്. നല്ലമധുരമുള്ള ഈയിനം വർഷത്തിൽ രണ്ടുതവണ ഫലംതരും. ബഡ് ചെയ്ത തൈകൾ നാലുവർഷത്തിനകം കായ്ക്കും. 12-20 കിലോ തൂക്കംവരുന്ന ചക്കയ്ക്ക് വലിയ ചുളകളാണുണ്ടാവുക.
തായ്‌ലാൻഡിൽനിന്നുള്ള ഡാങ്സൂര്യയാണ് ചുവന്നചുളയുള്ള മറ്റൊരു പ്രധാന ഇനം. നല്ലമധുരമുള്ള ഈയിനം വർഷത്തിൽ ഒരുതവണമാത്രമേ കായ്ക്കൂ. ബഡ് തൈകൾ നട്ട് മൂന്നുവർഷത്തിനകം കായ്ഫലം തരും. കട്ടിയുള്ള ചുളകളാണ്. ചക്കയ്ക്ക് 15-20 കിലോ തൂക്കംവരും. വിയറ്റ്നാം റെഡ് ജാക്കും ചുവന്ന ചുളയുള്ള ഇനമാണ്. വിയറ്റ്നാം സൂപ്പർ ഏർലിയിൽനിന്ന് വ്യത്യസ്തമായി വലിയ മരമായിവളരുന്ന ഈയിനം ചക്കയ്ക്ക് 10-15 കിലോ തൂക്കമുണ്ടാകും. ചുവന്ന ചുളയുള്ള കർണാടകയിൽനിന്നുള്ള സിദ്ധുജാക്കിൽ നിന്ന് കിട്ടുന്നത് ചെറിയ ചക്കകളാണ്. ഇവകൂടാതെ, ചുവന്ന ചുളയുള്ള അപൂർവം നാടൻ ഇനങ്ങളുമുണ്ട്.
ജെ. 33
അതിമധുരവും വലിയ ചുളകളുമുള്ള ചക്ക. വിദേശയിനം പ്ലാവുകളിൽ രുചിയിൽ മുൻനിരയിലാണ് മലേഷ്യയിൽനിന്നുള്ള ജെ.33. ചകിണിക്ക് പോലും മധുരമുണ്ട്. ഷെൽഫ് ലൈഫ് കൂടുതലാണ്. മടലിന് കനം കുറവുമാണ്. 10-20 കിലോ തൂക്കമുണ്ടാകും. പുഴുങ്ങാനുൾപ്പെടെ നല്ലതാണ്. മരംനിറയെ കായ്ക്കുന്ന ഇവ വ്യാവസായികമായി കൃഷിചെയ്യാനും പറ്റിയതാണ്. ഇവയുടെ ബഡ് തൈകൾ മൂന്നുവർഷത്തിനകം കായ്ക്കും.
ഗംലെസ് വൈറ്റ് ജാക്ക്
വെണിഞ്ഞീര് തീരേ കുറഞ്ഞതും അതിമധുരമുള്ളതുമാണ് ഗംലെസ് വൈറ്റ് ജാക്ക്. പേരുപോലെ പഴുത്താലും വെള്ളനിറമാണ്. തായ്‌ലാൻഡിൽനിന്നുള്ള ഈ ചക്ക രുചിയിൽ മുന്നിലാണ്. മടലിന് കനംകുറവാണ്. 15-20 കിലോവരുന്ന ഇവ മൂന്നു വർഷത്തിനകം കായ്ക്കും.
വിയറ്റ്നാം സൂപ്പർ ഏർലി
പ്രചാരത്തിൽ ഏറ്റവും മുന്നിലുള്ള കുള്ളൻ ഇനമാണ് വിയറ്റ്നാം സൂപ്പർ ഏർലി. ഒന്നരവർഷത്തിനകം കായ്ക്കുമെന്നതാണ് ആകർഷകമായ കാര്യം. രണ്ടോ മൂന്നോ തവണ കായ്ക്കുമെന്ന മേന്മയുമുണ്ട്. അഞ്ചുമുതൽ 10 കിലോവരെവരുന്ന ചെറിയ ചക്കകളാണ് ഇവയുടേത്. പത്തടി അകലത്തിൽ നടാവുന്ന ഇവ ഒട്ടേറെപ്പേർ വ്യാവസായികാടിസ്ഥാനത്തിലും കൃഷിചെയ്യുന്നുണ്ട്. കൂടുതലെണ്ണം കായ്ക്കുമെങ്കിലും തടിയുടെ ആരോഗ്യം കണക്കിലെടുത്ത് കുറച്ചെണ്ണം അടർത്തിമാറ്റണം. കമ്പുകൾക്ക് ഉണക്ക്, ഇല മഞ്ഞളിപ്പ് തുടങ്ങിയ രോഗങ്ങൾ ഇവയെ ബാധിക്കാറുണ്ട്. നടുമ്പോഴും വർഷത്തിലൊരിക്കലും കുമ്മായമിടണം. വെള്ളക്കെട്ടില്ലെന്ന് ഉറപ്പാക്കുകയുംവേണം.
എങ്ങനെ കൃഷിചെയ്യാം
ഒന്നരയടി ആഴവും വിസ്തൃതിയുമുള്ള കുഴിയെടുക്കുക. കുഴിയിലെ കല്ലുൾപ്പെടെ നീക്കണം. അതേ മണ്ണുകൊണ്ടുതന്നെ കുഴിമൂടുക. മധ്യഭാഗത്ത് ചെറിയൊരു കുഴി(പിള്ളക്കുഴി)യെടുത്ത് ഗ്രോബാഗിലെ മണ്ണിന്റെ മുകൾഭാഗം തറനിരപ്പിന്റെ സമാനമായ നിലയിലാകുന്നവിധം തൈവെച്ചശേഷം 15 കിലോ ചാണകമോ ആട്ടിൻകാഷ്ഠമോ ചുറ്റുമിടുക. അതിനുമുകളിൽ മണ്ണ് കൂട്ടിയിടുക. ബഡ് മണ്ണിനടിയിലാകാതെ ശ്രദ്ധിക്കണം. തുടർന്ന് തടിയിൽ തട്ടാത്തവിധം പുല്ലുകൊണ്ടോ കരിയിലകൊണ്ടോ ചുറ്റും പുതയിടുക. വർഷത്തിൽ രണ്ടുതവണ 10 കിലോവീതം ചാണകമിടുന്നത് നല്ലതാണ്. നല്ല വെയിൽ കിട്ടുന്നിടത്താണ് നടേണ്ടത്.
കംബോഡിയൻ ജാക്ക്,വിയറ്റ്നാം സൂപ്പർ ഏർലി ഒഴികെ മറ്റിനങ്ങളെല്ലാം 25-30 അടി അകലത്തിൽ നടണം. വേനൽക്കാലത്ത് ആഴ്ചയിൽ രണ്ടുതവണയെങ്കിലും നനയ്ക്കണം. മരം അധികം ഉയരത്തിൽപോകാതെ പന്തലിച്ചുവളരാനും കൂടുതൽ കായ്ഫലമുണ്ടാകാനും വർഷത്തിൽ ഒരുതവണ കൊമ്പുകോതണം.
തേൻവരിക്ക
പേരുപോലെ ചുളയ്ക്കുള്ളിൽ തേൻകണങ്ങളുള്ള ചക്കയാണ് തേൻവരിക്ക. പ്രാദേശികഭേദമനുസരിച്ച് നിറത്തിലും രുചിയിലും വ്യത്യസ്തതകളുള്ള പലതരം തേൻവരിക്കകളുണ്ട്. ഏപ്രിൽ-ജൂലായ് ആണ് ചക്കയുടെ സീസൺ. എന്നാൽ, ഓഫ്സീസണിലും എല്ലാ സീസണിലും കായ്ഫലം തരുന്ന അപൂർവയിനം തേൻവരിക്കകളുമുണ്ട്. ബഡ് ചെയ്ത തൈകൾ നട്ടാൽ മൂന്നോ നാലോ വർഷത്തിനകം കായ്ക്കും. മാതൃസസ്യത്തിന്റെ ഗുണംനോക്കിവേണം ബഡ് ചെയ്ത തൈകൾ വാങ്ങിനടാൻ.
കംബോഡിയൻ ജാക്ക്
വേഗത്തിൽ കായ്ക്കുന്ന കുള്ളൻ ഇനങ്ങളിൽ മികച്ചതാണ് കംബോഡിയൻ ഓറഞ്ച് ജാക്ക്. രണ്ടുവർഷത്തിനകം കായ്ക്കുന്ന ചക്കയ്ക്ക് ഓറഞ്ച് നിറമാണ്. അധികം ഉയരത്തിൽ പോകാതെ വെട്ടിയൊതുക്കി വളർത്താമെന്നതാണ് പ്രധാന മേന്മ. സ്ഥലപരിമിതിയുള്ളവർക്ക് ഇത് അനുയോജ്യമാണ്. 14 അടി അകലത്തിൽ തൈകൾ നടാവുന്ന ഇവ വ്യാവസായികാടിസ്ഥാനത്തിലും കൃഷിചെയ്യാം. വർഷത്തിൽ ഏതാണ്ട് മിക്കസമയങ്ങളിലും കായ്ക്കും. ചക്കയ്ക്ക് 10 കിലോയിലേറെ തൂക്കംവരും.
400 പ്ലാവിനങ്ങൾ കൃഷിചെയ്ത് വി.എ. തോമസ്
പ്ലാവുകൾകൊണ്ടൊരു മായികലോകം തീർക്കുകയാണ് വി.എ. തോമസ്. കോട്ടയം ജില്ലയിലെ ചക്കാമ്പുഴയിലുള്ള കട്ടക്കയം വീട്ടിലെത്തിയാൽ കാണാനാവുക വളർന്നുപന്തലിച്ചുനിൽക്കുന്ന 400-ലേറെ ഇനം പ്ലാവുകളാണ്. വീടിനോടുചേർന്ന അഞ്ചേമുക്കാൽ ഏക്കറിലാണ് കൃഷി. വെള്ളം കയറാത്തതും നല്ലരുചിയുള്ളതുമായ നാടൻ ഇനങ്ങൾ കണ്ടെത്തി നട്ടുവളർത്തുകയാണ് തോമസ് ചെയ്യുന്നത്. ഓഫ്സീസണിലും എല്ലാ സീസണിലും ചക്കകിട്ടുന്ന തേൻവരിക്കയിനങ്ങൾ ഇവയിലുണ്ട്. തേൻവരിക്ക-49 ഒക്ടോബർമുതലും 23, 33 ഇനങ്ങൾ ഡിസംബർ മുതലും കായ്ക്കും. തേൻവരിക്ക-39 എല്ലാസീസണിലും കായ്ക്കും.
കൂട്ടത്തിൽ ഏറ്റവും മധുരമുള്ളത് ‘സൂപ്പർ’ ഇനമാണെന്ന് തോമസ് പറയുന്നു. നട്ട് നാലുവർഷത്തിനകം കായ്ക്കുന്ന ‘സൂപ്പർ’ പാലയിലെ പഴക്കംചെന്നൊരു പ്ലാവിൽനിന്ന് ബഡ് ചെയ്തതാണ്. ഒരു പ്ലാവിൽ 200 ചക്കവരെ കിട്ടുന്ന ഇത് വർഷത്തിൽ രണ്ടുതവണ കായ്ക്കും. ചെറിയ ഉരുണ്ട ചക്കയുടെ മടലിന് കടലാസിന്റെ കനമേയുള്ളൂ. തേൻവരിക്ക-9 ഇനവും മധുരത്തിൽ മുന്നിലാണ്. വെള്ള, മഞ്ഞ, ചുവപ്പ് നിറങ്ങളിലുള്ള ചുളകളോടുകൂടിയ തേൻവരിക്കയിനങ്ങൾ ഇവിടെയുണ്ട്. കംബോഡിയൻ ജാക്ക്, വിയറ്റ്നാം സൂപ്പർ ഏർലി ഉൾപ്പെടെ പ്രധാനപ്പെട്ട എല്ലാ വിദേശയിനങ്ങളും കൃഷിചെയ്യുന്നുണ്ട്.
പറമ്പിന്റെ ഉയർന്നഭാഗങ്ങളിൽ നീർക്കുഴികൾ കുഴിച്ചാണ് പ്ലാവിനുവേണ്ട വെള്ളം കണ്ടെത്തുന്നത്. വേനലിൽ സ്പ്രിൻഗ്ലർവഴി ജലസേചനം നടത്തും. ചാണകവും ചാരവും മാത്രമാണ് വളമായി ഉപയോഗിക്കുന്നത്. കൂടാതെ, പുല്ലുകൊണ്ട് പുതയിടും. മറ്റൊരുവളവും പറമ്പിൽ കയറ്റാറില്ലെന്ന് 79-കാരനായ തോമസ് പറയുന്നു. കൂടുതൽ ഇനം പ്ലാവുകൾ വളർത്തിയതിനുള്ള യൂണിവേഴ്സൽ റെക്കോഡ് ഫോറത്തിന്റെ ഏഷ്യൻ, ലോക റെക്കോഡുകളും കൃഷി വകുപ്പിന്റേതുൾപ്പെടെ ഒട്ടേറെ പുരസ്കാരങ്ങളും തോമസിനെ തേടിയെത്തിയിട്ടുണ്ട്. ഫോൺ: 9495213264
Kerala
താനൂരിലെ പെൺകുട്ടികളുടെ ദൃശ്യങ്ങൾ പ്രചരിപ്പിക്കരുത്’; ശക്തമായ നിയമനടപടിയെന്ന് പൊലീസ്


മലപ്പുറം: താനൂരിൽ നിന്ന് കാണാതാവുകയും പിന്നീട് മുംബൈയിൽ നിന്ന് കണ്ടെത്തുകയും ചെയ്ത പെൺകുട്ടികളുടെ ദൃശ്യങ്ങൾ പ്രചരിപ്പിക്കരുതെന്ന് പൊലീസ്. സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ച ദൃശ്യങ്ങളും, ചിത്രങ്ങളും, വിവരങ്ങളുമുൾപ്പടെ നീക്കം ചെയ്യണമെന്ന് പൊലീസ് അറിയിച്ചു. നീക്കം ചെയ്യാത്തവർക്കെതിരെ ശക്തമായ നിയമനടപടി സ്വീകരിക്കുമെന്നാണ് പൊലീസ് നൽകുന്ന മുന്നറിയിപ്പ്.പെൺകുട്ടികളെ ഇതുവരെ വീട്ടുകാർക്കൊപ്പം വിട്ടിട്ടില്ല. സിഡബ്ല്യുസി കെയർ ഹോമിൽ തുടരുന്ന കുട്ടികളെ വിശദമായ കൗൺസിലിനിങിന് ശേഷമായിരിക്കും വീട്ടുകാർക്കൊപ്പം വിട്ടുനൽകുക. നാട് വിടാൻ കുട്ടികളെ സഹായിച്ച എടവണ്ണ സ്വദേശി റഹീം അസ്‌ലമിനെ കോടതി കഴിഞ്ഞ ദിവസം റിമാൻഡ് ചെയ്തിരുന്നു. ഇയാളെ തിരൂർ സബ് ജയിലിലേക്ക് മാറ്റി. തട്ടിക്കൊണ്ടു പോകൽ ഉൾപ്പടെയുള്ള വകുപ്പുകൾ ചുമത്തിയാണ് റഹീമിനെ പൊലീസ് അറസ്റ്റ് ചെയ്തത്.
ഇക്കഴിഞ്ഞ ഫെബ്രുവരി അഞ്ചിന് പരീക്ഷയ്‌ക്കെന്ന് പറഞ്ഞ് വീട്ടിൽ നിന്ന് ഇറങ്ങിയ വിദ്യാർത്ഥിനികളാണ് നാടുവിട്ടത്. പിന്നാലെ രണ്ട് കുട്ടികളുടെയും കുടുംബം പൊലീസിൽ പരാതി നൽകുകയായിരുന്നു. പൊലീസ് നടത്തിയ അന്വേഷണത്തിൽ പെൺകുട്ടികൾ തിരൂർ റെയിൽവേ സ്റ്റേഷനിൽ എത്തിയതടക്കമുള്ള സിസിടിവി ദൃശ്യങ്ങൾ കണ്ടെത്തിയിരുന്നു. തിരൂർ റെയിൽവേ സ്റ്റേഷനിൽ നിന്ന് രണ്ട് മണിയോടെ വിദ്യാർത്ഥിനികൾ കോഴിക്കോട് എത്തി.ഇതിന് പിന്നാലെ ഇവരുടെയും മൊബൈൽ ഫോൺ സ്വിച്ച് ഓഫായി. ഇതിനിടെ പെൺകുട്ടികൾ മുംബൈയിലെ സലൂണിൽ എത്തി മുടിവെട്ടിയതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു. ഹെയർ ട്രീറ്റ്‌മെന്റിനായി പതിനായിരം രൂപയാണ് പെൺകുട്ടികൾ സലൂണിൽ ചെലവഴിച്ചത്. ഇതിന് പിന്നാലെ പൊലീസ് നടത്തിയ അന്വേഷണത്തിൽ പൂനെയിൽ നിന്ന് പെൺകുട്ടികളെ കണ്ടെത്തുകയായിരുന്നു.
Kerala
പെരുന്നാൾ അവധി ; ടിക്കറ്റ് നിരക്ക് ഉയർത്തി വിമാന കമ്പനികൾ


പെരുന്നാൾ അവധിക്കാലത്ത് ടിക്കറ്റ് നിരക്കുയർത്തി വിമാന കമ്പനികൾ. പെരുന്നാൾ അവധി അടുക്കുമ്പോഴേക്കും എല്ലാ വിമാന കമ്പനികളും നിരക്കുകൾ കുത്തനെ ഉയർത്തി. ഈ മാസം 27, 28, 30 തീയതികളിലാണ് ഏറ്റവും ഉയർന്ന നിരക്കുകൾ ഈടാക്കുന്നത്. അതേസമയം ഈദുൽ ഫിത്തർ തിങ്കളാഴ്ച വരാൻ സാധ്യതയുള്ളതിനാൽ
തുടർദിവസങ്ങളിൽ അവധി ലഭിക്കുമെന്നും അതിനാൽ കൂടുതൽ പേർ നാട്ടിൽ
പോവാൻ സാധ്യതയുള്ളതിനാലാണ് വിമാന കമ്പനികൾ നിരക്കുകൾ
ഉയർത്തുന്നത്. അതോടൊപ്പം വിവിധ വിമാന കമ്പനികൾ ഇക്കണോമി ക്ലാസിനെ
നാലു വിഭാഗങ്ങളായി തിരിച്ചിട്ടുണ്ട്. ഇക്കണോമി ക്ലാസിൽ സൗകര്യങ്ങൾ
കുറഞ്ഞ വിഭാഗത്തിന്റെ നിരക്കാണ് ഓൺലൈനിൽ പ്രദർശിപ്പിക്കുന്നത്. എയർ
ഇന്ത്യ എക്സ്പ്രസിന് എക്സ്പ്രസ് ലൈറ്റ്, എക്സ്പ്രസ് വാല്യൂ,എക്സ്പ്രസ് ഫ്ലക്സി, എക്സ്പ്രസ് ബിസ് എന്നീ വിഭാഗങ്ങളാണുള്ളത്. ഇതിൽ ഏറ്റവും താഴ്ന്ന ലൈറ്റ് വിഭാഗത്തിൽ യാത്രക്കാരന് ഹാൻഡ് ബാഗുകൾ മാത്രം കൊണ്ടുപോവാനുള്ള ആനുകൂല്യമാണ്
അനുവദിക്കുന്നത്.
Kerala
ഡ്രൈവിങ് ലൈസൻസ് ടെസ്റ്റ് നടപടികളിൽ വീണ്ടും ഭേദഗതിയുമായി മോട്ടോർ വാഹന വകുപ്പ്


കോഴിക്കോട്: ഡ്രൈവിങ് ലൈസൻസ് ടെസ്റ്റ് നടപടികളിൽ വീണ്ടും ഭേദഗതിയുമായി മോട്ടോർ വാഹന വകുപ്പ്. റോഡുകളിൽ ഗുണനിലവാരമുള്ള ഡ്രൈവിങ് ഉറപ്പുവരുത്തുന്നതിന് മാസങ്ങൾക്കു മുമ്പ് നടത്തിയ പരിഷ്കരണത്തിലാണ് വീണ്ടും ഭേദഗതി വരുത്തിയത്. 40 പേർക്കുള്ള ടെസ്റ്റ് ബാച്ചിൽ വിദേശത്തോ ഇതര സംസ്ഥാനങ്ങളിലോ പഠന-ജോലി ആവശ്യങ്ങൾക്ക് പോകേണ്ട അഞ്ചുപേർക്ക് നൽകിയ ക്വോട്ടയിൽ പരിഷ്കരണം വരുത്തിയതാണ് പ്രധാനം.
ഹ്രസ്വാവധിക്ക് നാട്ടിലെത്തി മടങ്ങിപ്പോകേണ്ടവർക്ക് ടെസ്റ്റിൽ പങ്കെടുക്കണമെങ്കിൽ മുൻകൂട്ടി ഓൺലൈനിൽ ടോക്കൺ എടുക്കണം. നിലവിൽ ആർ.ടി.ഒ തലത്തിലായിരുന്നു ഇവരെ പരിഗണിച്ചിരുന്നത്. ഈ വിഭാഗത്തിൽപെടുന്ന അപേക്ഷകർ ഇല്ലെങ്കിൽ ടെസ്റ്റിൽ പരാജയപ്പെട്ട അഞ്ചുപേരെയും പരിഗണിച്ചിരുന്നു. സീനിയോറിറ്റി കൃത്യമായി പരിഗണിച്ച് മാത്രമേ ഇനി റീ-ടെസ്റ്റിന് അനുമതി നൽകുകയുള്ളൂ. സീനിയോറിറ്റി ക്രമം ഉറപ്പുവരുത്താൻ സോഫ്റ്റ് വെയറിൽ മാറ്റംവരുത്തും.ആറുമാസത്തെ കാലാവധി അവസാനിച്ച് ലേണേഴ്സ് ടെസ്റ്റിന് വീണ്ടും അപേക്ഷിക്കുമ്പോൾ കണ്ണ് പരിശോധന സർട്ടിഫിക്കറ്റ് ഇനിമുതൽ ഹാജരാക്കേണ്ടതില്ല. ലേണേഴ്സ് ലൈസൻസ് കാലാവധി കഴിഞ്ഞ് വീണ്ടും അപേക്ഷ സമർപ്പിക്കുന്നത് 30 ദിവസം കഴിഞ്ഞേ സാധ്യമാകുകയുള്ളൂവെന്ന നിലവിലെ സ്ഥിതിയും എടുത്തുകളഞ്ഞിട്ടുണ്ട്.
ഇനിമുതൽ ഒരു മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടറും (എം.വി.ഐ) ഒരു അസിസ്റ്റന്റ് എം.വി.ഐയും മാത്രമേ ഡ്രൈവിങ് ടെസ്റ്റ് നടത്തുകയുള്ളൂ. മറ്റ് എം.വി.ഐകളും എ.എം.വി.ഐകളും ഉണ്ടെങ്കിൽ ഫിറ്റ്നസ് ടെസ്റ്റും പരിശോധനയും നടത്തും. രണ്ട് എം.വി.ഐമാർ ഉണ്ടായിരുന്ന ആർ.ടി.ഒ, സബ് ആർ.ടി.ഒ ഓഫിസുകളിൽ രണ്ടു ബാച്ചായി ഡ്രൈവിങ് ടെസ്റ്റ് നടത്തുന്നതിനാണ് വിരാമമായയത്.ഡ്രൈവിങ് ടെസ്റ്റിനുശേഷം എല്ലാ ദിവസവും വാഹനങ്ങളുടെ ഫിറ്റ്നസ് ടെസ്റ്റ്കൂടി നടത്തണം. ഒരു എം.വി.ഐയും ഒരു എ.എം.വി.ഐയും മാത്രമുള്ള ഓഫിസുകളിൽ തിങ്കൾ, ചൊവ്വ, വ്യാഴം, വെള്ളി ദിവസങ്ങളിലേ ഡ്രൈവിങ് ടെസ്റ്റ് നടത്തൂ. ബുധൻ, പൊതു അവധിയല്ലാത്ത ശനി ദിവസങ്ങളിലാകും ഫിറ്റ്നസ് ടെസ്റ്റ്.
-
Local News2 years ago
പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ
-
Breaking News2 years ago
ലാപ്‌ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,
-
PERAVOOR2 years ago
പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു
-
KOLAYAD2 years ago
കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്
-
Kannur2 years ago
പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി
-
Kannur2 years ago
വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു
-
Breaking News12 months ago
പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു
-
Breaking News2 years ago
പേരാവൂര്‍ കുനിത്തലയില്‍ പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്‍ഷം;നാലു പേര്‍ക്കെതിരെ കേസ്