കണ്ണൂരിൽ തീവണ്ടിക്ക് നേരെ കല്ലേറ്; ഒരാൾ പിടിയിൽ

കണ്ണൂർ : കണ്ണൂരിൽ തീവണ്ടിക്ക് കല്ലെറിഞ്ഞ സംഭവത്തിൽ യുവാവ് പിടിയിൽ. കക്കാട് അത്താഴക്കുന്നിലെ പി.വി. നിഖിലിനെ (23) ആണ് റെയിൽവേ പോലീസ്, ആർ.പി.എഫ് എന്നിവയുടെ സഹായത്തോടെ ടൗൺ പോലീസ് അറസ്റ്റ് ചെയ്തത്. വെള്ളിയാഴ്‌ച വൈകിട്ട് 4.45-നാണ് സംഭവം. തിരുവനന്തപുരത്ത് നിന്ന് നിസാമുദ്ദീൻ വരെ പോകുന്ന മംഗള എക്‌സ്പ്രസ് കണ്ണൂർ റെയിൽവേ സ്റ്റേഷൻ വിട്ടയുടനെ പാറക്കണ്ടിയിൽ വച്ചാണ് കല്ലേറുണ്ടായത്.
റെയിൽവേ ട്രാക്കിന് സമീപം സുഹൃത്തുമായി വാക്ക് തർക്കത്തിൽ ഏർപ്പെട്ട നിഖിൽ തുടർന്ന് ഇതുവഴി കടന്ന് പോകുകയായിരുന്ന തീവണ്ടിക്ക് നേരെ മദ്യലഹരിയിൽ കല്ലെറിയുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. കല്ലേറിൽ മംഗള എക്‌സ്പ്രസിൻ്റെ എം-1 കോച്ചിൻ്റെ 31, 32 സീറ്റുകൾക്കും ജനൽ ചില്ലുകൾക്കും കേടുപാട് സംഭവിച്ചു. റെയിൽവേ പോലീസും ആർ.പി.എഫും അന്വേഷണം ആരംഭിച്ചു.