ആഘോഷ അവധികളിൽ പ്രത്യേക ട്രെയിൻ സർവീസ്

തിരുവനന്തപുരം : മലബാറിലെ യാത്രാപ്രശ്നവുമായി ബന്ധപ്പെട്ട് ദക്ഷിണ റെയിൽവേ അധികൃതരുമായി സംസ്ഥാനം ചർച്ച അനുകൂലമായിരുന്നുവെന്ന് മന്ത്രി വി.അബ്ദുറഹിമാൻ നിയമസഭയിൽ പറഞ്ഞു. സംസ്ഥാനത്തിന്റെ ആവശ്യപ്രകാരം ആഘോഷ അവധി വേളകളിൽ തിരക്കുള്ള റൂട്ടിൽ പ്രത്യേക സർവീസുകൾ അനുവദിക്കാമെന്ന് റെയിൽവേ അറിയിച്ചിട്ടുണ്ട്. ഇതിന്റെ ഭാഗമായി അവധി ദിനങ്ങൾ ഉൾപ്പെടുത്തിയുള്ള സീസണൽ കലണ്ടർ തയ്യാറാക്കി ഈ മാസം തന്നെ റെയിൽവേയ്ക്ക് നൽകും. കൂടുതൽ മെമു സർവീസിനുള്ള സാധ്യത പരിശോധിക്കുമെന്നും രണ്ടാം വന്ദേഭാരതിൽ 16 കോച്ചുകളായി വർധിപ്പിക്കുമെന്നും റെയിൽവേ അറിയിച്ചിട്ടുണ്ട്.
ഷൊർണൂർ – കണ്ണൂർ പാസഞ്ചർ കാസർകോടേക്ക് നീട്ടും.യാത്രക്കാരുടെ പരാതികൾ കേൾക്കാൻ അദാലത്ത് മാതൃകയിൽ കോഴിക്കോട് – എറണാകുളം – തിരുവനന്തപുരം മേഖലാ യോഗങ്ങൾ ചേരും. ആദ്യയോഗം അടുത്തമാസമുണ്ടാകും. രണ്ടുതവണ ചർച്ച നടത്തിയിട്ടും റയിൽവേ വികസനവുമായി സഹകരിക്കാൻ കർണാടക തയ്യാറായില്ല. വനമേഖലയും ജനനിബിഡപ്രദേശവുമെന്ന കാരണവുമാണ് അവർ ഉന്നയിക്കുന്നതെന്നും മന്ത്രി പറഞ്ഞു.