വഴിതെറ്റിയ വയോധികക്ക് തുണയായി പേരാവൂർ പോലീസ്

പേരാവൂർ: മാലൂരിൽ നിന്ന് വഴി തെറ്റി പേരാവൂരിനു സമീപം പെരുമ്പുന്നയിലെത്തിയ വയോധികയെ പോലീസിന്റെ ഇടപെടലിലൂടെ വീട്ടിൽ തിരികെയെത്തിച്ചു. മാലൂർ അരിങ്ങോട്ട് വയൽ സ്വദേശിനി അരയാലിൻ കീഴിൽ നാണിയെയാണ് (75) പേരാവൂർ പോലീസ് ജീപ്പിൽ വീട്ടിലെത്തിച്ചത്. വെള്ളിയാഴ്ച ഉച്ചയോടെയാണ് നാണി പെരുമ്പുന്നയിലെ പുത്തൻപുരയിൽ ഡെയ്‌സിയുടെ വീട്ടിൽ വഴി തെറ്റിയെത്തിയത്. സംഭവ സമയത്ത് ഡെയ്‌സിയും കുടുംബവും വീട്ടിലുണ്ടായിരുന്നില്ല.
വീട്ടുമുറ്റത്തിരിക്കുന്ന വയോധികയെ അയൽവാസികൾ കാണുകയും വിവരങ്ങൾ അന്വേഷിച്ചപ്പോൾ പരസ്പര ബന്ധമില്ലാതെ സംസാരിക്കുകയുമായിരുന്നു. സമീപവാസികൾ വാർഡ് മെമ്പർ വി.എം. രഞ്ജുഷയെ വിവരമറിയിച്ചു. സ്ഥലത്തെത്തിയ രഞ്ചുഷ പേരാവൂർ പോലീസിനെ വിളിച്ചുവരുത്തി വയോധികയോട് സംസാരിച്ചെങ്കിലും വ്യക്തമായ മറുപടി ലഭിച്ചില്ല.
പോലീസിന്റെ ചോദ്യങ്ങൾക്ക് മറുപടി പറയുന്ന കൂട്ടത്തിൽ മാലൂർ എന്ന് പറഞ്ഞതോടെ വയോധികയുടെ ചിത്രം പകർത്തി മാലൂർ പോലീസിന് കൈമാറി. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് മാലൂർ അരിങ്ങോട്ടുവയൽ സ്വദേശിയാണെന്ന് മനസിലായത്. ഓർമ്മക്കുറവുള്ള ഇവർ എങ്ങനെയാണ് ഇവിടെ എത്തിയതെന്നറിയില്ല. ഒടുവിൽ പേരാവൂർ ഇൻസ്‌പെക്ടർ എം.ജി. ശ്യാമിന്റെ നേതൃത്വത്തിൽ അസി.സബ് ഇൻസ്‌പെക്ടർ ഇ.എച്ച്. മുഹമ്മദ് റഷീദ്, സീനിയർ സി.പി.ഒ.മാരായ കെ.ടി. ലിഷ, ടി. പ്രവീൺ എന്നിവർ നാണിയെ മാലൂരിലെ വീട്ടിൽ തിരികെയെത്തിക്കുകയായിരുന്നു.