ഡിജിറ്റൽ ദുരുപയോഗം: മൂന്നുവർഷത്തിനിടെ പൊലിഞ്ഞത് 24 ജീവൻ, നിയമനടപടിക്ക് വിധേയരായത് 19 പേർ

Share our post

കോട്ടയം: ഇന്റർനെറ്റിന്റെയും മൊബൈൽ ഫോണിന്റെയും ദുരുപയോഗത്തിന് ഇരയായി കഴിഞ്ഞ മൂന്ന് വർഷത്തിനിടെ പൊലിഞ്ഞത് 24 കൗമാരക്കാരുടെ ജീവൻ. 2021 മുതൽ കഴിഞ്ഞ മേയ്‌ വരെയുള്ള കണക്കുകളാണിത്. മൊബൈൽ ഫോണിന്റെ അമിതമായ ഉപയോഗംമൂലം തട്ടിപ്പുകളിലും ചൂഷണങ്ങളിലും പെട്ടുപോകുന്ന കുട്ടികളാണ് പ്രധാനമായും ആത്മഹത്യയിലേക്ക് നീങ്ങുന്നത്.

വിഷാദരോഗത്തിന് അടിമപ്പെടുന്ന കുട്ടികളും ഏറെ. കോവിഡിനുശേഷം മൊബൈലും ഇന്റർനെറ്റും കുട്ടികളുടെ ദൈനംദിന ജീവിതത്തിന്റെ ഭാഗമായി മാറിയതോടെയാണ് ഗുരുതര സ്ഥിതിയിലേക്ക് എത്തിയത്. ഇന്റർനെറ്റിലൂടെ ലൈംഗികചൂഷണം, ലഹരിക്കച്ചവടം തുടങ്ങിയ നിയമവിരുദ്ധപ്രവർത്തനങ്ങളിലും കുട്ടികൾ അകപ്പെടുന്നുണ്ടെന്നാണ് ആഭ്യന്തരവകുപ്പിന്റെ കണ്ടെത്തൽ. ഇത്തരത്തിൽ വിവിധ കാലയളവിൽ 19 കുട്ടികളെ പോലീസ് കണ്ടെത്തി നിയമനടപടി സ്വീകരിച്ചു.

രക്ഷയേകാൻ

ഡിജിറ്റൽ അടിമത്തത്തിന് ഇരയാക്കപ്പെട്ട കുട്ടികളെ രക്ഷപ്പെടുത്താൻ സർക്കാർ പദ്ധതികളുണ്ട്. തിരുവനന്തപുരം സിറ്റി, കൊല്ലം സിറ്റി, കൊച്ചി സിറ്റി, തൃശ്ശൂർ സിറ്റി, കണ്ണൂർ സിറ്റി എന്നിവിടങ്ങളിലായി ഡിജിറ്റൽ വിമോചനകേന്ദ്രങ്ങൾ സ്ഥാപിച്ചിട്ടുണ്ട്. 2023-ലാണ് ഈ പദ്ധതി നിലവിൽവന്നത്. കുട്ടികളിലെ അമിതമായ മൊബൈൽഫോൺ ഉപയോഗം, ഓൺലൈൻ ഗെയിം ആസക്തി, അശ്ലീലസൈറ്റുകൾ സന്ദർശിക്കൽ, സാമൂഹികമാധ്യമങ്ങളിൽ കൂടുതൽ സമയം ചെലവഴിക്കുന്നത്, വ്യാജ ഷോപ്പിങ് സൈറ്റുകളിലൂടെ പണം നഷ്ടപ്പെടുന്നത് തുടങ്ങിയവ ഇല്ലാതാക്കുകയാണ് ലക്ഷ്യം. ഡിജിറ്റൽ അടിമത്തത്തിന് ഇരയായ 318 കുട്ടികൾക്ക് വിമോചനകേന്ദ്രങ്ങൾവഴി കൗൺസലിങ് നൽകിയിട്ടുണ്ട്. നിലവിൽ 86 പേർക്ക് കൗൺസലിങ് നൽകിവരുന്നു.

കുടുംബബന്ധങ്ങൾ ദൃഢമാകണം

ഇത്തരം പ്രശ്‌നങ്ങൾക്കെല്ലാം കാരണം കുടുംബബന്ധങ്ങൾ ഇല്ലാതാകുന്നതാണ്. അച്ഛനും അമ്മയ്ക്കും കുട്ടികളെ ശ്രദ്ധിക്കാൻ സമയമില്ലാതായി. കുട്ടികളുടെ മാനസിക സംഘർഷങ്ങൾ മനസ്സിലാക്കാൻ ഇപ്പോൾ മാതാപിതാക്കൾക്ക് കഴിയുന്നില്ല. ഇതിന് മാറ്റം ഉണ്ടാകണം. -ഡോ. എൻ.എൻ.സുധാകരൻ, റിട്ട. പ്രൊഫസർ, സൈക്കാട്രിക് വിഭാഗം, കോട്ടയം മെഡിക്കൽ കോളേജ്.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!