അഞ്ച് വയസില്‍ താഴെയുള്ള കുട്ടികൾക്ക് ആധാറില്‍ പേര് ചേര്‍ക്കാം

Share our post

തിരുവനന്തപുരം : അഞ്ചു വയസ്സിൽ താഴെയുള്ള കുട്ടികൾക്കും ആധാറിൽ പേര് ചേർക്കാൻ അവസരം. അഞ്ചു വയസ്സുവരെയുള്ള കുട്ടികളുടെ ആധാർ എൻറോൾമെന്റ് സമയത്ത് അവരുടെ ബയോമെട്രിക്‌സ് (വിരലടയാളം, കൃഷ്ണമണി രേഖ) ശേഖരിക്കില്ല. എന്നാൽ, എൻറോൾ ചെയ്യപ്പെടുമ്പോൾ കുട്ടികളുടെ ജനന സർട്ടിഫിക്കറ്റ് ഹാജരാക്കണം. പിന്നീട് കുട്ടികളുടെ അഞ്ചാം വയസ്സിലും 15-ാം വയസ്സിലും ബയോമെട്രിക്‌സ് നിർബന്ധമായും ചേർക്കണം. അഞ്ചാം വയസ്സിലെ നിർബന്ധിത ബയോമെട്രിക്‌സ് പുതുക്കൽ ഏഴു വയസ്സിനുള്ളിലും 15 വയസ്സിലെ നിർബന്ധിത ബയോമെട്രിക്‌സ് പുതുക്കൽ 17 വയസ്സിനുള്ളിലും നടത്തിയാൽ മാത്രമേ സൗജന്യ പുതുക്കൽ സൗകര്യം ലഭ്യമാകൂ. അല്ലാത്തവർക്ക് 100 രൂപ നിരക്ക് ഈടാക്കും.

സ്‌കോളര്‍ഷിപ്പ്, റേഷന്‍ കാര്‍ഡില്‍ പേര് ചേര്‍ക്കല്‍, സ്‌കൂള്‍/ കോളജ് അഡ്മിഷന്‍, എന്‍ട്രന്‍സ് / പിഎസ്‌സി പരീക്ഷകള്‍, ഡിജിലോക്കര്‍, അപാര്‍, പാന്‍ കാര്‍ഡ് മുതലായവയില്‍ ആധാര്‍ ഉപയോഗപ്പെടുത്തുന്നുണ്ട്. അഞ്ചു വയസ്സിലെ പേര് ചേർക്കൽ, നിർബന്ധിത ബയോമെട്രിക്‌സ് പുതുക്കൽ എന്നീ സേവനങ്ങൾ അക്ഷയകേന്ദ്രങ്ങൾ വഴിയും മറ്റ്‌ ആധാർ കേന്ദ്രങ്ങൾ വഴിയും ലഭിക്കും. കേരളത്തിൽ ആധാറിന്റെ നോഡൽ ഏജൻസിയായി സംസ്ഥാന ഐ.ടി മിഷനെയാണ് സംസ്ഥാന സർക്കാരും ഭാരതീയ സവിശേഷ തിരിച്ചറിയൽ അതോറിറ്റിയും നിശ്ചയിച്ചിരിക്കുന്നത്. ആധാറുമായി ബന്ധപ്പെട്ട സംശയങ്ങൾക്കും പരാതികൾക്കും വിളിക്കേണ്ട നമ്പർ: സിറ്റിസൺ കാൾ സെന്റർ: 1800-4251-1800 / 0471- 2335523. കേരള സംസ്ഥാന ഐ.ടി മിഷൻ (ആധാർ സെക്‌ഷൻ): 0471-2525442. സംശയങ്ങൾക്ക്: uidhelpdesk@kerala.gov.in എന്ന മെയിൽ ഐ.ഡി.യിലേക്ക് മെയിൽ അയക്കുകയും ചെയ്യാം.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!