പതിമൂന്നുകാരിയെ പീഡിപ്പിച്ച് ഗർഭിണിയാക്കി; പ്രതിക്ക് 120 വർഷം കഠിന തടവ്

മലപ്പുറം: മലപ്പുറം മഞ്ചേരിയിൽ പതിമൂന്നുകാരിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ പ്രതിക്ക് 120 വർഷം കഠിന തടവും എട്ട് ലക്ഷം രൂപ പിഴയും ശിക്ഷ. വാഴക്കാട് ചെറുവായൂർ പൊന്നാട് പാലച്ചോല രാജനെ(48)യാണ് മഞ്ചേരി സ്‌പെഷ്യൽ പോക്‌സോ കോടതി ജഡ്‌ജി എ.എം അഷ്‌റഫ് ശിക്ഷിച്ചത്. സർക്കാരിന്റെ വിക്‌ടിം കോംപൻസേഷൻ ഫണ്ടിൽ നിന്ന് കുട്ടിക്ക് നഷ്ടപരിഹാരം ലഭ്യമാക്കാൻ ജില്ലാ ലീഗൽ സർവീസസ് അതോറിറ്റിക്ക് നിർദേശം നൽകി. പ്രോസിക്യൂഷനുവേണ്ടി സ്‌പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. എ.സോമസുന്ദരൻ ഹാജരായി. പ്രതിയെ തവനൂർ സെൻട്രൽ ജയിലിലേക്കയച്ചു. 2014 സെപ്റ്റംബറിലാണ് കേസിന് ആസ്‌പദമായ സംഭവം. സംസാരശേഷി കുറഞ്ഞ കുട്ടിയെ പീഡനത്തിന് ഇരയാക്കുകയായിരുന്നു. രണ്ടാഴ്‌ചക്ക് ശേഷം വീണ്ടും പീഡിപ്പിച്ചതായും പറയുന്നു. ശാരിരിക അസ്വാസ്ഥ്യം പ്രകടിപ്പിച്ച കുട്ടിയെ മാതാവ് ആസ്‌പത്രിയിൽ പ്രവേശിപ്പിച്ചതോടെയാണ് ഗർഭിണിയാണെന്ന് കണ്ടെത്തിയത്.