മെഡിസെപ് മതിയായി; എല്ലാവര്‍ക്കും പരാതി, നിര്‍ത്താനൊരുങ്ങി സര്‍ക്കാര്‍

തിരുവനന്തപുരം: സർക്കാർജീവനക്കാർക്കും പെൻഷൻകാർക്കുമിടയിൽ അതൃപ്‌തി രൂക്ഷമായതോടെ മെഡിസെപ് ആരോഗ്യ പരിരക്ഷാ പദ്ധതി നിർത്തലാക്കാൻ സർക്കാർ ആലോചന. സർക്കാരിന് സാമ്പത്തിക ബാധ്യതയൊന്നുമില്ലെങ്കിലും ഗുണഭോക്താക്കളും ഇൻഷുറൻസ് കമ്പനിയും നിരന്തരം പരാതികൾ ഉന്നയിക്കുന്ന സാഹചര്യത്തിലാണിത്. റീ- ഇംബേഴ്സ്മെന്റ് പദ്ധതിയിലേക്ക് മടങ്ങാനാണ് ആലോചന.
ജീവനക്കാരുടെയും പെൻഷൻകാരുടെയും നീരസം ലോക്‌സഭാ തിരഞ്ഞെടുപ്പിൽ തിരിച്ചടിയായെന്നാണ് വിലയിരുത്തൽ. ഇതിനാൽ മെഡിസെപ് പുതുക്കാനുള്ള ടെൻഡർ നടപടികൾക്ക് ധനവകുപ്പ് തയ്യാറായിട്ടില്ല. ആദ്യവർഷം സർക്കാർ ജീവനക്കാരിൽ നിന്നും 600 കോടിരൂപ ലഭിച്ചെങ്കിലും അതിനെക്കാൾ നൂറുകോടിയിലേറെ അധികതുക ഇൻഷുറൻസ് കമ്പനിക്ക് ക്ലെയിം നൽകേണ്ടി വന്നു. ചില ആസ്പത്രികളിൽ മെഡിസെപ് ഇല്ല, ഉള്ള ആസ്പത്രികളിൽ മികച്ച ചികിത്സാ സൗകര്യമില്ല, ക്ലെയിം പൂർണമായി ലഭിക്കുന്നില്ല തുടങ്ങി ഗുണഭോക്താക്കളുടെ പരാതികൾ ഏറെയാണ്. ആസ്പത്രികൾ ബിൽതുക കൂട്ടി കൊള്ളലാഭമുണ്ടാക്കുന്നതും സർക്കാർ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. മുൻപദ്ധതികളിൽ നിന്നു വ്യത്യസ്‌തമായി പെൻഷൻകാർക്കും ആരോഗ്യ പരിരക്ഷ ലഭിക്കുന്ന പദ്ധതിയാണ് മെഡിസെപ്. 2022 ജൂലായ് ഒന്നിനാണ് ആരംഭിച്ചത്.
മെഡിസെപ് വിവരങ്ങൾ
* ജീവനക്കാർ 5.52 ലക്ഷം
* പെൻഷൻകാർ 5.87 ലക്ഷം
* മൊത്തം ഗുണഭോക്താക്കൾ (ജീവനക്കാരും പെൻഷൻകാരും ആശ്രിതരും ഉൾപ്പെടെ) 30 ലക്ഷം
* ചികിത്സാ പാക്കേജുകൾ 1920
* എംപാനൽ ആശുപത്രികൾ 553
* ഇതുവരെ ക്ലെയിമുകളിൽ ചികിത്സയ്ക്കു നൽകിയത് 1450 കോടി.
* 12 ഇനം ഗുരുതര അവയവമാറ്റ ശസ്ത്രക്രിയയ്ക്കുള്ള 35 കോടി രൂപയുടെ കോർപ്പസ് നിധി ആദ്യവർഷം തന്നെ തീർന്നു.