തളിര് സ്കോളർഷിപ് രജിസ്ട്രേഷൻ തുടങ്ങി

തിരുവനന്തപുരം:സംസ്ഥാന ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ട് സംഘടിപ്പിക്കുന്ന ഈ വർഷത്തെ തളിര് സ്കോളർഷിപ് പരീക്ഷയുടെ രജിസ്ട്രേഷൻ ആരംഭിച്ചു. ആദ്യ രജിസ്ട്രേഷൻ കുട്ടികളുടെ സ്പീക്കറും ഹോളി എയ്‌ഞ്ചൽസ് സ്കൂളിലെ എട്ടാം ക്ലാസ് വിദ്യാർഥിയുമായ എസ്. നന്മയ്ക്ക് നൽകി മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു. മന്ത്രി സജി ചെറിയാൻ, ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ പള്ളിയറ ശ്രീധരൻ എന്നിവർ പങ്കെടുത്തു.
അഞ്ച് മുതൽ പത്താം ക്ലാസ് വരെയുള്ളവർക്ക് https://scholarship.ksicl.kerala.gov.in വഴി രജിസ്റ്റർ ചെയ്യാം. 250 രൂപ അടച്ച് രജിസ്റ്റർ ചെയ്യുന്നവർക്ക് 2025 ജനുവരിമുതൽ ഡിസംബർവരെ തളിര് മാസിക സൗജന്യമായി ലഭിക്കും. ജൂനിയർ (5, 6, 7 ക്ലാസുകൾ), സീനിയർ (8, 9, 10 ക്ലാസുകൾ) എന്നീ വിഭാഗങ്ങളിൽ പ്രത്യേകമായാണ് പരീക്ഷ.
ഒരു ജില്ലയിൽ 100 കുട്ടികൾക്ക് 1000 രൂപ വീതം സ്കോളർഷിപ് ലഭിക്കും. സംസ്ഥാനതല വിജയികൾക്ക് 10,000, 5000, 3000 രൂപ വീതമാണ് സ്കോളർഷിപ്.
സംസ്ഥാനത്തൊട്ടാകെ 14 ലക്ഷം രൂപയുടെ സ്കോളർഷിപ് കുട്ടികൾക്ക് ലഭിക്കും. 100 കുട്ടികളിൽ കൂടുതൽ സ്കോളർഷിപ് പദ്ധതിയിൽ അംഗമാകുന്ന സ്കൂളുകൾക്ക് 1000 രൂപയുടെ പുസ്തകങ്ങൾ ലൈബ്രറിയിലേക്ക് ലഭിക്കും. പൊതുവിജ്ഞാനം, ആനുകാലികം, ബാലസാഹിത്യം, തളിര് മാസിക, സ്കൂൾ സിലബസുമായി ബന്ധപ്പെട്ട സാഹിത്യം, ചരിത്രം, എന്നിവയെ ആസ്പദമാക്കിയായിരിക്കും പരീക്ഷ. നവംബറിൽ ഓൺലൈനായി ജില്ലാതല പരീക്ഷയും ഡിസംബറിൽ സംസ്ഥാനതല എഴുത്തു പരീക്ഷയും നടക്കും.