കൈക്കൂലി വാങ്ങുന്നതിനിടെ സബ് രജിസ്‌ട്രാറും സഹായിയും പിടിയിൽ

Share our post

കൊണ്ടോട്ടി : കൈക്കൂലി വാങ്ങുന്നതിനിടെ കൊണ്ടോട്ടി സബ് രജിസ്ട്രാർ ഓഫീസറും ഏജന്റും വിജിലൻസ് പിടിയിൽ. കൊണ്ടോട്ടി സബ് രജിസ്ട്രാർ ഓഫീസർ എസ്. സനിൽ ജോസിനെയും ആധാരമെഴുത്ത് ഓഫീസിലെ ജീവനക്കാരൻ ബഷീറിനെയുമാണ് വിജിലൻസ് പിടികൂടിയത്. രജിസ്ട്രാറിൽനിന്ന് 40,000 രൂപയും ബഷീറിൽനിന്ന് 20,000 രൂപയും പിടികൂടി. രജിസ്ട്രാറുടെ ഏജന്റാണ് ബഷീർ.  

കുടുംബസ്വത്തായ 75 സെന്റ് ഭാഗപത്രം ചെയ്യാനായി പുളിക്കൽ സ്വദേശി കഴിഞ്ഞ മാസം കൊണ്ടോട്ടി സബ് രജിസ്ട്രാറെ സമീപിച്ചിരുന്നു. വസ്തുവിലയുടെ പത്ത് ശതമാനം തുകയായ 1,02,600 രൂപയുടെ സ്റ്റാമ്പ് വാങ്ങണമെന്നാണ് രജിസ്ട്രാർ അറിയിച്ചത്. ഭാഗപത്രത്തിന് സ്റ്റാമ്പ് ഡ്യൂട്ടി കുറയ്ക്കണമെന്ന് ആവശ്യപ്പെട്ടപ്പോൾ ആധാരമെഴുത്തുകാരനായ അബ്ദുൾ ലത്തീഫിനെ കാണാൻ രജിസ്ട്രാർ ആവശ്യപ്പെട്ടു. പരാതിക്കാരൻ ലത്തീഫിനെ കാണുകയും സ്റ്റാമ്പ് ഡ്യൂട്ടി ഒരുശതമാനമായി കുറയ്ക്കാൻ 60,000 രൂപ കൈക്കൂലി ആവശ്യപ്പെടുകയുമായിരുന്നു. 

വ്യാഴാഴ്ച ആധാരം പതിക്കുമെന്നും തന്റെ ഓഫീസിലെ ജീവനക്കാരനായ ബഷീറിനെ ഏർപ്പാടാക്കിയിട്ടുണ്ടെന്നും ലത്തീഫ് അറിയിച്ചു. ബഷീറിനെ വിളിച്ചപ്പോൾ വ്യാഴം ഉച്ചകഴിഞ്ഞ് 60,000 രൂപയുമായി കൊണ്ടോട്ടി സബ് രജിസ്ട്രാർ ഓഫീസിൽ എത്താൻ ആവശ്യപ്പെട്ടു. പരാതിക്കാരൻ ഈ വിവരം വിജിലൻസ് വടക്കൻ മേഖലാ പൊലീസ് സൂപ്രണ്ട് പ്രജീഷ് തോട്ടത്തിലിനെ അറിയിച്ചു. അദ്ദേഹത്തിന്റെ നിർദേശപ്രകാരം മലപ്പുറം വിജിലൻസ് യൂണിറ്റ് ഡി.വൈ.എസ്.പി ഫിറോസ്. എം. ഷഫീഖിന്റെ നേതൃത്വത്തിലുള്ള വിജിലൻസ് സംഘം കെണിയൊരുക്കി. 

വൈകിട്ട്‌ നാലിന് കൊണ്ടോട്ടി സബ് രജിസ്ട്രാർ ഓഫീസിൽവെച്ച് ബഷീർ പരാതിക്കാരനിൽ നിന്ന് കൈക്കൂലി വാങ്ങി അതിൽനിന്ന് 40,000 രൂപ സബ് രജിസ്ട്രാറായ സനിൽ ജോസിന് കൈമാറി. ഉടൻ രണ്ടുപേരെയും വിജിലൻസ് അറസ്റ്റ് ചെയ്തു. പ്രതികളെ കോഴിക്കോട് വിജിലൻസ് കോടതിയിൽ ഹാജരാക്കും.

വിജിലൻസ് സംഘത്തിൽ ഇൻസ്‌പെക്ടർമാരായ ഗിരീഷ് കുമാർ, ജ്യോതീന്ദ്രകുമാർ, സബ് ഇൻസ്‌പെക്ടർമാരായ ശ്രീനിവാസൻ, മോഹനകൃഷ്ണൻ, മധുസൂദനൻ, സജി, ടി.ടി. ഹനീഫ, പൊലീസ് അസി. സബ് ഇൻസ്‌പെക്ടർ രത്‌നകുമാരി എന്നിവരുമുണ്ടായി.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!