കര്‍ഷകരെ ചേര്‍ത്ത് പിടിച്ച് മിൽമ; കാലിത്തീറ്റയ്ക്ക് 100 രൂപ സബ്സിഡി പ്രഖ്യാപിച്ചു

Share our post

തിരുവനന്തപുരം: ക്ഷീരസംഘങ്ങള്‍ വഴി വില്‍ക്കുന്ന ഓരോ ചാക്ക് മില്‍മ കാലിത്തീറ്റയ്ക്കും 100 രൂപ സബ്സിഡി നല്‍കാന്‍ തിരുവനന്തപുരം മേഖല യൂണിയന്‍ ഭരണസമിതി തീരുമാനിച്ചു. ജൂലൈ, ഓഗസ്റ്റ് മാസങ്ങളില്‍ വില്‍പ്പന നടത്തുന്ന കാലിത്തീറ്റയ്ക്കാണ് സബ്സിഡി അനുവദിച്ചിട്ടുള്ളതെന്ന് മേഖല യൂണിയന്‍ ചെയര്‍മാന്‍ മണി വിശ്വനാഥ് അറിയിച്ചു. കര്‍ഷകരുടെ പാലളവിന് ആനുപാതികമായിട്ടായിരിക്കും കാലിത്തീറ്റ സബ്സിഡി നല്‍കുക. ഈയിനത്തില്‍ ഏകദേശം 1.25 കോടി രൂപയുടെ അധികചെലവാണ് മേഖല യൂണിയന് ഉണ്ടാകുന്നത്. 2024-25 സാമ്പത്തികവര്‍ഷം ക്ഷീരകര്‍ഷകരുടെ ക്ഷേമത്തിനായി 20 കോടി രൂപ വകയിരുത്തി വിവിധ പദ്ധതികളാണ് യൂണിയന്‍ നടപ്പാക്കി വരുന്നത്. ഇതിനു പുറമേയാണ് കാലിത്തീറ്റ സബ്സിഡി നല്‍കുന്നതിന് തീരുമാനിച്ചിട്ടുള്ളത്. പാലുല്‍പ്പാദനവും സംഭരണവും വര്‍ധിപ്പിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ക്കൊപ്പം കന്നുകാലി ഇന്‍ഷുറന്‍സ് സബ്സിഡിയും നല്‍കുന്നുണ്ട്. ഇന്‍ഷ്വര്‍ ചെയ്യുന്ന കാലാവധിക്ക് അനുസൃതമായി 2000 രൂപ മുതല്‍ 3500 രൂപ വരെ സബ്സിഡി അനുവദിക്കുന്നതിന് ഒരു കോടി രൂപ വകയിരുത്തിയിട്ടുണ്ട്. പരമാവധി ക്ഷീരകര്‍ഷകര്‍ക്ക് അര്‍ഹമായ ആനുകൂല്യങ്ങള്‍ ലഭ്യമാക്കുന്നതിനുള്ള നടപടികള്‍ സ്വീകരിച്ചിട്ടുള്ളതായി ചെയര്‍മാന്‍ പറഞ്ഞു.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!