കേന്ദ്രീയ വിദ്യാലയ വിദ്യാർഥികൾ ഇനി മാതൃഭാഷ പഠിക്കും

Share our post

തിരുവനന്തപുരം : മലയാള ഭാഷാ പ്രചാരണ രംഗത്ത് പുത്തൻ ചുവടുവയ്‌പുമായി മലയാളം മിഷന്റെ കേവി മലയാളം പദ്ധതി. ഈ അധ്യയനവർഷം മുതൽ സംസ്ഥാനത്തെ കേന്ദ്രീയ വിദ്യാലയങ്ങളിൽ മലയാളം മിഷൻ കോഴ്സുകൾ പഠിപ്പിക്കാനുള്ള പ്രാരംഭ നടപടി ആരംഭിച്ചു. പദ്ധതിയുടെ ഭാഗമായി തിരുവനന്തപുരം ജില്ലയിലെ പള്ളിപ്പുറം കേന്ദ്രീയ വിദ്യാലയം ആദ്യ പഠനകേന്ദ്രമായി രജിസ്റ്റർ ചെയ്തു. നിലവിൽ പത്തിലധികം കേന്ദ്രീയ വിദ്യാലയങ്ങൾ മലയാളം ക്ലാസുകൾ ആരംഭിക്കാനുള്ള ആവശ്യവുമായി മലയാളം മിഷനെ സമീപിച്ചിട്ടുണ്ട്. പ്രസ്തുത കേന്ദ്രീയ വിദ്യാലയങ്ങളുടെ രജിസ്ട്രേഷൻ നടപടി പുരോഗമിക്കുകയാണ്.

മലയാളം മിഷൻ നടത്തുന്ന കണിക്കൊന്ന- സർട്ടിഫിക്കറ്റ് കോഴ്സ് (രണ്ടു വർഷം), സൂര്യകാന്തി- ഡിപ്ലോമ കോഴ്സ് (രണ്ടു വർഷം), ആമ്പൽ -ഹയർ ഡിപ്ലോമ കോഴ്സ് (മൂന്നു വർഷം), നീലക്കുറിഞ്ഞി -സീനിയർ ഹയർ ഡിപ്ലോമ കോഴ്സ് (മൂന്നു വർഷം) എന്നീ കോഴ്സുകളിലേക്ക് കേന്ദ്രീയ വിദ്യാലയത്തിലെ കുട്ടികൾക്ക് പ്രവേശനം നൽകും. എസ്‌.സി.ഇ.ആർ.ടി അംഗീകരിച്ച പാഠ്യപദ്ധതിയുടെയും പാഠപുസ്തകങ്ങളുടെയും അടിസ്ഥാനത്തിലായിരിക്കും ക്ലാസ്‌.

മലയാള ഭാഷയിലുള്ള പ്രാവീണ്യത്തിന്റെ അടിസ്ഥാനത്തിൽ ഏത് കോഴ്സും തെരഞ്ഞെടുക്കാനുള്ള പ്രവേശന സംവിധാനം മലയാളം മിഷൻ ഒരുക്കിയിട്ടുണ്ട്. മലയാളം മിഷൻ നടത്തുന്ന സമാന്തര പ്രവേശന പരീക്ഷയിൽ യോഗ്യത നേടുന്ന വിദ്യാർഥിക്ക് ഉയർന്ന കോഴ്സുകളിൽ പ്രവേശനം നേടാൻ കഴിയും. നീലക്കുറിഞ്ഞി സീനിയർ ഹയർ ഡിപ്ലോമ കോഴ്സ് മലയാള ഭാഷാ പ്രാവീണ്യ തുല്യത നൽകിക്കൊണ്ട് പൊതുവിദ്യാഭ്യാസവകുപ്പ് അംഗീകരിച്ചിട്ടുണ്ട്. ദീർഘകാലമായി കേന്ദ്രീയ വിദ്യാലയങ്ങളിൽ പഠിക്കുന്ന വിദ്യാർഥികളുടെ ആവശ്യമാണ് ഇതോടെ നടപ്പാകുന്നത്. ഫോൺ: 7293575138, 8078920247.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!