തടസ്സം പരിഹരിക്കാൻ ട്രഷറി വകുപ്പിന്റെ ഇടപെടൽ; മണിയോർഡറായി സർവീസ് പെൻഷൻ വിതരണം

തിരുവനന്തപുരം : പോസ്‌റ്റോഫീസുകൾ വഴി സർവീസ് പെൻഷൻ വിതരണം ചെയ്യുന്നതിലെ സാങ്കേതിക പ്രശ്‌നം പരിഹരിക്കാൻ ട്രഷറി വകുപ്പിന്റെ ഊർജിതമായ ഇടപെടൽ. പ്രശ്‌നം പരിഹരിക്കണമെന്നാവശ്യപ്പെട്ട് സംസ്ഥാന ട്രഷറി വകുപ്പ് റിസർവ് ബാങ്കിനും എസ്.ബി.ഐ.ക്കും കത്തയച്ചിട്ടുണ്ട്. പ്രതിനിധികളുമായി ചർച്ചയും നടത്തി. അൽപം വൈകിയാലും ഈ മാസത്തെ പെൻഷൻ വിതരണം ചെയ്യാൻ തപാൽ വകുപ്പിന് അനുമതി ലഭിക്കുമെന്നാണ് പ്രതീക്ഷ.
തപാൽ വകുപ്പിന്റെ ബാങ്ക് അക്കൗണ്ടിലേക്കുള്ള നികുതിരഹിത സാമ്പത്തിക കൈമാറ്റത്തിന് 2019ൽ കേന്ദ്രസർക്കാർ ഭാരത് കോഷ് എന്ന പോർട്ടൽ തയ്യാറാക്കിയിരുന്നു. ഇതിൽ ഓരോ പോസ്‌റ്റ് ഓഫീസുകളും രജിസ്‌റ്റർ ചെയ്‌ത് കോഡ് സ്വീകരിക്കണം. എന്നാൽ കേന്ദ്ര തപാൽ വകുപ്പ് ഈ പോർട്ടലിൽ ഇല്ലാത്തതിനാൽ ബാങ്ക് അധികൃതർക്ക് പോസ്‌റ്റോഫീസുകളുടെ അക്കൗണ്ടിലേക്ക് പണം കൈമാറാൻ സാധിക്കുന്നില്ല. ഇത് കിടപ്പുരോഗികളോ അവശതയനുഭവിക്കുന്നവരോ ആയതിനാൽ ട്രഷറിയിലോ ബാങ്കിലോ എത്തി പെൻഷൻ കൈപ്പറ്റാത്തവർക്കായുള്ള മണിയോർഡർ പെൻഷൻ വിതരണത്തെ ബാധിച്ചു. ജൂലൈയിലെ പെൻഷൻ വിതരണത്തിനുള്ള തുക ജുൺ 25നുതന്നെ എസ്.ബി.ഐ.യിലെ അക്കൗണ്ടിലേക്ക് ട്രഷറി വകുപ്പ് അയച്ചിരുന്നു. ഈ മാസം അഞ്ചിനകം വിതരണം ചെയ്യേണ്ടതായിരുന്നു ഇത്. തുക എസ്.ബി.യി.ലെ അക്കൗണ്ടുകളിലേക്ക് ഓൺലൈൻ ആയി കൈമാറിയെങ്കിലും ക്രെഡിറ്റ് ആയില്ല.
‘റിട്ടേൺ’ എന്നായിരുന്നു സ്‌റ്റാറ്റസ്. ഈ വിഷയം ട്രഷറി ഡയറക്ടറേറ്റിൽ നിന്ന് തപാൽ വകുപ്പിനെയും റിസർവ് ബാങ്കിനെയും പോസ്റ്റൽ വകുപ്പിനെയും എസ്.ബി.ഐ.യേയും സർക്കാരിനെയും അറിയിച്ചിട്ടുണ്ട്. കേന്ദ്ര ധനമന്ത്രാലയത്തിന്റെ പോർട്ടലിൽ പോസ്‌റ്റോഫീസുകൾ മുഴുവൻ രജിസ്‌റ്റർ ചെയ്യുക എന്നത് പൂർത്തിയാക്കാൻ സമയമെടുക്കും എന്നതിനാൽ അടിയന്തിര പരിഹാരത്തിനാണ് ട്രഷറി വകുപ്പിന്റെ ശ്രമം. ആർ.ബി.ഐ മുഖേന എസ്.ബി.ഐ അധികൃതരുമായി സംസാരിച്ച് താൽക്കാലിക ക്രമീകരണത്തിന് ശ്രമിച്ചുകൊണ്ടിരിക്കുകയാണ്. എസ്.ബി.ഐ കേരള ഘടകം അവരുടെ കോർപറേറ്റ് ഓഫീസുമായി സംസാരിച്ച് പ്രശ്നം പരിഹരിക്കാമെന്ന് അറിയിച്ചിട്ടുണ്ട്.