കൊച്ചി: ഓണ്‍ലൈന്‍ തട്ടിപ്പിലൂടെ കേരളത്തില്‍നിന്ന് സ്വരൂപിക്കുന്ന പണത്തിന്റെ ഭൂരിഭാഗവുമെത്തുന്നത് ഉത്തരേന്ത്യയിലെ പുതുതലമുറ സ്വകാര്യ ബാങ്കുകളിലെ വ്യാജ അക്കൗണ്ടുകളിലേക്കെന്ന് സ്ഥിരീകരിച്ചു. ഈ സാഹചര്യത്തില്‍, കൂടുതല്‍ കേസുകളില്‍ ബാങ്ക് മാനേജര്‍മാരെ പ്രതി ചേര്‍ക്കാെനാരുങ്ങി പോലീസ്.
ചില സ്വകാര്യ ബാങ്ക് മാനേജര്‍മാരുടെ ഒത്താശയോടെ വ്യാജ മേല്‍വിലാസത്തിലുള്ള അക്കൗണ്ടുകളിലേക്കാണ് കേരളത്തില്‍നിന്ന് തട്ടിയെടുക്കുന്ന ഭൂരിഭാഗം പണവുമൊഴുകുന്നത്. കേരളത്തില്‍ നടന്ന പല സൈബര്‍ തട്ടിപ്പിലും ഇത്തരം ബാങ്കുകളിലെ മാനേജര്‍മാരുടെ പങ്കും കണ്ടെത്തി. പല കേസുകളിലും ബാങ്ക് മാനേജര്‍മാരെ പ്രതിചേര്‍ത്തു.
തട്ടിപ്പ് പണമെത്തിയ അക്കൗണ്ടിന്റെ വിവരങ്ങള്‍ പോലീസ് ആവശ്യപ്പെട്ടിട്ടും തരാന്‍ മാനേജര്‍മാര്‍ കൂട്ടാക്കിയിട്ടില്ല. ഈ സാഹചര്യത്തിലാണ് കൂടുതല്‍ കേസുകളില്‍ മാനേജര്‍മാരെയും പ്രതിചേര്‍ക്കാനൊരുങ്ങുന്നത്.
പല അക്കൗണ്ടുകളിലും ഇടപാടുകാരന്റെ കെ.വൈ.സി. നിബന്ധന പാലിക്കണമെന്ന നിര്‍ദേശം പാലിച്ചിട്ടില്ല. മരിച്ചുപോയവരുടെ അക്കൗണ്ടുകള്‍ വ്യാപകമായി ദുരുപയോഗം ചെയ്യുന്നുണ്ട്.
രാജസ്ഥാന്‍, ബിഹാര്‍, മഹാരാഷ്ട്ര, മധ്യപ്രദേശ്, യു.പി., ബംഗാള്‍ ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളിലുള്ള ബാങ്കുകളിലാണ് സൈബര്‍ തട്ടിപ്പ് പണം എത്തുന്നത്. നിരക്ഷരരായ ഗ്രാമീണരുടെ അക്കൗണ്ടുകളില്‍ കോടികളുടെ ഇടപാടുകള്‍ നടന്നിട്ടും ചില ബാങ്ക് മാനേജര്‍മാര്‍ ഇക്കാര്യം അധികൃതരെ അറിയിച്ചിട്ടില്ല. ഫോണ്‍ നമ്പര്‍, അക്കൗണ്ട് നമ്പര്‍, ഇ-മെയില്‍ എന്നിവയെല്ലാം മറ്റാരുടെയെങ്കിലും പേരിലായിരിക്കും. ഇതിനാല്‍ പ്രതികളിലേക്കെത്താന്‍ പോലീസിനും പ്രയാസമാണ്. സൈബര്‍ തട്ടിപ്പില്‍ ഈ ബാങ്കുകളുടെ പങ്കിനെക്കുറിച്ച് കേരള പോലീസ് രേഖാമൂലം റിസര്‍വ് ബാങ്കിനെ അറിയിച്ചിട്ടുണ്ട്.
ജീവിച്ചിരിക്കുന്നവരുടെ അക്കൗണ്ടുകള്‍ വിലയ്ക്കു വാങ്ങിയും തട്ടിപ്പ് നടത്തുന്നുണ്ട്. ഉടമകളുടെ എ.ടി.എം. കാര്‍ഡും ബാങ്കിങ് പാസ്വേര്‍ഡും തട്ടിപ്പുകാര്‍ സ്വന്തമാക്കും. ഇത്രയും വ്യാപക തട്ടിപ്പ് ബാങ്ക് അധികൃതരുടെ പങ്കില്ലാതെ നടക്കില്ലെന്നാണ് പോലീസ് നിഗമനം.
ഇടപാടുകാരന്‍ മരിച്ചുപോയാല്‍ ആ അക്കൗണ്ടുകള്‍ ക്ലോസ് ചെയ്യാന്‍ ബാങ്ക് മാനേജര്‍മാര്‍ ബാധ്യസ്ഥരാണ്. കൊച്ചിയില്‍ മാത്രം കഴിഞ്ഞ ഏതാനും മാസത്തിനിടെ 25 കോടി രൂപയാണ് സൈബര്‍ കൊള്ളയിലൂടെ നഷ്ടപ്പെട്ടത്. ഓഹരി നിക്ഷേപം, വ്യാജ കൂറിയര്‍, ലോണ്‍ ആപ്പ് തുടങ്ങി എല്ലാ തട്ടിപ്പുകളിലും പണം പോകുന്നത് ഏതെങ്കിലും സ്വകാര്യ വ്യക്തികളുടെ അക്കൗണ്ടിലേക്കാണെന്നും വ്യക്തമായിട്ടുണ്ട്.
ഓണ്‍ലൈന്‍ തട്ടിപ്പുസംഘം കവര്‍ന്നത് മൂന്നുകോടിയിലേറെ
ആലുവ: റൂറല്‍ ജില്ലയില്‍ സമീപകാലത്തായി ഓണ്‍ലൈന്‍ തട്ടിപ്പ് സംഘം കവര്‍ന്നത് മൂന്നുകോടിയിലേറെ രൂപ. ഓണ്‍ലൈന്‍ ട്രേഡിങ്ങിലൂടെയും നിക്ഷേപത്തിലൂടെയും ലക്ഷങ്ങള്‍ ലാഭമുണ്ടാക്കാമെന്നു പറഞ്ഞ് രണ്ട് കോടിയോളം രൂപയും വ്യാജ അന്വേഷണോദ്യോഗസ്ഥര്‍ ചമഞ്ഞ് 1.15 കോടി രൂപയുമാണ് തട്ടിയെടുത്തത്. പണം നഷ്ടമായവരില്‍ ഏറെയും ഉയര്‍ന്ന വിദ്യാഭ്യാസവും നല്ല ജോലിയുമുള്ളവരാണ്.
മുംബൈ കൊളാബ പോലീസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത കേസ് പ്രകാരം സുപ്രീംകോടതി വാറന്റ് പുറപ്പെടുവിച്ചിട്ടുണ്ടെന്നു പറഞ്ഞാണ് ആലുവ സ്വദേശിയായ മുതിര്‍ന്ന പൗരനില്‍നിന്ന് 1.15 കോടി രൂപ തട്ടിയെടുത്തത്.
വാട്സാപ്പ് കോളിലൂടെ ഉയര്‍ന്ന ഉദ്യോഗസ്ഥന്റെ യൂണിഫോം ധരിച്ചാണ് തട്ടിപ്പുസംഘം ചാറ്റ് ചെയ്തത്. എഫ്.ഐ.ആറിന്റെയും വാറന്റിന്റെയും പകര്‍പ്പും കാണിച്ചു. സെക്യൂരിറ്റി ചെക്കിങ്ങിന്റെ ഭാഗമായി അക്കൗണ്ടിലുള്ള പണം എത്രയും വേഗം മാറ്റാനാണ് സംഘം ആവശ്യപ്പെട്ടത്. മറ്റാരുമായി സംസാരിക്കാനോ ഇടപെടാനോ അവസരം കൊടുക്കാത്തവിധത്തില്‍ തന്ത്രപരമായി വിശ്വസിപ്പിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തു. ആറ് ഇടപാടുകളായാണ് അവര്‍ പറഞ്ഞ അക്കൗണ്ടിലക്ക് പണം മാറ്റിയത്.
ഏറെ നാളുകള്‍ കഴിഞ്ഞാണ് ഇദ്ദേഹം സംഭവം ബന്ധുവിനോട് പറഞ്ഞത്. പോലീസ് നടത്തിയ അന്വേഷണത്തില്‍ ഇതുമായി ബന്ധപ്പെട്ട് ആറുപേരെ അറസ്റ്റ് ചെയ്തു. ഓണ്‍ലൈന്‍ ട്രേഡിങ്ങിലൂടെ കാലടി സ്വദേശിക്ക് 50 ലക്ഷമാണ് നഷ്ടപ്പെട്ടത്. ഇതില്‍ റൂറല്‍ സൈബര്‍ പോലീസ് സ്റ്റേഷന്‍ ടീം നടത്തിയ അന്വേഷണത്തില്‍ 40 ലക്ഷം രൂപ തിരിച്ചുപിടിക്കാനായി. ഈ കേസില്‍ ആറുപേരെ അറസ്റ്റ് ചെയ്തു. ആലുവ സ്വദേശിനിക്ക് ഓണ്‍ലൈന്‍ ട്രേഡിങ്ങിലൂടെ 45 ലക്ഷം രൂപയാണ് നഷ്ടമായത്. ഉയര്‍ന്ന മേഖലയില്‍ ജോലി ചെയ്യുന്നയാളാണ് തട്ടിപ്പിനിരയായത്. ഇതില്‍ മൂന്നു പേര്‍ അറസ്റ്റിലായി. കോതമംഗലം സ്വദേശിക്ക് 33 ലക്ഷവും ആലുവ ഭാഗത്ത് താമസിക്കുന്നയാള്‍ക്ക് 22 ലക്ഷവും ഓണ്‍ലൈന്‍ വ്യാപാര തട്ടിപ്പിലൂടെ നഷ്ടപ്പെട്ടു.
വാഗ്ദാനം വന്‍ ലാഭം
ആലുവ: വന്‍ ലാഭം വാഗ്ദാനം ചെയ്താണ് ട്രേഡിങ് തട്ടിപ്പുസംഘങ്ങള്‍ സമീപിക്കുന്നത്. ലാഭം കിട്ടുന്ന കണക്കില്‍ വിശ്വസിച്ച് വലിയ സംഖ്യകള്‍ നിക്ഷേപിക്കും. ആദ്യം ലാഭവിഹിതമെന്നു പറഞ്ഞ് ചെറിയ തുകകള്‍ നല്‍കും. അവരുടെ രേഖകളില്‍ നിക്ഷേപകന്റെ ലാഭം കുമിഞ്ഞുകൂടും.
അത് തിരിച്ചെടുക്കാന്‍ ശ്രമിക്കുമ്പോള്‍ ലക്ഷങ്ങള്‍ വീണ്ടും ഫീസടയ്ക്കാന്‍ പറയും. കിട്ടാന്‍ പോകുന്നത് വന്‍ തുകയാണെന്ന വിശ്വാസത്തില്‍ അവര്‍ പറയുന്ന തുകകള്‍ അടച്ചുകൊണ്ടേയിരിക്കും. ഒടുവില്‍ തട്ടിപ്പുസംഘം മുങ്ങും. വാഗ്ദാനങ്ങള്‍ വിശ്വസിക്കാതെ ജാഗ്രതയോടെ ഇരിക്കണമെന്ന് റൂറല്‍ ജില്ലാ പോലീസ് മേധാവി ഡോ. വൈഭവ് സക്‌സേന പറഞ്ഞു.