പെരുവ പറക്കാടിൽ പകലും കാട്ടാനകളെത്തി കൃഷി നശിപ്പിച്ചു

കോളയാട് : കാട്ടാന അക്രമണം പതിവായ പെരുവ പറക്കാടിലെ ജനവാസകേന്ദ്രത്തിലെ കൃഷിയിടത്തിൽ പകലും കാട്ടാനകളെത്തി കൃഷി നശിപ്പിച്ചു. ബുധനാഴ്ച പുലർച്ചെയെത്തിയ കാട്ടാനക്കൂട്ടം പറക്കാട് വിജയന്റേതുൾപ്പെടെ നിരവധി കർഷകരുടെ കാർഷിക വിളകൾ വ്യാപകമായി നശിപ്പിച്ചു. രാവിലെ കൃഷിയിടത്തിൽ കണ്ട കാട്ടാനകളെ വനം വകുപ്പ് ജീവനക്കാരും നാട്ടുകാരും ചേർന്ന് തുരത്തിയിരുന്നു.
തദ്ദേശീയരടക്കം കാട്ടാനകളെ തുരത്താൻ കാവൽ തുടരുമ്പോഴും വിവിധ പ്രദേശങ്ങളിൽ കാട്ടാനകളെത്തി കൃഷി നശിപ്പിക്കുന്നത് തുടരുകയാണ്. കഴിഞ്ഞ 11 ദിവസവും കോളയാട് പഞ്ചായത്തിലെ വിവിധ ഭാഗങ്ങളിൽ കാട്ടാനകൾ കൃഷി നശിപ്പിച്ചിട്ടുണ്ട്. വാച്ചർമാർ കുറവായതിനാൽ പട്രോളിങ്ങ് കാര്യക്ഷമമല്ലെന്നാണ് കർഷകർ പറയുന്നത്.
വനാതിർത്തിയിലെ ജനവാസ കേന്ദ്രങ്ങളിൽ നിന്നും കാട്ടാനകളെ തുരത്താൻ അധികൃതർ അലംഭാവം കാട്ടുന്നുവെന്നാണ് കർഷകരുടെ ആക്ഷേപം. കാട്ടാനകളെ ഉൾവനത്തിലേക്ക് തുരത്തിയ ശേഷം പ്രതിരോധ സംവിധാനമൊരുക്കണമെന്നും നാട്ടുകാർ ആവശ്യപ്പെട്ടു.