അന്ന് പാരലൽ കോളേജ് അധ്യാപിക;ഇന്ന് പാർടൈം സ്വീപ്പർ: പയ്യന്നൂർ പൊലീസ് സ്റ്റേഷന് തങ്കമണി ടീച്ചറമ്മ

Share our post

പയ്യന്നൂർ: ചെറുതാഴം കുന്നുമ്പ്രത്തെ കെ.വി.തങ്കമണി പയ്യന്നൂർ പൊലീസ് സ്റ്റേഷനിലെ പാർടൈം സ്വീപ്പറായി ജോലി തുടങ്ങി വർഷം പതിനെട്ടുകഴിഞ്ഞു. ഡി.വൈ.എസ്.പി എ.ഉമേഷ് അടക്കമുള്ള പൊലീസുകാർക്ക് ഇവർ പ്രീയപ്പെട്ട ടീച്ചറമ്മയാണ്. 25 വർഷത്തോളം പ്രശസ്തമായ പാരലൽ കോളേജുകളിൽ അധ്യാപികയായി പ്രവർത്തിച്ച തങ്കമണിയെ ടീച്ചർ എന്ന് വിളിക്കാൻ പുറത്ത് നൂറുകണക്കിന് ശിഷ്യരുണ്ടെന്നാണ് സത്യം.
പയ്യന്നൂരിൽ ഡിവൈ.എസ്.പി. മുതലുള്ള പൊലീസുകാരുടെ വിളിയിൽ ടീച്ചറോടുള്ള ബഹുമാനം പ്രകടം. സർക്കാറിൽ പി.ടി.എസ്. ജോലിയിൽ പ്രവേശിക്കും വരെ പഴയങ്ങാടി കോ-ഓപറേറ്റീവ് കോളേജ് , നളന്ദ കോളേജ് എന്നിവിടങ്ങളിലായിരുന്നു ഇവർ. 1978 ൽ പയ്യന്നൂർ കോളേജിൽ നിന്നാണ് ഡിഗ്രി പാസ്സായത്. എംപ്ലോയ്മെന്റ് ഓഫീസറായ ഒരു സഹപാഠിയുടെ പ്രേരണയാലാണ് അന്ന് എംപ്ലോയ്മെന്റ് ഓഫീസിൽ പേര് റജിസ്റ്റർ ചെയ്യുന്നത്. അഞ്ചു പ്രാവശ്യം രജിസ്ട്രേഷൻ പുതുക്കി. നാൽപത്തിയെട്ടാം വയസ്സിലാണ് പി.ടി.എസ് ആയി പെരിങ്ങോം പൊലീസ് സ്റ്റേഷനിൽ ജോലിയിൽ പ്രവേശിച്ചു.

വർക്കിംഗ് അറേജ്മെന്റിൽ പിന്നീട് തളിപ്പറമ്പ് ഡി.വൈ.എസ്.പി ഓഫീസ്, കരിക്കോട്ടക്കരി സ്റ്റേഷൻ, കണ്ണൂർ സർക്കിൾ ഓഫീസ് തുടങ്ങിയ ഇടങ്ങളിൽ ജോലി ചെയ്താണ് പയ്യന്നൂരിലെത്തിയത് 18 വർഷമായി. ഇനി രണ്ടര വർഷം കൂടി കാലാവധിയുണ്ട്. സ്വന്തം വീട് നോക്കുന്നത് പോലെയാണ് ടീച്ചർ പൊലീസ് സ്റ്റേഷനെ വെടിപ്പാക്കി നിർത്തുന്നതെന്ന് പൊലീസുകാർ പറയുന്നു. മകൾക്ക് ഒന്നരവയസ് മാത്രമുള്ളപ്പോൾ ഭർത്താവിന്റെ വിയോഗം മൂലമുണ്ടായ പ്രതിസന്ധി ഘട്ടങ്ങളിൽ പോലും പതറാതെ ജീവിതം മുന്നോട്ട് കൊണ്ടുപോയത് സ്റ്റേഷനിലെ സ്വീപ്പർ ജോലി കൊണ്ടാണ്. തന്റെ ജോലിയുടെ അന്തസിൽ വിശ്വസിക്കുന്ന ടീച്ചറുടെ നിലപാടിൽ തനിക്ക് ബഹുമാനം തോന്നിയെന്ന് ഡിവൈ.എസ്.പി ഉമേഷും സ്റ്റേഷൻ ഇൻസ്പെക്ടർ ജീവൻ ജോർജും പറയുന്നു. തൂപ്പു ജോലിയിൽ മാത്രം ഒതുങ്ങിനിൽക്കുന്നതല്ല ടീച്ചറുടെ സേവനം. അതു കഴിഞ്ഞാൽ സ്റ്റേഷനിലെ പൂന്തോട്ട പരിപാലനം , മെസിൽ സഹായം എന്നിവയ്ക്കും മുന്നിലുണ്ടാകും. മെസ് നടത്തുന്ന കെ.വി.ഷീബ ടീച്ചറുടെ പ്രിയപ്പെട്ട ശിഷ്യ കൂടിയാണ്.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!