രണ്ടാം പിണറായി സർക്കാർ മുഖം മിനുക്കും, പ്ലാനുകൾ റെഡി, ഇനി പഴയതുപോലെ വേണ്ടെന്ന് തീരുമാനം

തെരഞ്ഞെടുപ്പ് തോൽവിയിൽ നിന്ന് പാഠം ഉൾക്കൊണ്ട് മുഖം മിനുക്കാൻ സർക്കാർ. എല്ലാ വകുപ്പുകളുടെയും പ്രവർത്തനങ്ങളിൽ മുൻഗണനാക്രമം നിശ്ചയിച്ചും അനാവശ്യ ചെലവുകൾ പൂർണമായും ഒഴിവാക്കി ക്ഷേമപ്രവർത്തനങ്ങളിലേക്ക് ശ്രദ്ധയൂന്നാനുമാണ് ആലോചന.
നിയമസഭാ തെരഞ്ഞെടുപ്പിന് മുൻപ് സർക്കാരിന്റെ പ്രവർത്തനം മെച്ചപ്പെടുത്താൻ ആശയങ്ങൾ തേടി മുൻ ചീഫ് സെക്രട്ടറിമാരുമായും മുഖ്യമന്ത്രി ആശയവിനിമയം നടത്തുന്നുണ്ട്. വൻകിട പദ്ധതികളുടെ പിന്നാലെ പോകുന്നതിന് പകരം ജനങ്ങളുടെ അടിസ്ഥാനാവശ്യങ്ങൾക്ക് സർക്കാർ മുൻഗണന നൽകും. ക്ഷേമ പെൻഷൻ വിതരണം, മാവേലി സ്റ്റോറുകളിൽ സാധനങ്ങളെത്തിക്കുക, ആശുപത്രികളിൽ മരുന്ന് ഉറപ്പാക്കുക, കർഷകരുടെ സംഭരണ വില അടക്കമുളള ആനുകൂല്യങ്ങൾ നൽകുക എന്നിങ്ങനെയാവും മുൻഗണനകൾ. ഇവയ്‌ക്കെല്ലാം പണം വേണം എന്നതിനാൽ എല്ലാ വകുപ്പുകളുടെയും പ്രവർത്തനങ്ങളും പദ്ധതികളും വിലയിരുത്തി അത്യാവശ്യമല്ലാത്തവ ഒഴിവാക്കും. അങ്ങനെ ലഭിക്കുന്ന പണം സർക്കാർ ക്ഷേമ പ്രവർത്തനങ്ങൾക്കായി മാറ്റിവെക്കും.