കോവളം: ഭാര്യാ മാതാവിനെ കഴുത്തിൽ കയറുമുറുക്കി കൊലപ്പെടുത്തിയശേഷം മരുമകൻ കിടപ്പു മുറിയിൽ തൂങ്ങി മരിച്ചു. പൂങ്കുളം വണ്ടിത്തടം മൃഗാസ്പത്രിക്ക് സമീപം ശ്രീഭവനിലെ ഇരുനില കെട്ടിടത്തിൽ വാടകക്ക് താമസിച്ചിരുന്ന സാബുലാൽ(50), പാൽക്കുളങ്ങര സ്വദേശിയും ഇതേ വീട്ടിൽ ഒപ്പം താമസിച്ചിരുന്നതുമായ സി. ശ്യാമള(76) യും ആണ് മരിച്ചത്. തങ്ങളുടെ മരണത്തിൽ ആർക്കും പങ്കില്ലെന്ന് എഴുതിയ ആത്മഹത്യാ കുറിപ്പും സാബുലാലിന്റെ മുറിയിൽ നിന്ന് പോലീസ് കണ്ടെടുത്തിട്ടുണ്ട്. പരേതരായ ബാനുവിന്റെയും കമലാഭായിയുടെയും മകനാണ് സാബുലാൽ. പരേതരായ ശങ്കരന്റെയും ചെല്ലമ്മയുടെയും മകളാണ് ശ്യാമള.
അർബുദം ബാധിച്ച് ചികിത്സയിലായിരുന്ന സാബുലാലിന്റെ ഭാര്യ റീന കഴിഞ്ഞ ജൂൺ മൂന്നിനായിരുന്നു മരിച്ചത്. ജൂലായ് മൂന്ന് ബുധനാഴ്ച ഒരു മാസം പൂർത്തിയായിരുന്നു. ഭാര്യയുടെ വേർപാട് സാബുലാലിനെ മാനസികമായും ശാരീരീകമായും തളർത്തിയിരുന്നു എന്ന് ബന്ധുക്കൾ പറഞ്ഞു. ഇതേ തുടർന്നുളള മാനസികാസ്വാസ്ഥ്യത്തെ തുടർന്നാവാം ഭാര്യയുടെ അമ്മയെ കിടപ്പുമുറിയിൽ വച്ച് പ്ലാസ്റ്റിക്ക് കയറുപയോഗിച്ച് കഴുത്തിൽ മുറുക്കി കൊലപ്പെടുത്തിയശേഷം സാബുലാൽ ആത്മഹത്യ ചെയ്തതെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.
വ്യാഴാഴ്ച രാവിലെ 6.30- ഓടെയാണ് സമീപവാസികളും നാട്ടുകാരും സംഭവമറിയുന്നത്. സംഭവത്തിന് മുൻപ് സാബുലാൽ ഭാര്യ റീനയുടെ വലിയമ്മയുടെ മകൾ വഞ്ചിയൂരിൽ താമസിക്കുന്ന ബിന്ദുവിന്റെ വാട്ട്‌സ് ആപ്പിൽ എട്ടുപേജുളള ആത്മഹത്യാക്കുറിപ്പ് എഴുതി അയച്ചിരുന്നു. “ഭാര്യയുടെ വേർപാട് തന്നെ തളർത്തുന്നു. പിടിച്ചുനിൽക്കാനാവുന്നില്ല. അതിനാൽ എനിക്കൊപ്പം അമ്മയെയും കൂട്ടുന്നു. എല്ലാത്തിനും മാപ്പ് “എന്നുളള കുറിപ്പാണ് അയച്ചിരുന്നത്. ഇത് എന്റെ അടുത്ത സുഹ്യത്തായ ശ്രീകാന്തിനും അയച്ചുകൊടുക്കണമെന്നുമായിരുന്നു അയച്ച ആത്മഹത്യ കുറിപ്പിൽ എഴുതിയിരുന്നത്.
രാവിലെ ഏഴോടായാണ് ബിന്ദു വാട്ട്‌സ് ആപ്പിൽ ഈ സന്ദേശം കാണുന്നത്. ഇത് കണ്ട് ഭയപ്പാടിലായ ബിന്ദു ഉടൻ തന്നെ സാബുലാലിന്റെ മൊബൈൽ ഫോണിൽ ബന്ധപ്പെട്ടു. എന്നാൽ, മൊബൈൽ ഫോൺ സ്വിച്ച് ഓഫായിരുന്നു. ഇതേ തുടർന്ന് സാബുലാലിന്റെ വീട്ടിൽ സഹായത്തിനായി ഏർപ്പെടുത്തിയിരുന്ന ജോലിക്കാരി ബീനയോട് അവിടത്തെ വീട്ടിൽ പെട്ടെന്ന് പോകണണെന്ന് വിളിച്ചറിയിച്ചു. ബീനയെത്തിയപ്പോൾ വീടിന്റെ മുൻവാതിലും മുറികളിലെയും വാതിലുകൾ കുറ്റിയിടാതെ ചാരിയിട്ട നിലയിലായിരുന്നു. വീടിനുളളിൽ കയറിയ ബീന കണ്ടത് താഴത്തെ കിടപ്പുമുറിയിൽ കട്ടിലിനു താഴെ തറയിൽ കഴുത്തിൽ കയറുമുറുക്കിയ നിലയിൽ ശ്യാമളയുടെ മൃതദേഹമാണ്. സംശയത്തെ തുടർന്ന് ഇവർ സാബുവിനെ വിളിച്ചുവെങ്കിലും പ്രതികരണമില്ല. ഇതേ തുടർന്ന് മുകളിലത്തെ നിലയിലെത്തിയപ്പോൽ കിടപ്പുമുറിയിലെ ഫാനിൽ സാബുലാലിനെ തൂങ്ങിമരിച്ച നിലയിലും കണ്ടു. പരിഭ്രാന്തിയോടെ ഇവർ നിലവിളിച്ചുകൊണ്ട് സമീപവാസികളെ വിവരമറിയിച്ചു. വഞ്ചിയൂരിലുളള ഇവരുടെ ബന്ധു ബിന്ദുവിനെയും ഫോണിൽ കാര്യമറിയിച്ചു. തുടർന്ന് കോവളം പോലീസിലും വിവരമറിയിക്കുകയായിരുന്നു.
കോവളം എസ്.എച്ച്. ഒ. സജീവ് ചെറിയാൻ, എസ്.ഐ.മാരായ സുരഷ്‌കുമാർ, മുനീർ, എസ്.സി.പി.ഒ. ശ്യാം കൃഷ്ണൻ, സി.പി.ഒ. വിനിത എന്നിവരുടെ നേത്യത്വത്തിലുളള പോലീസ് സംഘം സ്ഥലെത്തി. തുടർന്ന് കിടപ്പുമുറികളിൽ കണ്ട മൃതദേഹങ്ങൾ പരിശോധന നടത്തി. ഫൊറൻസിക് ഉദ്യോഗസ്ഥർ സ്ഥലതെത്തി തെളിവുകൾ ശേഖരിച്ചു. ഇൻക്വസ്റ്റിനുശേഷം മൃതദേഹങ്ങൾ മെഡിക്കൽ കോളേജ് മോർച്ചറിയിലേക്ക് മാറ്റി. കോവളം പോലീസ് കേസെടുത്തു. സാബുലാലിന് കുട്ടികളില്ലായിരുന്നു എന്ന് ബന്ധുക്കൾ പറഞ്ഞു. ഫൈനാർട്‌സ് കോളേജിൽ നിന്ന് ബിരുദമെടുത്തശേഷം ചിത്രകലാ രംഗത്തും അഭിനയ നാടക സംഘത്തിലും പ്രവർത്തിച്ചിരുന്നു. ഇന്റീരിയർ ഡിസൈനറായിരുന്നു.