കോളേജ്‌ പ്രിൻസിപ്പലിന്റെ മർദനത്തിൽ എസ്‌.എഫ്‌.ഐ നേതാവിന്റെ കേൾവി നഷ്ടമായി

Share our post

കോഴിക്കോട്‌ : ‘ഇടതുചെവിയിൽ ഇപ്പോഴും ഒരു മൂളലാണ്‌. ശബ്ദം വരുന്ന ഭാഗത്തേക്ക്‌ വലതുചെവി തിരിച്ചുവേണം കേൾക്കാൻ. ആറുമാസത്തെ ചികിത്സകഴിഞ്ഞും ശരിയായില്ലെങ്കിൽ ശസ്‌ത്രക്രിയ വേണ്ടിവരും’ ഗുരുദേവ കോളേജ്‌ പ്രിൻസിപ്പലിന്റെ മർദനത്തിൽ ഇടതുചെവിയുടെ കർണപുടം തകർന്ന എസ്‌.എഫ്‌.ഐ ഏരിയാ പ്രസിഡന്റ്‌ ബി.ആർ അഭിനവ്‌ പറഞ്ഞു.കോളേജിൽ പ്രവേശന ഹെൽപ്പ്‌ ഡെസ്‌ക്‌ ഇടാൻ അനുവദിക്കാത്ത വിഷയം സംസാരിക്കാനെത്തിയ അഭിനവിനെ തിങ്കൾ പകൽ പതിനൊന്നരയോടെയാണ്‌ പ്രിൻസിപ്പൽ സുനിൽ ഭാസ്‌കറും സ്റ്റാഫ് സെക്രട്ടറി കെ.പി രമേശനും ചേർന്ന്‌ മർദിച്ചത്‌. ‘പ്രവേശന കാലത്ത്‌ വിദ്യാർഥികൾക്ക്‌ സഹായത്തിന്‌ എല്ലായിടത്തും എസ്‌.എഫ്‌.ഐ ഹെൽപ്പ്‌ ഡെസ്‌ക്‌ ഒരുക്കാറുണ്ട്‌. നവാഗതർക്കും പ്രവേശനത്തിന്‌ എത്തുന്നവർക്കും ഏറെ ആശ്വാസമാണിത്‌. ഗുരുദേവ കോളേജിൽ ഇതിന്‌ അനുമതി നൽകിയില്ലെന്ന്‌ അറിഞ്ഞാണ്‌ അധികൃതരോട്‌ സംസാരിക്കാൻ പോയത്‌. തുടക്കംമുതൽ മോശമായാണ്‌ പ്രിൻസിപ്പൽ പെരുമാറിയത്‌. ‘നീയാരാടാ, ഇറങ്ങിപ്പൊക്കോണം’ എന്നൊക്കെ പറഞ്ഞുതുടങ്ങിയ അദ്ദേഹം മോശമായ പദപ്രയോഗങ്ങളും നടത്തി.

വിദ്യാർഥികളോട്‌ ഇങ്ങനെ പെരുമാറരുതെന്ന്‌ പറയേണ്ടിവന്നു. അപ്പോൾ കൈയിലുണ്ടായിരുന്ന ഫോൺ ഉപയോഗിച്ച്‌ മുഖത്ത്‌ ആഞ്ഞടിച്ചു. ഇടതുചെവിക്കടക്കമാണ്‌ അടിയേറ്റത്‌’ അഭിനവ്‌ പറഞ്ഞു. പ്രിൻസിപ്പൽ മർദിക്കുന്നതിന്‌ കോളേജിലെ വിദ്യാർഥികളും അധ്യാപകരും ഉൾപ്പെടെ ദൃക്‌സാക്ഷികളാണ്‌. പ്രിൻസിപ്പലിനോടൊപ്പം അഭിനവിനെ ചുമരിൽ ചാരിനിർത്തി മർദിച്ച സ്റ്റാഫ് സെക്രട്ടറി കെ പി രമേശൻ പയ്യോളി നഗരസഭയിലേക്ക്‌ മത്സരിച്ച ബിജെപി–ആർ.എസ്എസ് പ്രവർത്തകനാണ്‌. അപ്രതീക്ഷിതമായി അടി കിട്ടിയപ്പോൾ അഭിനവ് പ്രിൻസിപ്പലിനെ തള്ളിമാറ്റിയിരുന്നു. ആ വീഡിയോ ദൃശ്യം മാത്രമെടുത്ത്‌ എഡിറ്റ്‌ ചെയ്‌ത്‌ പ്രിൻസിപ്പലിനെ മർദിക്കുന്നുവെന്ന്‌ വരുത്തി നവമാധ്യമങ്ങൾക്കും ചാനലുകൾക്കും എത്തിക്കുകയായിരുന്നു. വീഡിയോയുടെ ആദ്യഭാഗം ഹാജരാക്കാൻ കൊയിലാണ്ടി പൊലീസ് പ്രിൻസിപ്പലിനോട് ആവശ്യപ്പെട്ടുവെങ്കിലും നൽകിയിട്ടില്ല.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!