പടിയൂര്‍ പൂവം കടവിൽ കാണാതായ വിദ്യാര്‍ത്ഥിനിയുടെ മൃതദേഹം കണ്ടെത്തി

ഇരിട്ടി : പടിയൂര്‍ പൂവം കടവിൽ ചൊവ്വാഴ്‌ച വൈകീട്ട് ഒഴുക്കിൽപ്പെട്ട് കാണാതായ രണ്ട് വിദ്യാർഥിനികളിൽ ഒരാളുടെ മൃതദേഹം കണ്ടെത്തി. എടയന്നൂർ ഹഫ്സത്ത് മൻസിലിൽ ഷഹര്‍ബാന (28)യുടെ മൃതദേഹമാണ് ഇന്ന് രാവിലെ എട്ടു മണിയോടെ ഒഴുക്കില്‍പ്പെട്ട സ്ഥലത്ത് നിന്നും 300 മീറ്റര്‍ അകലെ നിന്നും കണ്ടെത്തിയത്. മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി പരിയാരം മെഡിക്കൽ കോളജ് ആസ്പത്രിയിലേക്ക് മാറ്റി. ഷഹർബാനക്കൊപ്പം കാണാതായ ചക്കരക്കല്ല് നാലാംപീടിക ശ്രീലക്ഷ്മി ഹൗസിൽ സൂര്യക്ക് (23) വേണ്ടി തിരച്ചിൽ തുടരുകയാണ്. ഇന്നലെ സന്ധ്യയോടെ എത്തിയ 30 അംഗ എൻ.ഡി.ആർ.എഫ് സംഘവും രാവിലെ മുതൽ തിരച്ചിലിലുണ്ട്.
എടയന്നൂർ ഹഫ്സത്ത് മൻസിലിൽ പരേതനായ മുഹമ്മദ് കുഞ്ഞിയുടേയും അഫ്സത്തിന്റെയും മകളാണ് ഷഹർബാന. വിവാഹിതയാണ്. ഏതാനും മാസം മുമ്പാണ് പിതാവ് മരണപ്പെട്ടത്. ചക്കരക്കല്ല് നാലാംപീടികയിലെ ശ്രീലക്ഷ്മി ഹൗസിൽ പ്രതീഷിന്റെയും സൗമ്യയുടെയും മകളാണ് സൂര്യ.
ഇരിക്കൂർ സിഗ്ബ കോളജിലെ ബി.എ സൈക്കോളജി അവസാനവർഷ വിദ്യാർഥിനികളായ ഷഹർബാനയെയും സൂര്യയെയും ചൊവ്വാഴ്‌ച വൈകീട്ട് അഞ്ച് മണിയോടെയാണ് പൂവം പുഴയിൽ കാണാതായത്. കോളജിൽ പരീക്ഷ കഴിഞ്ഞ ശേഷം സഹപാഠിയായ പടിയൂർ സ്വദേശിനി ജസീനയുടെ വീട്ടിലെത്തിയതായിരുന്നു ഇരുവരും. ഇവിടെ നിന്ന് ചായ കുടിച്ച ശേഷം പുഴയോരത്ത് ഫോട്ടോ എടുക്കാനായി പോയതായിരുന്നു. മൊബൈൽഫോണിൽ ചിത്രങ്ങളും വീഡിയോയും പകർത്തിയശേഷം പൂവത്തെ കുറ്റൻ ജലസംഭരണിക്ക് സമീപം ഇരുവരും പുഴയിലിറങ്ങി.
കരയിൽനിന്ന് ജസീന ഇവരുടെ ഫോട്ടോ എടുത്തിരുന്നു. വിദ്യാർഥിനികൾ പുഴയിലിറങ്ങുന്നത് ശ്രദ്ധയിൽപെട്ട മീൻപിടിക്കുന്നവരും ജലസംഭരണിക്ക് മുകളിലുണ്ടായിരുന്ന വാട്ടർ അതോറിറ്റി ജീവനക്കാരനും ഇവരെ വിലക്കിയെങ്കിലും നിമിഷങ്ങൾക്കകം ഒഴുക്കിൽപ്പെട്ട് മുങ്ങിത്താഴുകയായിരുന്നു. ഇരുവരും മുങ്ങിത്താഴുന്നത് കണ്ട് അലറിവിളിച്ച ജസീന ബോധരഹിതയായി. വിദ്യാർഥിനികളിൽ ഒരാൾ മീൻപിടിക്കുന്നവരുടെ വലയിൽപെട്ടെങ്കിലും വലിച്ച് പുറത്തെത്തിക്കാൻ ശ്രമിക്കുന്നതിനിടെ വലയിൽനിന്ന് വേർപെട്ടു പോവുകയായിരുന്നു. പുഴയിൽ രണ്ട് ദിവസമായുള്ള തിരച്ചിൽ ഇന്നും തുടരുകയാണ്.