ഇംഗ്ലീഷ് അധ്യാപക നിയമനത്തിന് അനുമതി

തിരുവനന്തപുരം : സംസ്ഥാനത്തെ സർക്കാർ, എയ്‌ഡഡ് സ്‌കൂളുകളിൽ ആവശ്യമായി വരുന്ന എച്ച്.എസ്.ടി ഇംഗ്ലീഷ് അധ്യാപക തസ്‌തിക താൽക്കാലികമായി സൃഷ്ടിച്ച് ദിവസവേതനാടിസ്ഥാനത്തിൽ നിയമനം നടത്താൻ മന്ത്രിസഭാ അനുമതി. ഇംഗ്ലീഷിന് പിരീയഡ് അടിസ്ഥാനത്തിൽ തസ്‌തിക നിർണയം നടത്താനാണ് നിർദേശം.
സർക്കാർ സ്‌കൂളുകളിൽ അധിക തസ്‌തികകളിൽ എച്ച്.എസ്.ടി ഇംഗ്ലീഷ് അധ്യാപകരെ ക്രമീകരിച്ചശേഷം ബാക്കിയുള്ള തസ്‌തികകളിൽ ദിവസവേതനാടിസ്ഥാനത്തിൽ നിയമനം നടത്തും. എയ്‌ഡഡ് സ്‌കൂളുകളിൽ എച്ച്.എസ്.ടി ഇംഗ്ലീഷ് അധിക തസ്‌തികകളിൽ അതേ മാനേജ്മെന്റിൽ തസ്‌തിക നഷ്ടം വന്ന് പുറത്തുപോയവരെയും ചട്ടപ്രകാരമുള്ള അവകാശികളെയും കെ.ഇ.ആർ ചട്ടപ്രകാരം മറ്റ് സ്‌കൂളുകളിലെ സംരക്ഷിതാധ്യാപകരെയും പുനർവിന്യസിക്കും. ബാക്കിയുള്ളവയിൽ ദിവസവേതനാടിസ്ഥാന നിയമനം നൽകും.
നിലവിൽ സ്‌കൂളുകളിൽ ഇംഗ്ലീഷ് കോർ വിഷയത്തിലാണ് ഉൾപ്പെടുത്തിയിരുന്നത്. ഇതുവഴി ആറാം തസ്‌തികയായിട്ടാണ് ഇംഗ്ലീഷിനെ അധ്യാപക നിയമനത്തിന് പരിഗണന. ഇതിന് മാറ്റംവരുത്തി ഭാഷാ വിഷയമാക്കുന്നതും പരിഗണനയിലുണ്ട്.