അമീബിക് മസ്തിഷ്ക ജ്വരം: ചികിത്സയിലായിരുന്ന ഏഴാം ക്ലാസ് വിദ്യാർഥി മരിച്ചു

ഫറോക്ക് : അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് കോഴിക്കോട് നഗരത്തിലെ സ്വകാര്യ ആസ്പത്രിയിൽ ചികിത്സയിലായിരുന്ന വിദ്യാർഥി മരിച്ചു. രാമനാട്ടുകര ഫാറൂഖ് കോളേജിനു സമീപം ഇരുമൂളിപ്പറമ്പ് അജിത് പ്രസാദ്–ജ്യോതി ദമ്പതികളുടെ മകൻ മൃദുലാണ് (12) മരിച്ചത്. 24 മുതൽ വെന്റിലേറ്ററിലായിരുന്നു. ബുധൻ പുലർച്ചെ മുതൽ വിദേശത്തുനിന്ന് എത്തിച്ച മരുന്ന് നൽകിത്തുടങ്ങിയിരുന്നെങ്കിലും പ്രതികരിച്ചിരുന്നില്ല.
സർക്കാരിന്റെ അടിയന്തര ഇടപെടലിനെ തുടർന്ന് ബുധൻ പുലർച്ചെ രണ്ടോടെയാണ് മരുന്നെത്തിയത്. അരമണിക്കൂറിനകം ആദ്യ ഡോസും തുടർന്ന് പകൽ പതിനൊന്നിന് രണ്ടാമത്തെ ഡോസും കൊടുത്തെങ്കിലും രാത്രി വൈകിയും ആരോഗ്യനിലയിൽ നേരിയ മാറ്റംപോലും ഇല്ലായിരുന്നു. ബുധൻ രാത്രി മരിച്ചു. ഫാറൂഖ് കോളേജ് ഹയർ സെക്കൻഡറി സ്‌കൂൾ ഏഴാം ക്ലാസ് വിദ്യാർഥിയാണ്. സംസ്‌കാരം വ്യാഴാഴ്‌ച. സഹോദരൻ: മിലൻ.